"മൂന്നര' ത്രില്ലർ; ചിത്രീകരണം പുരോഗമിക്കുന്നു
Monday, September 11, 2017 3:25 AM IST
താരപരിവേഷങ്ങൾ ഒന്നുമില്ലാതെ മലയാളത്തിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുകയാണ്. സർക്കസിൽ നിന്നും വിരമിച്ച മൂന്നര അടി മാത്രം ഉയരമുള്ള ഭാര്യാഭർത്താക്കന്മാരായ മണി-അച്ചു ദന്പതികളുടെ ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിന്‍റെ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്നത് സൂരജ് എസ്. കുറുപ്പാണ്. എ.എൽ.എസ് പിക്ചേഴ്സിന്‍റെ ബാനറിൽ ഷീജ ബിനു, സുമിത തിരുമുരുകൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മൂന്നര അടി മാത്രം ഉയരമുള്ള അറുമുഖൻ ആലപ്പുഴയും മഞ്ജുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അദ്ഭുതദ്വീപ് എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ നടനാണ് അറുമുഖൻ. ലോകസിനിമയിൽ തന്നെ ഇത്തരത്തിൽ രണ്ടു പേർ ഒരു സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് ഇതാദ്യമായിരിക്കുമെന്നാണ് അണിയറക്കാരുടെ അവകാശവാദം.

പി. ബാലചന്ദ്രൻ, ഡോ. ബിനു ജോസ്, കൃഷ്ണകുമാർ, ഹരീഷ് പേരടി, കോട്ടയം റഷീദ്, അംബിക മോഹൻ, നീബ ബാല, ദിവ്യ എന്നിവരും ചിത്രത്തിൽ അണിനിരക്കും. ഷന്പങ്കി ആനന്ദ് ഛായാഗ്രാഹണവും പി.സി.മോഹൻ എഡിറ്റിംഗും നിർവഹിക്കും. കോയന്പത്തൂരിൽ ചിത്രീകരണം തുടരുന്ന മൂന്നര ഒറ്റ ഷെഡ്യൂളിൽ പൂർത്തീകരിക്കാനാണ് അണിയറക്കാരുടെ നീക്കം.