വിലാപയാത്രവേണ്ട, അവനെ സന്തോഷത്തോടെ യാത്രയാക്കണം: മകന്‍റെ മൃതദേഹത്തിനു മുന്നിൽ പതറാതെ ഒരമ്മയുടെ പ്രസംഗം
Thursday, December 14, 2017 4:02 AM IST
നൊന്തുപ്രസവിച്ച മകൻ അകാലത്തിൽ വേർപിരിയുന്ന ദുഃഖം ഒരമ്മയും സഹിക്കില്ല. പക്ഷേ, അരുമമകന്‍റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ നിന്നപ്പോൾ മറിയാമ്മ ഒരു തരിമ്പു പോലും പതറിയില്ല. ഒരു വാക്കു പോലും ഇടറിയില്ല. വിലാപയാത്രയല്ലാതെ സന്തോഷത്തോടെ മകനെ യാത്രയാക്കണമെന്നാണ് ആ അമ്മ അവന്‍റെ സഹോദരങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞത്. സഹനങ്ങൾ ദൈവനിശ്ചയമാണെന്ന ഉറച്ച ബോധ്യമായിരുന്നു മറിയാമ്മയെ സ്വന്തം മകന്‍റെ അകാലവിയോഗത്തിനു മുന്നിൽ തളരാതെ നില്ക്കാൻ സഹായിച്ചത്.

വാഹനാപകടത്തിൽ മരിച്ച 25കാരൻ വിനുവിന്‍റെ സംസ്കാര ചടങ്ങുകൾക്ക് മുമ്പ് അമ്മ മറിയാമ്മ നടത്തിയ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വീഡിയോ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ പത്തുലക്ഷത്തോളം പേർ ഇത് കണ്ടുകഴിഞ്ഞു.

മകന്‍റേത് പെടുമരണമല്ലെന്നും അവന് ദൈവം നിശ്ചയിച്ച സമയം അവസാനിച്ചതാണെന്നും ആ തീരുമാനം തിരുത്താൻ ആർക്കുമാകില്ലെന്നുമാണ് അമ്മ 13 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പറഞ്ഞത്. മകനെക്കുറിച്ചുള്ള നല്ല ഓർമകളും മറിയാമ്മ പങ്കുവച്ചു. മകന്‍റെ മുടിയിഴകൾ തഴുകി അവനെ നിത്യതയിലേക്ക് യാത്രയയയ്ക്കുമ്പോഴും തളരാതെ ഉറച്ചുനിന്നു ആ അമ്മമനസ്. സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും വലിയ മാതൃകയായ ഒരു അമ്മയെയാണ് സംസ്കാരചടങ്ങിനെത്തിയവർ കണ്ടത്. പാണ്ടിശേരിഭാഗം ഗവ. എൽപി സ്കൂൾ അധ്യാപികയാണ് മറിയാമ്മ ജേക്കബ്.




കഴിഞ്ഞ അഞ്ചിന് ചെങ്ങന്നൂരിലാണ് വിനുവിന്‍റെ മരണത്തിലേക്ക് നയിച്ച ആ അപകടമുണ്ടായത്. വിനു സഞ്ചരിച്ചിരുന്ന ബൈക്ക് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാഷ്മീർ‌ മുതൽ കന്യാകുമാരി വരെ റിക്കാർഡ് വേഗത്തിൽ കാറോടിച്ച വിനു ലിംക ബുക്കിലും ഇടംപിടിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.