ന്യൂജെൻ തരംഗത്തിൽ യുവമനസുകളിൽ പടർന്നു കയറുന്ന കരിയർ ഓപ്ഷനാണ് ഫാഷൻ. വ്യക്തിത്വം വിളിച്ചോതുന്ന കലയായതുകൊണ്ടുതന്നെ സമസ്ത മേഖലയിലും ഒരു ഫാഷൻടച്ച് ആരും കൊതിച്ചുപോകും. അതുതന്നെയാണു ഫാഷന്റെ മർമവും. ടെക്സ്റ്റൈൽ മേഖലയുമായി മാത്രം ബന്ധപ്പെട്ടു നിന്നിരുന്ന ഫാഷൻ പകിട്ട് ഇന്ന് സിനിമ, ടെലിവിഷൻ, നൃത്തം, സംഗീതം, പാദ രക്ഷകൾ, ഫർണിച്ചർ, ടെക്നോളജി തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ദൃശ്യമാണ്.
കലാപരമായ കഴിവും അഭിരുചിയും സാങ്കേതികത്തികവും കൈമുതലായുണ്ടെങ്കിൽ ഫാഷൻ രംഗത്ത് ആശയ രൂപീകരണത്തിലും രൂപകൽപ്പനയിലും വിപണനത്തിലും പുതിയൊരു തരംഗം തന്നെ സൃഷ്ടിക്കാൻ ആർക്കും കഴിയും. ഉപയോക്താവിന്റെ ആവശ്യം മനസിലാക്കി, ഉത്പാദനത്തിന്റെ സാധ്യതകൾ വിശകലനം ചെയ്ത്, വിപണി മൂല്യം വിലയിരുത്തി കൈകാര്യം ചെയ്യുന്ന സങ്കീർണ പ്രക്രിയയാണ് ഫാഷൻ ഡിസൈനർക്കു നിർവഹിക്കാനുള്ളത്. അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതു മുതൽ തുടങ്ങുന്ന ഈ സങ്കീർണത ഒാരോ ഘട്ടത്തിലും വളർന്നു കൊണ്ടിരിക്കും.
ആഭിമുഖ്യമുണ്ടെങ്കിലും അറിവില്ലായ്മ പലപ്പോഴും ഈ രംഗത്തേക്കു ചുവടുവയ്ക്കുന്നവർക്കു വിനയാകുന്നുണ്ടെന്നാണ് കാൽ നൂറ്റാണ്ടിന്റെ അധ്യാപന പരിചയത്തിൽ നിന്നും എനിക്കു മനസിലാകുന്നത്.
ഏതൊക്കെ മേഖലകൾ
വസ്ത്ര നിർമാണ വ്യവസായവുമായി ബന്ധപ്പെട്ടു തന്നെയാണ് ഫാഷൻ വളർച്ച പ്രാപിച്ചു നിൽക്കുന്നത്. ഇന്ത്യൻ സന്പദ് വ്യവസ്ഥയിൽ നിർണായകമായ സ്ഥാനമാണു ടെക്സ്റ്റൈൽ മേഖല വഹിക്കുന്നത്. ആഭ്യന്തര വിപണിയിലും അതുപോലെ കയറ്റുമതിയിലും അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഈ വ്യവസായത്തോടനുബന്ധിച്ച് വിപുലമായ തൊഴിൽ മേഖലയും വളർച്ച പ്രാപിച്ചു നിൽക്കുന്നു.
സ്പെഷലൈസേഷനുകൾ
ഫാഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം -ഡിസൈനിംഗ് (രൂപകൽപ്പന), മേക്കിംഗ് (നിർമാണം), മാർക്കറ്റിംഗ് (വിപണനം). ഡിസൈനിംഗുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലാണ് ആശയ രൂപീകരണം പ്രധാനമായും ഉൾപ്പെടുന്നത്. പ്രൊഡക്ഷൻ വിഭാഗത്തിലാണ് മേക്കിംഗ്. മാനേജ്മെന്റ് പഠനത്തിലാണ് മാർക്കറ്റിംഗ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളിലെല്ലാം പ്രാവീണ്യം തരുന്ന ഡിഗ്രി, ഡിപ്ലോമ, ബിരുദാനന്തര ബിരുദ, ഹ്രസ്വകാല കോഴ്സുകൾ ഇന്നുണ്ട്. അസംസ്കൃത സാധനങ്ങൾ വാങ്ങുന്നത്, വിപണനം, പ്രൊഡക്ട് മാനേജ്മെന്റ്, സപ്ലൈചെയിൻ മാനേജ്മെന്റ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ് തുടങ്ങി ഫാഷനുമായി ബന്ധപ്പെട്ട സമസ്ത മേഖലകളും സ്പർശിക്കുന്ന കോഴ്സുകളാണു പല സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്. ഓരോ കോഴ്സുകളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഈ രംഗത്തേക്കു കടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടും. ആദ്യം വിഷ്വൽ മർച്ചൻഡൈ സിംഗ് അഥവാ വിഎം എന്താണെന്നു നോക്കാം.
ദൃശ്യവിരുന്ന്
വിപണി കൊഴുപ്പിക്കാൻ ദൃശ്യ വിരുന്നൊരുക്കുക (Visual Merchandising-vm) എന്നത് ഇന്ന് എല്ലാ ബിസിനസിന്റെയും ആണിക്കല്ലായി മാറിക്കഴിഞ്ഞു. വസ്ത്ര വിപണിയിൽ വിൻഡോ ഡിസ്പ്ലെയും ഇൻഡോർ ഡിസ്പ്ലെയും കണ്ടു ശീലിച്ചവർക്കു മുന്നിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെയും മറ്റും കണ്ണഞ്ചിപ്പിക്കുന്ന ആർഭാടം അതിശയിപ്പിക്കുന്നതായി. കച്ചവട സ്ഥാപനങ്ങളിൽ മാത്രമല്ല ഇ -ടെയ്ലർമാരും ബാങ്കുകൾ പോലും ഇടപാടുകാരെ ആകർഷിക്കാൻ കാഴ്ചയുടെ വഴി സ്വീകരിച്ചു കഴിഞ്ഞു. ആശയവും അഭിനിവേശവും ഉള്ളവർക്ക് ആകാശം മാത്രമാണ് ഈ മേഖലയിൽ അതിരെന്നു ചുരുക്കം.
ബ്രാൻഡഡ് സ്റ്റോറുകളുടെയും മാളുകളുടെയും വരവോടെയാണ് കാഴ്ചവിരുന്നൊരുക്കി കച്ചവടം കൊഴുപ്പിക്കുന്ന പ്രവണത കൂടിവന്നത്. അതോടെ ഇതൊരു പ്രത്യേക പ്രഫഷനായി വളരുകയും പ്രഫഷണൽ യോഗ്യത നേടിയവർക്കു നല്ലൊരു കരിയർ ഓപ്ഷനായി മാറുകയും ചെയ്തു. കലാപരമായ കഴിവു മാത്രമല്ല ശാസ്ത്രത്തിന്റെയും സൗന്ദര്യത്തിന്റെയുമെല്ലാം ഒരു സങ്കലനമാണു കൈമുതലായി വേണ്ടത്. അതുകൊണ്ടു തന്നെ പ്രത്യേക പരിശീലനം നേടേണ്ടത് അനിവാര്യവുമാണ്. ബിസിനസിന് ബ്രാൻഡ് ഇമേജ് നേടിത്തരുന്നത് വിഎം പ്രഫഷണലിന്റെ കരവിരുതാണ്.
എവിടെ പഠിക്കണം
പല സ്ഥാപനങ്ങൾ ഇത്തരം കോഴ്സുകൾ സ്വതന്ത്രമായും വിപണനം, കമ്യൂണിക്കേഷൻ, മാനേജ്മെന്റ് എന്നിവയുടെ ഭാഗമായും പഠിപ്പിക്കുന്നുണ്ട്. കലയും ശാസ്ത്രവും സമന്വയിക്കുന്ന പാഠ്യപദ്ധതിയാണു മികച്ച സ്ഥാപനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സൃഷ്ടിപരമായ കഴിവും വർണം, വെളിച്ചം എന്നിവയോടുള്ള താത്പര്യവും സൗന്ദര്യബോധം എന്തിനോടും ശാസ്ത്രീയ സമീപനവുമുള്ളവർക്കു കൈവയ്ക്കാവുന്ന മികച്ച പ്രഫഷനാണിതെന്നു നിസംശയം പറായാം. ദ്വിമാന, ത്രിമാന തലങ്ങളിൽ ചിന്തിക്കാനുള്ള കഴിവു കൂടിയുണ്ടെങ്കിൽ ആർക്കും ഇവിടെ ചുവടുറപ്പിക്കാം.
ഫ്രീലാൻസറായും മികച്ച ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളിൽ തൊഴിൽ നേടുകയുമാകാം. ഉപഭോക്തൃ വിപണി അനുദിനം വളരുകയും കന്പനികളും മറ്റും ബ്രാൻഡിംഗിലും മറ്റും ശ്രദ്ധയൂന്നുകയും കൂടുതൽ മെഗാ ഇവന്റുകൾക്ക് രാജ്യം വേദിയാകുകയും ചെയ്യുന്നതോടെ വന്പിച്ച തൊഴിലവസരമാണ് ഈ മേഖലയിൽ വരാനിരിക്കുന്നത്.
എവിടെ പഠിക്കണം എന്നു ചിന്തിക്കുന്പോൾ മികച്ച പ്രവർത്തന പാരന്പര്യവും അധ്യാപക മികവും പ്ലേസ്മെന്റ് സാധ്യതയും വിലയിരുത്തി വേണം തെരഞ്ഞടുപ്പ്. കോഴ്സിന്റെ ദൈർഘ്യവും ശ്രദ്ധിക്കേണ്ട കാര്യമാണ്. എൻഐഎഫ്ടി ഈ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 30 വർഷമായി നടത്തുന്ന പ്രധാന കോഴ്സാണ് മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ്. കൂടാതെ ഫാഷൻ റീട്ടെയിൽ മാനേജ്മെന്റ്, ഗാർമെന്റ് എക്സ്പോർട്ട് മർച്ചെൻഡൈസിംഗ് മാനേജ്മെന്റ്, ഇ-ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും പല തലത്തിൽ വിഷ്വൽ മർച്ചെൻഡൈസിംഗിനു പ്രാധാന്യം നൽകുന്നതാണ്.
(അടുത്ത ആഴ്ച തുടരും)
എന്ഐഎഫ്ടി: മികവിന്റെ കേന്ദ്രം
ഫാഷൻ ലോകത്തിലെ മാറ്റങ്ങൾ നൂതന സാങ്കേതികത്വത്തിന്റെ സഹായത്തോടെ പഠിക്കാൻ അവസരമൊരുക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി). കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പിന്റെ കീഴിൽ 1986 ൽ സ്ഥാപിതമായ എൻഐഎഫ്ടി അന്താരാഷ്ട്ര തലത്തിൽ മുന്തിയ 20 ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.ഫാഷൻ മേഖലയിലെ മികച്ച സ്ഥാപനമാണ്. തിരുവനന്തപുരം കളക്ടറും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന ശാരദാ മുരളീധരൻ ഡയറക്ടർ ജനറലായ എൻഐഎഫ്ടിക്ക് കണ്ണൂർ ഉൾപ്പടെ ഇന്ത്യയിലുടനീളം 16 സെന്ററുകളാണുള്ളത്. ന്യൂയോർക്കിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എഫ്ഐടി) യുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് സമർഥരായ വിദ്യാർഥികൾക്ക് അമേരിക്കയിൽ നിന്നും ഇരട്ട ബിരുദം നേടുന്നതിനും സൗകര്യമുണ്ട്. വിവിധ സെന്ററുകൾ വൈവിധ്യമാർന്ന ഡിപ്ലോമ കോഴ്സുകളും അവതരിപ്പിക്കുന്നുണ്ട്. ഒരു വർഷം മുതൽ രണ്ടു വർഷം വരെ കാലാവധിയുള്ള കോഴ്സുകളാണ് ഇവിടെയുള്ളത്. പ്ലസ്ടുക്കാർക്കുള്ള ഡിപ്ലോമ പൂർത്തിയാക്കുന്നവർക്ക് ബിരുദ പ്രോഗ്രാമിലേക്കു ലാറ്ററൽ എൻട്രി സ്കീമിലൂടെ പ്രവേശനം നേടുകയും ചെയ്യാം. ഡിസൈൻ, മാനേജ്മെന്റ്,ടെക്നോളജി മേഖലയിൽ വൈദഗ്ധ്യം പകർന്നു നൽകുന്നതിനു എൻഐഎഫ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന ഹ്രസ്വകാല കോഴ്സുകളും ഏറെ പ്രചാരമുള്ളതാണ്. ന്യൂഡൽഹി കേന്ദ്രത്തിലും നിഫ്റ്റിന്റെ ഉപകേന്ദ്രങ്ങളിലുമായാണു കോഴ്സുകൾ നടത്തുന്നത്. ഒരു വർഷം, ആറു മാസം, അതിൽ താഴെ കാലാവധിയുള്ള കോഴ്സുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൻഐഎഫ്ടി പ്രവേശനത്തിന് ഡിസംബർ
ഒന്പതു വരെ അപേക്ഷിക്കാം.
വെബ്സൈറ്റ്: www.nift.ac.in.
ഡോ. സിബിച്ചൻ മാത്യു
(പ്രഫസർ, നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ന്യൂഡൽഹി)
ഇക്കണോമിക്സിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഗവേഷണ ബിരുദം നേടിയ ശേഷം ആംസ്റ്റർഡാമിലെ സ്കൂൾ ഓഫ് ഫാഷൻ മാനേജ്മെന്റ് ആൻഡ് ഡിസൈനിൽ നിന്നും ഫാഷൻ മാനേജ്മെന്റിൽ സ്പെഷലൈസേഷനോടു കൂടി പഠനം പൂർത്തിയാക്കി. നെതർലൻഡ്സിലെ സോട്ടർമീറിലുള്ള സെന്റർ ഫോർ റീട്ടെയിൽ റിസർച്ച്, മിലാനിലെ സെസ്കോം എന്നിവിടങ്ങളിൽ നിന്നും റിട്ടെയ്ൽ റിസർച്ചിൽ പരിശീലനം നേടിയിട്ടുണ്ട്. എൻഐഎഫ്ടിയിൽ ഫാഷൻ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് മേധാവിയാണ്.