പാതിരാത്രി ഒറ്റയ്ക്കായ പെൺകുട്ടിക്ക് കാവലിരുന്ന് കെഎസ്ആർടിസി; കൈയടിച്ച് കേരളം
Monday, June 11, 2018 3:13 PM IST
കെഎസ്ആര്‍ടിസി ബസിലെ നന്മനിറഞ്ഞ കഥകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കെഎസ്ആര്‍ടിസി ബസ് ഒരു പെണ്‍കുട്ടിക്ക് സംരക്ഷകനായി മാറിയ കഥയാണ് ജനശ്രദ്ധ നേടുന്നത്. ആതിര ജയന്‍ എന്ന യുവതി ഒരു രാത്രിയിൽ തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് കെഎസ്ആർടിസി വീണ്ടും ഹീറോയായത്. വിജനമായ സ്ഥലത്ത് ഇറങ്ങിയ യുവതിയെ ഒറ്റയ്ക്കാക്കാതെ, സഹോദരൻ എത്തുന്നതു വരെ കാവലിരിക്കുകയാണ് ബസ് ജീവനക്കാർ ചെയ്തത്.

ആ കഥ ഇങ്ങനെ… കോയമ്പത്തൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റിലെത്തിയ ആതിര പുലര്‍ച്ചെ ഒന്നരയ്ക്ക് കൊല്ലം ചവറ ശങ്കരമംഗലത്തെ സ്റ്റോപ്പിൽ ബസിറങ്ങി. എന്നാൽ കൂട്ടിക്കൊണ്ടു പോകാൻ എത്തേണ്ടിയിരുന്ന സഹോദരനെ അവിടെ കണ്ടില്ല. വിജനമായ സ്ഥലത്ത് അർധരാത്രി ഒറ്റയ്ക്ക് നില്ക്കേണ്ട സാഹചര്യം. ഈ സമയത്താണ് കെഎസ്ആര്‍ടിസി ബസും യാത്രക്കാരും ആതിരക്ക് കൂട്ടിരുന്നത്. ഒടുവിൽ സഹോദരന്‍ എത്തിയതോടെ ബസ് യാത്രതുടരുകയായിരുന്നു.

ജോലിസ്ഥലമായ അങ്കമാലി അത്താണിയിൽനിന്നു രാത്രി 9.30നു ബസിൽ കയറിയതായിരുന്നു ആതിര. മഴ കാരണം സഹോദരൻ വൈകിയതിനാലാണു സ്റ്റോപ്പിലിറങ്ങിയപ്പോൾ കാത്തിരിക്കേണ്ടിവന്നത്. ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ കഥാനായകന്മാരായ സെൻട്രൽ ഡിപ്പോയിലെ കണ്ടക്ടർ പി.ബി. ഷൈജുവിനും ഡ്രൈവർ കെ. ഗോപകുമാറിനും അഭിനന്ദനപ്രവാഹമാണ്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഇരുവര്‍ക്കും അഭിനന്ദനക്കുറിപ്പു നല്‍കി. തിരുവനന്തപുരം ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും ഉന്നത ഉദ്യോഗസ്ഥരും ഫോണില്‍ അഭിനന്ദനമറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.