വെൽഡൺ ക്യാപ്റ്റൻ..!
Friday, February 16, 2018 7:35 PM IST
വി.പി.സത്യന്‍റെ ജീവശ്വാസം നിറഞ്ഞ ഫുട്ബോളുമായാണ് ജയസൂര്യ കളിക്കളത്തിൽ ഇറങ്ങിയത്. മൈതാനത്തിന് അകത്തും പുറത്തും ജയസൂര്യയെ പിന്തുടരാൻ സത്യൻ മറന്നില്ല. ആ പിന്തുടർച്ചകൾ ജയസൂര്യയിൽ പ്രതിഫലിച്ചപ്പോൾ സ്ക്രീനിൽ സത്യന്‍റെ ഫുട്ബോൾ അനുഭവങ്ങൾ തീഗോളം പോലെ തിളങ്ങി.

പേര് എഴുതി കാണിക്കുന്പോൾ മുതൽ പശ്ചാത്തലത്തിൽ മുഴങ്ങിക്കൊണ്ടിരുന്ന ഫുട്ബോൾ കമന്‍ററിയുടെ അകന്പടിയോടെയാണ് കേരളത്തിലെ ആദ്യത്തെ സ്പോർട്സ് ബയോപിക് ചിത്രമായ "ക്യാപ്റ്റൻ' പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സത്യന്‍റെ ജീവിതം തിരശീലയിലെത്തുന്പോൾ ചേർത്തുവയ്ക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. രണ്ടര മണിക്കൂറിനുള്ളിൽ അക്കാര്യങ്ങളെ ഒതുക്കാൻ ശ്രമിച്ചാൽ ആ പന്ത് ഒരിക്കലും വരുതിയിൽ നിൽക്കില്ല. എന്നാൽ പ്രജേഷ് സെൻ എന്ന നവാഗത സംവിധായകൻ ജയസൂര്യയെ ക്യാപ്റ്റനാക്കി പന്ത് നല്ലതുപോലെ വരുതിയിൽ നിറുത്തിയിട്ടുണ്ട്.




മുൻനിരയിൽ ജയസൂര്യ

പിൻനിരയിൽ സത്യനുണ്ടെങ്കിൽ അവനെ മറികടക്കാൻ പാടാണെന്ന് എതിരാളികൾക്ക് നല്ലപോലെ അറിയാം. പക്ഷേ, ക്യാപ്റ്റനിൽ സത്യനെ സംവിധായകൻ മുന്നേറ്റത്തിലേക്ക് നിയോഗിക്കുകയാണ്. 1996-ലെ സാഫ് ഗെയിംസും മരണത്തിലേക്കുള്ള ചൂളംവിളിയുമെല്ലാം കാട്ടിയാണ് സംവിധായകൻ ക്യാപ്റ്റനിലേക്ക് കടക്കുന്നത്. കാൽപന്തുകളിയിലേക്കുള്ള കൊച്ചു സത്യന്‍റെ കടന്നു വരവ് ജയസൂര്യയുടെ മകൻ കൈയടക്കത്തോടെ ചെയ്തിട്ടുണ്ട്. നോണ്‍ ലീനിയർ ആഖ്യാന ശൈലിയിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ലക്കി സ്റ്റാറിലെ പന്തുതട്ടലും പിന്നീട് കേരള പോലീസ് ടീമിലേക്കുമുള്ള സത്യന്‍റെ കടന്നു വരവുമെല്ലാം ചിത്രത്തിൽ മെല്ല മെല്ലേ കടന്നു വരുന്നുണ്ട്. ക്രമമില്ലാതെ മുന്നോട്ടും പിന്നോട്ടുമുള്ള പോക്കിനിടയിൽ ചിത്രത്തിൽ നിരവധി മുഖങ്ങൾ സ്ഥാനം പിടിക്കുന്നുണ്ട്. ഫുട്ബോൾ ഭ്രാന്തനായ മൈതാനമായി എത്തി സിദ്ദിഖ് ചിത്രത്തിൽ ആവേശം വിതറിയപ്പോൾ കോച്ചായി എത്തി രഞ്ജി പണിക്കർ പ്രോത്സാഹനത്തിന്‍റെ മറ്റൊരു മാതൃകയായി. വെറും കളി ആരാധന മാത്രമല്ല, കളിയിലെ കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നൊരാളായി മാറാൻ സിദ്ദിഖിന് അനായാസം സാധിച്ചിട്ടുണ്ട്.



മധ്യനിരയിൽ അനു സിത്താര

സത്യനായി ജയസൂര്യ മാറിയതോടെ അനു സിത്താരയ്ക്ക് അനിതയായി മാറുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഇല്ലായെങ്കിൽ ചിത്രം ബാലൻസിംഗ് ആകില്ല. സത്യന്‍റെ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമായി നിൽക്കുന്ന അനിതയെ അനു തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. വൈകാരിക നിമിഷങ്ങളെ കൈയടക്കത്തോടെ ചെയ്ത അനു സിത്താരയെ കാണുന്പോൾ അത്രമേൽ ആഴത്തിൽ അനിതയെ അവർ മനസിലാക്കിയിട്ടുണ്ടെന്ന് വ്യക്തം.



ഇന്ത്യയിൽ ക്രിക്കറ്റിനുള്ള പ്രാധാന്യം ഫുട്ബോളിന് കിട്ടാതെ പോകുന്ന സാഹചര്യങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഇന്നും രാജ്യത്ത് ഫുട്ബോൾ നേരിടുന്ന പ്രതിസന്ധി സത്യന്‍റെ കാലഘട്ടത്തിന്‍റെ മറപറ്റിയാണ് സംവിധായകൻ ചൂണ്ടിക്കാണിക്കുന്നത്. സൈജു കുറുപ്പ് അവതരിപ്പിച്ച പോലീസ് ഓഫീസറെ സത്യനോടൊപ്പം തന്നെ ചിത്രം കണ്ടിറങ്ങുന്നവർ ഓർത്തിരിക്കും. 19 വർഷങ്ങൾക്ക് ശേഷം കേരളം സന്തോഷ് ട്രോഫി നേടിയത് നാടെങ്ങും ആഘോഷിച്ചത് എങ്ങനെയാണെന്ന് സംവിധായകൻ നന്നായി തന്നെ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.

ഡിഫൻസിൽ പശ്ചാത്തല സംഗീതം

ജയസൂര്യ മൂന്നു ഗെറ്റപ്പുകളിൽ എത്തി വിസ്മയിപ്പിച്ചപ്പോൾ പശ്ചാത്തലത്തിൽ ഉയർന്ന സംഗീതം സത്യന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ പ്രേക്ഷകരുടെ ഉള്ളിലേക്ക് നിറയ്ക്കാൻ ആവോളം സഹായിച്ചു. ഗോപി സുന്ദറാണ് ക്യാപ്റ്റന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. മൈതാനങ്ങളിലെ ഫുട്ബോൾ മത്സരം ഒപ്പിയെടുക്കാൻ റോബി വർഗീസ് രാജ് ശരിക്കും മെനക്കെട്ടിട്ടുണ്ടെന്ന് ചിത്രത്തിലെ ഒരോ കളികൾ കാണുന്പോളും മനസിലാവും.




ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന സത്യന്‍റെ ജീവിതത്തിൽ ജയവും പരാജയവും മാറി മറിഞ്ഞെത്തിയപ്പോഴും ഫുട്ബോളിനെ വിട്ടുകളയാൻ കക്ഷി കൂട്ടാക്കിയിരുന്നില്ല. ആ ജീവിതം ബിഗ് സ്ക്രീനിലേക്ക് പറിച്ച് നട്ടപ്പോഴും സത്യന്‍റെ മനസിലുള്ള ഫുട്ബോൾ ആവേശം അതെ പോലെ പകർത്താൻ സംവിധായകന് കഴിഞ്ഞട്ടുണ്ട്. ചുറ്റും ഇരുട്ട് നിറയുന്പോഴും ചുറ്റുപാടുകളെ കളിക്കളമായി കാണാൻ ആഗ്രഹിച്ച സത്യന്‍റെ അന്ത്യം സംവിധായകൻ തീവണ്ടിയുടെ ചൂളംവിളിക്കും ഗാലറിയിലെ ആരവങ്ങൾക്കും ഇടയിലാക്കി മാറ്റുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കണം ക്യാപ്റ്റൻ...

(ജയസൂര്യ സ്ഫടികം പോലെ തിളങ്ങി തുടങ്ങി)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.