നദിയിൽ നിലയുറപ്പിച്ച് മൂസ്, പിടികൂടാൻ ചെന്നായ; കിടിലൻ വീഡിയോ
വെള്ളത്തിലിറങ്ങിയ ഭീമൻ മൂസിനെ (ഒരിനം മാൻ) പിടികൂടാൻ ശ്രമിക്കുന്ന ചെന്നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കാനഡയിലെ വടക്കൻ ഒന്‍റാറിയോയിൽ നിന്നാണ് ഈ വീഡിയോ. സൂസെന്‍റ് മേരി നദിയിൽ ഇറങ്ങിനില്ക്കുന്ന മൂസിനെ കണ്ട ചെന്നായ വെള്ളത്തിലിറങ്ങി അതിനെ പിടികൂടാൻ ശ്രമിക്കുകയാണ്.

ചെന്നായയേക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട് മൂസിന്. എന്നാൽ, വിശന്നുവലഞ്ഞ ചെന്നായയ്ക്ക് അതൊന്നും പ്രശ്നമല്ലായിരുന്നു. നീന്തിവന്ന് മൂസിന്‍റെ കാലിൽ കടിച്ചുതൂങ്ങി. ചെന്നായയെ ചവിട്ടിത്തെറിപ്പിച്ചു കളയാൻ മൂസ് ആവുന്നത് പരിശ്രമിച്ചിട്ടും വിജയിച്ചില്ല. ഒടുവിൽ ഒരുവിധം രക്ഷപെട്ട മൂസ് നദിയുടെ നടുഭാഗത്തേക്കു നീങ്ങി. കുറേ ദൂരം ചെന്നായ പിന്നാലെ പോയെങ്കിലും ആഴം കൂടുന്നുവെന്ന് മനസിലായതോടെ പതിയെ പിൻവാങ്ങി. രക്ഷപെട്ട മൂസ് നദി കടന്ന് പോകുകയും ചെയ്തു.

നദിയുടെ മുകളിൽ നിന്ന് ഡ്രോൺ ഉപയോഗിച്ചാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. നദിയുടെയും കാടിന്‍റെയും സമീപത്തെ റെയിൽ ട്രാക്കിന്‍റെയും മനോഹരദൃശ്യങ്ങളും വീഡിയോയിൽ കാണാം.