പൃഥ്വിയുടെ വിമാനം പൂർത്തിയായി
Thursday, August 10, 2017 7:32 AM IST
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം വിമാനത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. താരം തന്നെയാണ് ഫേസ്ബുക്കിൽ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും പൃഥ്വി പങ്കുവച്ചു. നവാഗതനായ പ്രദീപ് നായർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, സ്വയം വിമാനം നിർമിച്ച് പറപ്പിച്ച ഭിന്നശേഷിക്കാരനായ തൊടുപുഴക്കാരൻ സജി തോമസിനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.

മംഗലാപുരത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഡൽഹിയും മറ്റൊരു ലൊക്കേഷനാണ്. പന്ത്രണ്ട് കോടിയോളം മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വി വിമാനം പറത്തുന്ന രംഗങ്ങളുമുണ്ടാകും.

വിമാനവും അതിന്‍റെ പറക്കലും പ്രമേയമാക്കിയുള്ള ഒരു പ്രണയ ചിത്രമാണ് വിമാനം. പുതുമുഖം ദുർഗാ കൃഷ്ണയാണ് നായിക. സുധീർ കരമന, നെടുമുടി വേണു, പ്രവീണ, ലെന, മേജർ രവി, അശോകൻ, കുഞ്ചൻ, നിസാർ അഹമ്മദ്, അനാർക്കലി, ഗിന്നസ് പക്രു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ഗോപിസുന്ദറാണ് സംഗീതം നൽകുന്നത്. മാജിക് ഫ്രെയിംസിനായി ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമിക്കുന്നു.