പ്രണയത്തിന്‍റെ വിശുദ്ധ അത്താഴങ്ങൾ
Saturday, July 28, 2018 9:38 PM IST
ഇനിയും വറ്റാത്ത പ്രണയമേ...
നിന്നെ അക്ഷരങ്ങളിൽ കൊരുത്തിടാം
മെഴുതിരി വെട്ടത്തിന്‍റെ ശോഭയിൽ
നിൻ മിഴികൾ തിളങ്ങുന്പോൾ
ഓർമകൾ പതിയെ ഉരുകുന്നു
മനസാം പാനപാത്രത്തിലേക്ക്
ഇറ്റിറ്റ് വീഴുന്നു...


അനൂപ് മേനോന്‍റെ എഴുത്തിനെ ഇങ്ങനെ വർണിക്കാം. പ്രണയം തുളുന്പി നിൽക്കുകയാണ് എന്‍റെ മെഴുതിരി അത്താഴങ്ങളിലെ ഓരോ വാക്കിലും നോട്ടത്തിലും... കാഴ്ചക്കാരന്‍റെ മനസിൽ പ്രണയം പൂത്തുലയും. പ്രണയമുള്ളവരാണെങ്കിലോ ഫോണെടുത്ത് പ്രിയപ്പെട്ടവരെ ചുമ്മാതൊന്ന് വിളിച്ചെന്നിരിക്കും. ആരോടും പറയാത്ത പ്രണയം മനസിൽ സൂക്ഷിക്കുന്നവരാണെങ്കിൽ ഉള്ളിന്‍റെയുള്ളിൽ നൂറുവട്ടം ചിരിച്ചെന്നിരിക്കും.



എന്തൊരു എഴുത്താണിത്... ഈ തണുത്ത അന്തരീക്ഷത്തിൽ ഇത്രമേൽ പ്രണയം നിങ്ങൾ ചൊരിയുന്പോൾ അതിനെ കണ്ടില്ലായെന്ന് നടിക്കുന്നതെങ്ങനെ. എന്‍റെ മെഴുതിരി അത്താഴങ്ങൾ പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്കായിട്ടുള്ള ചിത്രമാണ്. പ്രണയത്തിന്‍റെ സുഖവും നൊന്പരവും അറിഞ്ഞിട്ടുള്ളവർ ഈ അത്താഴത്തിന് കൂടാതെ പോകരുത്.

കഥാപാത്രങ്ങൾ ഒഴുകി നടക്കുന്നൊരു ചിത്രമെന്നു എന്‍റെ മെഴുതിരി അത്താഴങ്ങളെ വിശേഷിപ്പിക്കാം. സൂരജ് തോമസ്, ഈ എഴുത്തിന് ദൃശ്യരൂപം നൽകാൻ നിന്നിലെ സംവിധായകൻ നന്നേ പാടുപെട്ടിട്ടുണ്ടാകും. പ്രണയം പറയാൻ ഊട്ടിയിലെ തണുപ്പിനെയാണല്ലോ നിങ്ങൾ കൂട്ടുപിടിച്ചത്. അത് തന്നെയാണ് നിങ്ങളെ രക്ഷിച്ചതും. കാരണം മഞ്ഞും പ്രണയവും തമ്മിൽ പണ്ടേ നല്ല കെമിസ്ട്രിയാണല്ലോ. ഇതാണ് നിങ്ങൾ ഭംഗിയായി മുതലാക്കിയത്.



സഞ്ജയ് (അനൂപ് മേനോൻ) സ്പെഷൽ കോഴിക്കറിക്കായി കാത്തിരിക്കുന്നവർക്ക് നല്ല വിശപ്പുണ്ടായിരുന്നു. വിശപ്പുണ്ടെങ്കിലും, സ്നേഹം ചാലിച്ച കോഴിക്കറി കിട്ടാൻ അവർ എത്ര കാത്തിരിക്കാനും തയാറുമായിരുന്നു. ഈ കോഴിക്കറി കഴിച്ചാൽ കഴിക്കുന്നവന്‍റെ മനസിൽ പ്രണയം മൊട്ടിടുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതിന് തെളിവുകൾ പലത് അനുഭവസ്ഥരുടെ വാക്കുകളിലൂടെ പുറത്തുവരുന്പോൾ കഥ പതിയെ മുന്നോട്ടു നടന്നു തുടങ്ങും. ഈ പറഞ്ഞതിൽ നിന്നും നായകൻ പാചക വിദഗ്ധനാണെന്ന് മനസിലായി കാണുമല്ലോ, അല്ലേ‍?



ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ഫോണ്‍ കോളിൽ നിന്നാണ് താൻ മറന്നുവെന്ന് സഞ്ജയ് മനസിനെ പറഞ്ഞു പഠിപ്പിച്ച ഓർമകളിലേക്ക് തിരികെ നടക്കുന്നത്. അപ്പോൾ മുതൽ പ്രണയത്തിന്‍റെ മഞ്ഞ് പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങാൻ തുടങ്ങി. ചെറുതണുപ്പിൽ നിന്നും കോടമഞ്ഞിന്‍റെ മനോഹാരിതയിലേക്ക് കഥ വഴുതി മാറുന്നതോടെ പ്രണയം പതിയെ മൊട്ടിട്ടു തുടങ്ങി.

ഒരു പാട്ട് മൂളിക്കൊണ്ട് അഞ്ജലി (മിയ) വരുന്നതോടെയാണ് പ്രണയം വാചാലമാകാൻ തുടങ്ങിയത്. മെഴുകുതിരികളെ സുന്ദരിമാരാക്കി അവയ്ക്ക് മനംമയക്കുന്ന ഗന്ധം നൽകാൻ ഇഷ്ടപ്പെടുന്നവളെ ഒരു പാചക വിദഗ്ധൻ അത്താഴത്തിന് വിളിക്കുന്നതോടെ പ്രണയം കഥയെ തന്‍റെ വഴിയിലൂടെ നടത്തിച്ച് തുടങ്ങും.



വളയ്ക്കാൻ എളുപ്പമെന്ന് കരുതിയ നായികയെ തന്‍റെ വഴിക്ക് കൊണ്ടുവരാൻ പാടുപെടുന്ന നായകനെയാണ് പിന്നീട് കാണാൻ കഴിയുക. പക്വതയേറെയുള്ള അഞ്ജലിയെ മിയ മനസാൽ സ്വീകരിക്കുകയായിരുന്നു. ഇതുവരെ തന്നെ തേടിയെത്തിയ കഥാപാത്രങ്ങളെ എല്ലാം മറന്ന് അഞ്ജലിയായി മിയ മാറിയപ്പോൾ ആ മിഴികളിൽ പ്രണയം തുളുന്പി നിന്നു. ആ പ്രണയം തന്നെയായിരുന്നു ഈ കഥയുടെ നട്ടെല്ല്. സൗഹൃദ വലയം ഭേദിച്ച് പ്രണയ വലയത്തിലേക്ക് വന്നു വീഴുന്ന അഞ്ജലിയെ അത്ര പെട്ടെന്നൊന്നും ആരും മറന്നുപോകില്ല. പ്രണയാക്ഷരങ്ങൾ കൊണ്ട് വാക്കുകളെ വളച്ച് അനൂപ് മേനോൻ ഈ കഥയിലങ്ങോളം ഒഴുകി നടക്കുകയാണ്.



അലൻസിയറും ബൈജുവുമെല്ലാം ഈ കഥയുടെ ഒഴുക്കിനൊപ്പം യാത്ര ചെയ്യുന്നവരാണ്. ലാൽ ജോസും ദിലീഷ് പോത്തനും വി.കെ. പ്രകാശും കഥയുടെ മോടി കൂട്ടാനായി ചില ചെപ്പടിവിദ്യകൾ കാട്ടുന്നുണ്ട്. അതിൽ പ്രധാനം ലാൽ ജോസിന്‍റെ സൈക്കാട്രിക് തന്ത്രങ്ങളാണ്.

പ്രണയം തുളുന്പി നിന്ന കഥയെ പശ്ചാത്തല സംഗീതം വലയം ചെയ്തു നിന്നപ്പോൾ ഒഴുകിയെത്തിയ പാട്ടുകളും ഹൃദയങ്ങളിൽ തങ്ങിനിന്നു. ഇതിനെല്ലാം ഇടയിലും പ്രണയം ശാന്തമായി ഒഴുകിക്കൊണ്ടേയിരുന്നു. പ്രണയത്തിന് മരണമില്ലായെന്ന് സഞ്ജയ്‌യുടെ മുഖഭാവങ്ങളിലൂടെ ഓരോരുത്തർക്കും മനസിലാകുന്നിടത്ത് കഥ പതിയെ ഫുൾ സ്റ്റോപ്പിടുകയാണ്.

(കവിത പോലൊരു ചിത്രം. അതാണ് എന്‍റെ മെഴുതിരി അത്താഴങ്ങൾ)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.