"മാണിക്യ മലരായ പൂവി’ പാടൂ, അഡാര്‍ ലവ് ടീമിനൊപ്പം അഡാര്‍ ഡിന്നര്‍ കഴിക്കാം.!
Thursday, March 8, 2018 12:33 PM IST
ഒമർ ലുലുവിന്‍റെ പുതിയ ചിത്രമായ ഒരു അഡാർ ലവിലെ ഗാനം വൈറലായതിനിടെ ആരാധകർക്കായി ഗാനാലാപന മത്സരവുമായി അണിയറപ്രവർത്തകർ. ചിത്രത്തിന്‍റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്-247ഉമായി ചേര്‍ന്ന് നടത്തുന്ന മത്സരത്തിലെ വിജയിക്ക് ‘ഒരു അഡാറ് ലവ്’ ടീമിന്‍റെ കൂടെ ഡിന്നര്‍ കഴിക്കാന്‍ അവസരം ലഭിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വൈറല്‍ ഗാനമായ ”മാണിക്യ മലരായ പൂവി”യുടെ കവര്‍ പാടി വീഡിയോ oruadaarlovecontest@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയയ്ക്കുകയാണ് വേണ്ടത്. ഗാനങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 21നാണ്. ഒമര്‍ ലുലു തിരഞ്ഞെടുക്കുന്ന വിജയിക്ക് ‘ഒരു അഡാറ് ലവ്’ ടീമിനെ കാണാനും അവര്‍ക്കൊപ്പം ഡിന്നര്‍ കഴിക്കുവാനുമുളള അവസരം ലഭിക്കും.ഒമര്‍ ലുലു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘ഒരു അഡാറ് ലവ്’ പ്ലസ് ടു വിദ്യാര്‍ഥികളുടെ കഥയാണ് പറയുന്നത്. പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേര്‍ന്നാണ്. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണവും അച്ചു വിജയന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഔസേപ്പച്ചന്‍ മൂവി ഹൗസിന്‍റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് 247 ആണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. ഇതിനോടകം അനേകം പേര്‍ പാട്ടുപാടി വീഡിയോ അയയ്‌ച്ചെന്നാണ് ലഭിക്കുന്ന വിവരം.