അത് ഉറപ്പിച്ചു! കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടനും
Monday, January 8, 2018 7:21 PM IST
നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയിൽ ചരിത്രകഥാപാത്രമായി മോഹൻലാൽ‌ എത്തും. നിവിൻ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ലാലേട്ടനു മാത്രം ചെയ്യാൻ കഴിയുന്ന വേഷമാണിതെന്നും അദ്ദേഹത്തിന്‍റെ വരവിനായി അണിയറപ്രവർത്തകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിവിൻ പോളി അറിയിച്ചു. മോഹൻലാലിനൊപ്പമുള്ള പഴയ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ എത്തുമെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. കമല്‍ ഹാസനു വേണ്ടി കരുതിവച്ച ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹൻലാലിന് നല്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്തായാലും ഇപ്പോൾ സൂപ്പർതാരം എത്തുന്ന വാർത്ത നിവിൻ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ നിവിന്‍റെയും മോഹന്‍ലാലാലിന്‍റെയും ആരാധകർ ഏറെ ആവേശത്തിലാണ്.

ബോബി സഞ്ജയ് ടീമിന്‍റെ തിരക്കഥയിലാണ് കായംകുളം കൊച്ചുണ്ണി ഒരുങ്ങുന്നത്. പ്രിയ ആനന്ദാണ് നായിക. സണ്ണി വെയ്ന്‍ , ബാബു ആന്‍റണി തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രം ഈ വർഷം പകുതിയോടെ തിയേറ്ററുകളില്‍ എത്തും.