അഡ്‌ലെയ്ഡ് ഓവലിൽ കോഹ്‌ലി- അനുഷ്ക താലികെട്ട്..‍‍‍? കാത്തുകാത്ത് ആരാധകർ
Friday, December 8, 2017 5:00 AM IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും കാമുകി അനുഷ്‌ക ശര്‍മ‍യും അടുത്തയാഴ്ച വിവാഹിതരാകുമെന്ന് വാർത്തകൾ പരക്കുന്നതിനിടെ വിവാഹത്തിന്, ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് ഓവൽ സ്റ്റേഡിയം വേദിയായേക്കുമെന്ന് റിപ്പോർട്ടുകൾ.

ക്രിക്കറ്റ്-സിനിമാ ലോകവും ആരാധകവൃന്ദവുമെല്ലാം ഉറ്റുനോക്കുന്ന താരവിവാഹത്തിനു വേദിയൊരുക്കാൻ തങ്ങൾ തയാറാണെന്ന് അഡ്‌ലെയ്ഡ് ഓവൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ സിഇഒ ആൻഡ്രു ഡാനിയൽസ് പറഞ്ഞു. കോഹ്‌ലി മികച്ച പ്രകടനങ്ങൾക്ക് വേദിയായ സ്റ്റേഡിയം തന്നെ വിവാഹ വേദിയായി തെരഞ്ഞെടുക്കുന്നത് ഏറെ ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതിനോട് പ്രതികരിക്കാൻ കോഹ്‌ലിയോ അനുഷ്കയോ ഇതുവരെ തയാറായിട്ടില്ല. നേരത്തെ, പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇരുവരും ഉടൻ വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. ഉടൻ തന്നെ ഇരുവരും ഇറ്റലിക്കു പറക്കുമെന്നും മിലാനിലായിരിക്കും വിവാഹ ചടങ്ങെന്നുമായിരുന്നു റിപ്പോർട്ടുകൾ.

കോഹ്‌ലിയുടെയും അനുഷ്‌കയുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നും ക്രിക്കറ്റ് താരങ്ങള്‍ക്കായി ഡിസംബര്‍ 21ന് മുംബൈയില്‍ വിവാഹസത്കാരം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അനുഷ്‌കയ്ക്കായി പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി പ്രത്യേക വിവാഹവസ്ത്രം ഒരുക്കിയതായും ഇതിനായി അവർ അനുഷ്കയുടെ വീട്ടിലെത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഈ വാർത്തകൾ എല്ലാം തെറ്റാണെന്ന് അനുഷ്കയോടടുത്ത വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അസംബന്ധമാണെന്നും അതിൽ ഒട്ടും സത്യമില്ലെന്നും നടിയുടെ വക്താവ് വാർത്താ ഏജൻസിയായ പിടിഐയെ അറിയിക്കുകയായിരുന്നു. അതിനിടെയാണ് അഡ്‌ലെയ്ഡ് വിവാഹവേദിയാക്കാൻ ക്ഷണം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന ആഷസ് പരന്പരയിലെ രണ്ടാം ടെസ്റ്റിന് വേദിയായത് അഡ്‌‌ലെയ്ഡ് ഓവലാണ്. രാത്രിയും പകലുമായിട്ടായിരുന്നു രണ്ടാം ടെസ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.