വി.കെ.പ്രകാശിന്‍റെ ബഹുഭാഷ ചിത്രം "പ്രാണ' തുടങ്ങി
Saturday, October 7, 2017 3:24 AM IST
വി.കെ.പ്രകാശിന്‍റെ ബഹുഭാഷ ചിത്രം "പ്രാണ'യുടെ ചിത്രീകരണം തുടങ്ങി. റസൂൽ പൂക്കുട്ടി, ഛായാഗ്രാഹകൻ പി.സി.ശ്രീറാം, ലൂയിസ് ബാങ്ക് തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിന്‍റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. തെന്നിന്ത്യൻ നായിക നിത്യാമേനോനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീറാം ഒരിടവേളയ്ക്ക് ശേഷം മലയാള ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്ന എന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദ നിയന്ത്രണം നിർവഹിക്കുന്നത്. ലോക പ്രശസ്ത ജാസ് വിദഗ്ധൻ ലൂയി ബാങ്ക്സാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്.ത്രില്ലർ സ്വഭാവത്തിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് രാജേഷ് ജയരാമനാണ്. ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ഇന്ത്യയിൽ ആദ്യമായി സിങ്ക് സൗണ്ട് സറൗണ്ട് ഫോർമാറ്റ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരേസമയം ചിത്രീകരിക്കുകയാണ്.

എസ്.രാജ് പ്രൊഡക്ഷൻസ്, റിയൽ സ്റ്റുഡിയോ എന്നീ ബാനറുകളിൽ അനിത രാജ്, പ്രവീൺ എസ്. കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് സെൻട്രൽ പിക്ചേഴ്സാണ്.