കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ 2017ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കു കേന്ദ്രസർക്കാരിന്റെ കീഴിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന പരീക്ഷയാണിത്. ഗ്രൂപ്പ് ബി,സി വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്, ഇൻകം ടാക്സ് ഇൻസ്പെക്ടർ, സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, ഡിവിഷണൽ അക്കൗണ്ടന്റ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2, ഓഡിറ്റർ, ജൂണിയർ അക്കൗണ്ടന്റ്, ടാക്സ് അസിസ്റ്റന്റ, അപ്പർ ഡിവിഷൻ ക്ലാർക്ക്, കംപയിലർ തസ്തികകളിലേക്കാണു നിയമനം. ടയർ വണ്‍, ടയർ ടു എന്നിങ്ങനെ രണ്ടു ഘട്ടമായാണു തെരഞ്ഞെടുപ്പ്. ടയർ വണ്ണിൽ യോഗ്യത നേടുന്നവരെ ടയർ ടു പരീക്ഷയ്ക്കു ക്ഷണിക്കും. വിശദവിവരം വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 16.
യോഗ്യത: കംപയിലർ, സ്റ്റാറ്റിസ്റ്റിക്കൽ, ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 തസ്തിക ഒഴികെയുള്ളവയ്ക്ക് ബിരുദം/തത്തുല്യ യോഗ്യത വേണം. അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്കു കംപ്യൂട്ടർ യോഗ്യത കൂടി വേണം.
കംപയിലർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് അല്ലെങ്കിൽ ഇക്കണോമിക്സ് എന്നിവയിലേതെങ്കിലും നിർബന്ധമായി പഠിച്ചിരിക്കണം. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സ്റ്റാറ്റിസ്റ്റിക്സ് ബിരുദം വേണം. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയമായി പഠിച്ച് മാത്തമാറ്റിക്സ്/ഇക്കണോമിക്സ്/കൊമേഴ്സ് എന്നിവയിലേതെങ്കിലുമൊരു ബിരുദം.
ഇൻസ്പെക്ടർ (സെൻട്രൽ എക്സൈസ്/എക്സാമിനർ/ പ്രിവന്റീവ് ഓഫീസർ/ഇൻസ്പെക്ടർ/ സബ്ഇൻസ്പെക്ടർ തസ്തികളിലേക്ക് അപേക്ഷിക്കുന്നവർക്കു മികച്ച ശാരീരിക യോഗ്യതകൾ വേണം. പുരുഷൻമാർക്ക് ഉയരം 157.5 സെമീ, നെഞ്ചളവ് 81 സെമീ, അഞ്ചു സെ.മീ വികാസം. 15 മിനിറ്റിൽ 1.6 കിലോമീറ്റർ നടത്തം. 30 മിനിറ്റിൽ എട്ടു കിലോമീറ്റർ സൈക്ലിംഗ് എന്നീ ശാരീരിക യോഗ്യതാ പരീക്ഷകൾ നടത്തും. വനിതകൾക്കു 152 സെ.മീ ഉയരവും 48 കിലോഗ്രാം ശരീരഭാരവും വേണം. 20 മിനിറ്റിൽ ഒരു കിലോമീറ്റർ നടത്തം. 25 മിനിറ്റിൽ മൂന്നു കിലോമീറ്റർ സൈക്ലിംഗ് എന്നിവ നടത്തും.
പ്രായം: 2017 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
നിലവിൽ യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി. 2017 ഫെബ്രുവരി 15ന് 15 വർഷം സർവീസുള്ള പത്താം ക്ലാസ് പാസായ വിമുക്ത ഭടൻമാർക്കു ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം.
അപേക്ഷാഫീസ്: 100 രൂപ. സ്ത്രീകൾ/പട്ടികവിഭാഗം/വികലാംഗർ/വിമുക്തഭടന്മാർക്ക് ഫീസില്ല. ഓഫ്ലൈനായി അപേക്ഷിക്കുന്നവർ ഒറ്റ സെൻട്രൽ റിക്രൂട്ട്മെന്റ് ഫീ സ്റ്റാന്പ് മുഖേന മാത്രം ഫീസടയ്ക്കുക. മറ്റുള്ളവ സ്വീകരിക്കില്ല. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നവർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ഫീസടയ്ക്കണം.
പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നാം ഘട്ട പരീക്ഷയ്ക്കു കേന്ദ്രമുണ്ട്. ബംഗളൂരു, മംഗളൂരു, ഗുൽബർഗ, ധർവാർ എന്നിവയാണ് അടുത്തുള്ള മറ്റു പരീക്ഷാകേന്ദ്രങ്ങൾ.
തെരഞ്ഞെടുപ്പ്:
1. ഒന്നാം ഘട്ടം എഴുത്തു പരീക്ഷ (ഒബ്ജക്ടീവ്), 2. രണ്ടാം ഘട്ടം എഴുത്തു പരീക്ഷ(ഒബ്ജക്ടീവ്) 3. മൂന്നാം ഘട്ടത്തിൽ ഇന്റർവ്യൂ/പേഴ്സണാലിറ്റി ടെസ്റ്റ് കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ് അല്ലെങ്കിൽ സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം:www.ssconline.nic.in അല്ലെങ്കിൽ www.ssconline2.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം.