ചങ്കല്ല, ചങ്കിടിപ്പാണ്..! "മോഹൻലാൽ' ടീസർ ലോഞ്ച് ചെയ്തു
Monday, February 19, 2018 11:13 AM IST
മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മോഹൻലാലിന്‍റെ ടീസർ ലോഞ്ചിംഗ് നടത്തി. കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ ചിത്രത്തിലെ പ്രധാനതാരങ്ങളായ മഞ്ജു വാര്യരും ഇന്ദ്രജിത്തും പങ്കെടുത്തു. ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകർക്ക് ചിത്രം സമർപ്പിക്കുന്നതായി മഞ്ജു വാര്യർ പറഞ്ഞു. മോഹൻലാലിന്‍റെ പ്രശസ്തമായ സേതുമാധവൻ എന്ന കഥാപാത്രത്തിന്‍റെ പേരിൽ ചിത്രത്തിലെത്താൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. ടീസർ ഔദ്യോഗികമായി റിലീസ് ചെയ്തെങ്കിലും സെൻസറിംഗുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ബാക്കിയുള്ളതിനാൽ ചൊവ്വാഴ്ച മാത്രമേ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയുള്ളൂ.



മോഹൻലാലിന്‍റെ കടുത്ത ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നു. അതേസമയം സേതുമാധവൻ എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ് എന്നാണ് പോസ്റ്ററിന്‍റെ ടാഗ് ലൈൻ. സാജിദ് യഹിയയുടെതന്നെ കഥയ്ക്ക് സുനീഷ് വാരനാട് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. മധു മഞ്ജിത്തിന്‍റെ വരികൾക്ക് ടോണി ജോസഫ് ഈണംപകരുന്നു. ചിത്രത്തിന്‍റെ ടൈറ്റിൽ ഗാനം ആലപിക്കുന്നത് ഇന്ദ്രജിത്തിന്‍റെ മകൾ നക്ഷത്രയാണ്. മൈൻഡ് സെറ്റ് മൂവീസിന്‍റെ ബാനറിൽ അനിൽകുമാർ ആണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.