ഏകജാലക രീതിയിലുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷകൾ ഈ മാസം 22 വരെ സമർപ്പിക്കാം. പൊതു പരീക്ഷയിൽ ഡി പ്ലസ് ഗ്രേഡോ തത്തുല്യമായ മാർക്കോ വാങ്ങിയവർക്കു വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിൽ നിർദിഷ്ഠ സ്ഥാനത്ത് വിദ്യാർഥിയും രക്ഷാകർത്താവും ഒപ്പുവച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന് യഥാസമയം സമർപ്പിക്കണം. വെരിഫിക്കേഷൻ സമയത്ത് 25 രൂപ ഫീസ് അടയ്ക്കണം.
ട്രയൽ അലോട്ട്മെന്റ് 29 നു നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കി ജൂണ്‍ 14 ന് പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കും. മുഖ്യ അലോട്ട്മെന്റിനു ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ അവശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 22 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും
ഒന്നിൽ കൂടുതൽ അപേക്ഷ വേണ്ട
യാതൊരു കാരണവശാലും ഒരു റവന്യൂ ജില്ലയിലേയ്ക്ക് വിദ്യാർഥി ഒന്നിൽ കൂടുതൽ അപേക്ഷകൾ മെരിറ്റ് സീറ്റിലേയ്ക്കു സമർപ്പിക്കരുത്. ഒന്നിലധികം റവന്യൂ ജില്ലകളിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷ സമർപ്പിക്കുന്പോൾ അക്നോളജ്മെന്റ് സ്ലിപ്പ് പ്രിൻസിപ്പൽ ഒപ്പുവെച്ച് അപേക്ഷകന് തിരികെ നല്‍കും. സ്ഥിരം പ്രവേശം ലഭിക്കുന്നതുവരെ ഇത് സൂക്ഷിക്കണം. അപേക്ഷയോടൊപ്പം എസ്എസ്എൽസി, തത്തുല്യ പരീക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബോണസ് പോയിന്റ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ അവകാശപ്പെടുന്ന പക്ഷം അവയുടെ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. ഇത്തവണ എസ്എസ്എൽസി (കേരളാ) വിജയിച്ച വിദ്യാർഥികൾ അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ട് ഹാജരാക്കിയാൽ മതി.
അപേക്ഷാ സമർപ്പണം
ഏറെ ശ്രദ്ധയോടെ തിരക്കു കൂട്ടാതെ അപേക്ഷകൾ സമർപ്പിക്കാൻ ശ്രദ്ധിക്കണം. ഏകജാലക പ്രവേശന സംവിധാനത്തിനായുള്ള വെബ്പോർട്ടൽ അഡ്രസ് www.hscap.kerala.gov.in എന്നതാണ്. ഹോം പേജിലെ Apply Online ടാബിനു താഴെയുള്ള public ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ പേജിൽ അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന ജില്ല, യോഗ്യതാ പരീക്ഷയുടെ സ്കീം, രജിസ്റ്റർ നന്പർ, മാസം, വർഷം, ജനന തീയതി എന്നിവ നൽകിയശേഷം Mode of Fee payment സെലക്ട് ചെയ്യണം. അപേക്ഷാഫീസ് രണ്ടുവിധത്തിൽ അടയ്ക്കാം. ഓണ്‍ലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും അപേക്ഷിക്കുന്ന ജില്ലയിൽ ഏതെങ്കിലും സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ സമർപ്പിക്കണം. ഇക്കൂട്ടർ അപേക്ഷാ ഫീസ് നേരിട്ട് ആ സ്കൂളിൽ അടച്ചാൽ മതിയാകും (Cash paid to school). അപേക്ഷിക്കുന്ന ജില്ലയിൽ നേരിട്ട് അപേക്ഷയുടെ പ്രിന്റൗട്ട് സമർപ്പിക്കുവാൻ കഴിയാത്തവർ മാത്രം ഡിഡി മുഖാന്തിരം അപേക്ഷാഫീസ് അടച്ചതിനുശേഷം മാത്രം അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാൻ ആരംഭിക്കണം.
ബോണസ് പോയിന്റ്
അപേക്ഷകന്റെ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എൻസിസിയിലെ പ്രാതിനിധ്യം, സ്കൗട്ടിൽ നേടിയ പുരസ്കാരങ്ങൾ, നീന്തൽ അറിവ്, ജവാന്റെ ആശ്രിതനായിരിക്കുക, പത്താം ക്ലാസിൽ പഠിച്ച സ്കൂൾ എന്നീ വിവരങ്ങൾ ഇവയെല്ലാം ബോണസ് പോയിന്റുകൾ ലഭിക്കുമെന്നതുകൊണ്ട്ശരിയായിത്തന്നെ രേഖപ്പെടുത്തണം. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം ലഭിക്കില്ല.
ഹയർ സെക്കൻഡറി പ്രവേശനത്തിന് 12 കാറ്റഗറികൾ ഉണ്ട്. എസ്എസ്എൽസിയിലെ ജാതിവിവരങ്ങൾ അനുബന്ധം രണ്ടുമായി ഒത്തുനോക്കി ഉറപ്പുവരുത്തിയശേഷം ജാതി, കാറ്റഗറി രേഖപ്പെടുത്തണം.
ഇഷ്ട ഓപ്ഷൻ ആദ്യം
വിദ്യാർഥി പഠിക്കാനാഗ്രഹിക്കുന്ന ഒരു സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോന്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോന്പിനേഷനും ആദ്യ ഓപ്ഷനായി നൽകണം. ആദ്യ ഓപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോന്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നൽകണം. ഇങ്ങനെ കൂടുതൽ ഇഷ്ടപ്പെടുന്ന ഓപ്ഷനുകൾ ആദ്യമാദ്യം വരുന്ന രീതിയിൽ ക്രമീകരിക്കണം.ഓപ്ഷനുകൾ നൽകുന്പോൾ അപേക്ഷകന്റെ മാർക്കിനും ഗ്രേഡ് പോയിന്റിനുമനുസരിച്ച് ലഭിക്കാൻ സാധ്യതയുള്ള സ്കൂളുകളും കോന്പിനേഷനുകളും തെരഞ്ഞെടുത്താൽ ആദ്യ അലോട്ട്മെന്റുകളിൽതന്നെ പ്രവേശനം ലഭിക്കും. പഠിക്കാനുദ്ദേശിക്കുന്ന സ്കൂളുകളിലെ കഴിഞ്ഞവർഷത്തെ അവസാന റാങ്ക് വിവരങ്ങൾ പരിശോധിച്ച് സാധ്യത മനസിലാക്കി ഓപ്ഷൻ കൊടുക്കുന്നതാണ് ഉചിതം.
ആവശ്യമുള്ളത്ര ഓപ്ഷനുകൾ നൽകിക്കഴിഞ്ഞ് സബ്മിറ്റ് ചെയ്യുന്പോൾ അപേക്ഷയുടെ മൊത്തം വിവരങ്ങൾ പരിശോധനയ്ക്ക് ലഭ്യമാകും. ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി ഫൈനൽ കണ്ഫർമേഷൻ നടത്തി ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം പൂർത്തിയാക്കണം. അപേക്ഷാ വിവരങ്ങൾ അന്തിമമായി സമർപ്പിച്ചുകഴിഞ്ഞശേഷം വിദ്യാർഥിയും രക്ഷാകർത്താവും ഒപ്പുവച്ച അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയും അനുബന്ധ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വെരിഫിക്കേഷനായി സമർപ്പിക്കണം. ഡിഡി ആയി ഫീസ് അടച്ച് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നവർ വെരിഫിക്കേഷനായി അനുബന്ധം ഏഴിൽ നിർദേശിച്ചിരിക്കുന്ന സ്കൂൾ പ്രിൻസിപ്പലിന് അപേക്ഷയും സ്വയംസാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും അപേക്ഷാ ഫീസായ 25 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും അയച്ചുകൊടുക്കേണ്ടതാണ്.
അല്ലാത്തവർ ജില്ലയിലെ ഏതെങ്കിലും ഒരു സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയും അനുബന്ധ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വെരിഫിക്കേഷനായി സമർപ്പിക്കുന്ന സമയത്ത് അപേക്ഷയുടെ ഫീസായ 25 രൂപയും അടയ്ക്കണം. ഓണ്‍ലൈനായി സമർപ്പിച്ച അപേക്ഷകൾ സ്കൂളുകളിൽ നിന്നു വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ അലോട്ട്മെന്റിനായി പരിഗണിക്കുകയുള്ളൂ.
തെറ്റു തിരുത്താം
അപേക്ഷയിലെ വിവരങ്ങൾ വെബ്സൈറ്റ് മുഖേന പരിശോധിക്കാൻ അപേക്ഷകർക്ക് അവസരം ലഭിക്കും. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ അഡ്മിഷൻ പോർട്ടൽ സന്ദർശിച്ച് അപേക്ഷ കാണുന്നതിനുള്ള view your application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ നന്പറും ജനന തീയതിയും ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താൽ വിദ്യാർഥിയുടെ അപേക്ഷാ വിവരങ്ങൾ കാണാം.
അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്നത് മുതൽ അപേക്ഷാ വിവരങ്ങൾ പരിശോധിക്കാം. അപേക്ഷകൾ സ്കൂളിൽ ലഭിക്കുന്നമുറയ്ക്ക് സ്കൂൾ അധികൃതർ വെരിഫിക്കേഷൻ ചെയ്യും. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ അപേക്ഷകൾ നൽകിയ സ്കൂളിലെ പ്രിൻസിപ്പലിനെ നിശ്ചിത സമയത്തിനുള്ളിൽ രേഖാമൂലം അറിയിക്കേണ്ടതും തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തി എന്ന് ഉറപ്പാക്കേണ്ടതുമാണ്.
ശരിയായ അലോട്ട്മെന്റുകൾ ആരംഭിക്കുന്നതിന് മുന്‍പ് ഒരു ട്രയൽ അലോട്ട്മെന്റ് ഉണ്ടായിരിക്കും. ട്രയൽ അലോട്ട്മെന്റ് എല്ലാ അപേക്ഷകരും പരിശോധിക്കണം. തെറ്റുകൾ തിരുത്തുവാനും ഓപ്ഷനുകൾ മാറ്റാനും ഈ ഘട്ടത്തിലും സാധിക്കും. തെറ്റുകൾ തിരുത്താനുള്ള അവസാന അവസരമായിരിക്കുമിത്. തെറ്റായി വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദ് ചെയ്യുകയും അങ്ങനെയുള്ള അപേക്ഷകരുടെ പ്രവേശന സാധ്യത ഇല്ലാതാകുകയും ചെയ്യുന്നതാണ്. അതിനാൽ അപേക്ഷാ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടത് അപേക്ഷകരുടെ സ്വന്തം ഉത്തരവാദിത്വമാണ്.
അലോട്ട്മെന്റ് പ്രക്രിയ
രണ്ട് അലോട്ട്മെന്റുകൾ അടങ്ങുന്ന മുഖ്യ അലോട്ട്മെന്റ് പ്രക്രിയയ്ക്കുശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടത്തും. മുഖ്യ അലോട്ട്മെന്റ് പ്രക്രിയ അവസാനിക്കുന്നതോടെ താത്കാലിക പ്രവേശനത്തിൽ തുടരുന്ന വിദ്യാർഥികൾ പ്രവേശനം നിർബന്ധമായി സ്ഥിരപ്പെടുത്തണം. എന്നാൽ മുഖ്യ അലോട്ട്മെന്റ് പ്രക്രിയ അവസാനിച്ചിട്ടും കൂടുതൽ ഇഷ്ടപ്പെട്ട സ്കൂളും കോന്പിനേഷനും ലഭിക്കാത്തവർക്ക് സ്കൂൾ മാറ്റത്തിനോ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് സ്കൂൾ/കോന്പിനേഷൻ മാറ്റങ്ങൾ അനുവദിച്ചശേഷം മാത്രമായിരിക്കും സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടത്തുക.
സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിക്കുന്നതിന് മുന്‍പ് ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്ട്മെന്റുകളിലൊന്നിലും ഇടംനേടാൻ കഴിയാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റുകളിലേയ്ക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കണം. അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകൾ പുതുക്കി നൽകണം. സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ/കോന്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി തെരഞ്ഞെടുക്കുവാൻ കഴിയുകയുള്ളൂ.
ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചാൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് പ്രവേശനം നേടാം.
ഉയർന്ന ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്നവർ താത്കാലിക പ്രവേശനം നേടിയാൽ മതി. തെരഞ്ഞെടുത്ത ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാനുള്ള സൗകര്യവും ഉണ്ട്. താത്കാലിക പ്രവേശനം നേടുന്നവർ അടുത്ത അലോട്ട്മെന്റുകളിൽ ഹയർ ഓപ്ഷൻ ലഭിച്ചാൽ പുതിയ അലോട്ട്മെന്റിലേയ്ക്ക് നിർബന്ധമായി മാറണം.
സ്പോർട്സ് ക്വോട്ട പ്രവേശനം
സ്പോർട്സ് ക്വാട്ട അഡ്മിഷൻ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സ്പോർട്സ് ക്വാട്ട പ്രവേശനം രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓണ്‍ലൈൻ സംവിധാനത്തിലാണ്. ആദ്യഘട്ടത്തിൽ സ്പോർട്സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ അതത് ജില്ലാ സ്പോർട്സ് കൗണ്‍സിലുകളിൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ അധികാരികൾ ഓരോ വിദ്യാർഥിയുടെയും സ്പോർട്സ് സർട്ടിഫിക്കറ്റ് വിവരങ്ങൾ പ്രത്യേക ഓണ്‍ലൈൻ സംവിധാനത്തിലൂടെ വെരിഫിക്കേഷൻ നടത്തുന്പോൾ തന്നെ ഒരു സ്കോർ കാർഡ് ഓരോ വിദ്യാർഥിക്കും ജനറേറ്റ് ചെയ്യപ്പെടും. രണ്ടാംഘട്ടത്തിൽ പ്ലസ് വണ്‍ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് സ്പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം.
പ്ലസ് വണ്‍ പ്രവേശനത്തിന് വിവിധ
ക്വോട്ടായിൽ ലഭ്യമായ സീറ്റുകൾ
( സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ്, ആകെ എന്ന ക്രമത്തിൽ)
ഏകജാലകം മെരിറ്റ്: 144504- 63000 -87444-294948
മാനേജ്മെന്റ് ക്വോട്ടാ: 25080-8364-13188-46632
കമ്യൂണിറ്റി ക്വോട്ടാ: 13776-4476-7248-25500
അണ് എയ്ഡഡ്: 3582- 6438-1581-55830
ആകെ: 216942-82278- 123690- 422910
പ്രധാന തീയതികൾ
അപേക്ഷിക്കാനുള്ള അവസാന ദിവസം - മേയ് 22
ട്രയൽ അലോട്ട്മെന്റ് - മേയ് 29
ആദ്യ അലോട്ട്മെന്റ് -ജൂണ്‍ അഞ്ച്
ക്ലാസുകൾ ആരംഭിക്കുന്നത് ജൂണ്‍ 14 ന്
പ്രവേശനം അവസാനിപ്പിക്കുന്നത് ജൂലൈ 22
സ്പോർട് ക്വോട്ട പ്രവേശനം
സ്പോർട്സ് മികവ് രജിസ്ട്രേഷനും
വെരിഫിക്കേഷനും ഈ മാസം 18 വരെ
ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ടത് 19-05-2017
അപേക്ഷാ സമർപ്പണത്തിനുള്ള അവസാന
തീയതി 30-05-2017
സ്പോർട് ക്വോട്ടാ ഒന്നാം ഘട്ട അലോട്ട്മെന്റ 06-06-2017
അവസാനഘട്ട അലോട്ടമെന്റ് 12-06-2017