ഉൽപന്നങ്ങൾ ഉപഭോക്താവിൻറെ കണ്ണിൽപ്പെട്ടാൽ മാത്രം പോരാ, ആഴത്തിൽ പതിയണം. ഒറ്റനോട്ടത്തിൽ തന്നെ വാങ്ങാനുറച്ച് കൈയിലെടുക്കണം. ഭക്ഷ്യവസ്തുക്കളാണെങ്കിൽ സുരക്ഷിതത്വവും ഫ്രഷ്നസും ഫീൽ ചെയ്യണം. അധികം വളച്ചു കെട്ടാതെ പറഞ്ഞാൽ, നിറവും മണവും ഗുണവും മാത്രമല്ല അത് എങ്ങനെ പായ്ക്ക് ചെയ്തിരിക്കുന്നു എന്നതും ഒരുൽപന്നത്തിൻറെ വിപണിയെ ബാധിക്കുമെന്നു സാരം. ഇവിടെയാണ് കലയും ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന പാക്കേജിൻറെ പ്രസക്തി.
പാക്കേജിംഗിൽ ഒട്ടേറെ പുതിയ ആശയങ്ങൾ രൂപമെടുക്കുകയാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ തൊഴിലവസരങ്ങളും വർധിക്കുകയാണ്. ഇതു മുന്നിൽക്കണ്ട് 1966ൽ ആരംഭിച്ചതാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് (ഐഐപി). ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് കോൽക്കത്ത, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്നു.
പിജി ഡിപ്ലോമ കോഴ്സ്: പാക്കേജിംഗ് രംഗത്തു പ്രഫഷണൽ പരിശീലനം നേടിയവരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1985ലാണു കോഴ്സ് ആരംഭിച്ചത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് തുടങ്ങിയ വിഷയങ്ങൾക്കുപുറമെ പ്രൊഡക്ഷൻ, പ്ലാനിംഗ്, മെറ്റീരിയൽസ്, മാർക്കറ്റിംഗ്, ഫിനാൻസ് തുടങ്ങിയ മാനേജ്മെൻറ് ശാഖകളിലും പരിശീലനം നൽകുന്നു.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മൈക്രോ ബയോളജി, ബയോകെമിസ്ട്രി, അഗ്രിക്കൾച്ചർ, ഫുഡ് സയൻസ്, പോളിമെർ സയൻസ്, എൻജിനിയിറിംഗ്, ഫാർമസി എന്നിവയിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 2017 മേയ് 31ന് 25 വയസ് കവിയരുത്. നാലു സെമസ്റ്ററുകളുള്ള രണ്ടു വർഷത്തെ കോഴ്സിന് മുംബൈ-280, ഡൽഹി-100, കോൽക്കത്ത-80, ഹൈദരാബാദ്-40 സീറ്റുകളാണുള്ളത്. എഴുത്തു പരീക്ഷയുടെയും ഇൻറർവ്യുവിൻറെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ജൂണ്‍ 15ന് മുംബൈ, കോൽക്കത്ത, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു കേന്ദ്രങ്ങളിൽ വച്ചാണ് എഴുത്തു പരീക്ഷ. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എൻജിനിയറിംഗ് മേഖലകളിൽ നിന്നു 80 ചോദ്യങ്ങൾ അടങ്ങുന്ന രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതാണു പരീക്ഷ. ജൂണ്‍ ഒന്‍പതിനകം അപേക്ഷിക്കണം. ഒരു സെമസ്റ്ററിൽ 65000 രൂപയാണ് ട്യൂഷൻ ഫീസ്.
ഡിപ്ലോമ ഇൻ പാക്കിംഗ്: ഏഷ്യൻ പാക്കേജിംഗ് ഫെഡറേഷൻറെ അംഗീകാരത്തോടെ വിദൂര പഠന രീതിയിൽ നടത്തുന്ന കോഴ്സാണ് ഡിപ്ലോമ ഇൻ പാക്കിംഗ്. 18 മാസം ദൈർഘ്യമുള്ള കോഴ്സ് സാധാരണ ജനുവരിയിലാണ് ആരംഭിക്കുന്നത്. സയൻസ്, എൻജിനിയറിംഗ്, കൊമേഴ്സ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. മുംബൈ കാന്പസിൽ മൂന്നു മാസത്തെ ഇൻറൻസീവ് ട്രെയിനിംഗ് കോഴ്സ് ഇൻ പാക്കേജിംഗും ഒരു മാസത്തെ ഈവനിംഗ് കോഴ്സും നടത്തുന്നുണ്ട്. വെബ്സൈറ്റ്: http:// www. iipin.com. ഫോണ്‍: 91222821 9803 / 6751 / 9469