"പശു' ഫസ്റ്റ് പോസ്റ്റർ പുറത്തിറക്കി
Friday, September 15, 2017 6:55 AM IST
പ്രശസ്ത ഛായാഗ്രാഹകൻ എം.ഡി.സുകുമാരൻ സംവിധാനം ചെയ്യുന്ന "പശു' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറക്കി. ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി പശു കേന്ദ്ര കഥാപാത്രമായ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറക്കിയത് കാളയാണ്. ചടങ്ങ് നിർവഹിക്കാൻ അണിയറക്കാർ കാശി എന്ന കാളയെ കണ്ടെത്തുകയായിരുന്നു.

ആർ.എൽ.വി പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ തീയറ്ററുകളിൽ എത്തും. ഏബ്രഹാം മാത്യുവിന്‍റെ കഥയ്ക്ക് സംവിധായകനും കഥാകൃത്തും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കിയാണ് ചിത്രം റിലീസിന് തയാറെടുക്കുന്നത്.

ഒരു പശു മനുഷ്യനിലുണർത്തുന്ന കൊടുങ്കാറ്റാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്‍റെ ജീവൻ തുടിക്കുന്ന കഥ പറയുന്ന ചിത്രത്തിൽ നന്ദു, കലാശാല ബാബു, റോയ് മലമാക്കൽ, ഉണ്ണി ചിറ്റൂർ, അനിയപ്പൻ, രവീന്ദ്രൻ, പ്രീതി, നിഷ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സാലു ജോർജ് ഛായാഗ്രാഹണവും പി.സി.മോഹനൻ എഡിറ്റിംഗും നിർവഹിക്കുന്നു.

കോട്ടയം ജില്ലയുടെ മലയോര മേഖലയായ മുണ്ടക്കയം, പുലിക്കുന്ന്, കൂട്ടിക്കൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എൽ.ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. പിആർഒ ഏബ്രഹാം ലിങ്കൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.