ചിരി അലമാര
Friday, March 17, 2017 4:23 AM IST
പെണ്ണുകെട്ടാൻ പ്രായമായ ചെക്കൻമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്... നിങ്ങൾ ഇതുവരെ കാണാത്ത ഒരുതരം അലമാര നിങ്ങളുടെ തൊട്ടടുത്തുള്ള തിയറ്ററിലെത്തിയിട്ടുണ്ട്. ഒന്നു പോയി കണ്ടേച്ചു പോര്.

പെണ്ണു കെട്ടുന്നതിന് എന്തിനാടാ ഉവ്വേ അലമാര കാണുന്നതെന്നല്ലേ... അതൊരു സസ്പെൻസാണ്. പിന്നെ ഒരു കാര്യം‌, പോകുന്പോൾ മാതാപിതാക്കളെ കൂടെ കൂട്ടാൻ മറക്കേണ്ട. നിങ്ങളേക്കാൾ അവർക്കായിരിക്കും ഈ അലമാരയുടെ ഗുട്ടൻസ് ശരിക്കും മനസിലാകുക. ആടിനെ ഭീകരനും ആൻമരിയയെ കലിപ്പത്തിയുമാക്കി മാറ്റിയ മിഥുൻ മാനുവൽ തോമസിന്‍റെ അലമാര ഭീകരനോ കലിപ്പനോ അതോ രസികനോ എന്ന് ഒപ്പം ചേർക്കണ്ട വാൽ പ്രേക്ഷകർക്ക് വിട്ടുകൊടുത്തിരിക്കുകയാണ് സംവിധായകൻ.



ചിരി, വെറും ചിരിയല്ല കൊലച്ചിരി... ഒരു അലമാര കൊണ്ട് ഇത്രയ്ക്കെല്ലാം ഒപ്പിക്കാൻ പറ്റിയതിന്‍റെ ഫുൾ ക്രെഡിറ്റും കഥാകാരൻ മഹേഷ് ഗോപാലിനും തിരക്കഥാകൃത്ത് ജോണ്‍ മന്ത്രിക്കലിനും അവകാശപ്പെട്ടതാണ്. കോമഡി ട്രാക്കിലൂടെ കഥ പറഞ്ഞ് ചിരിയെന്ന ടാഗ് ലൈനിന്‍റെ പേരുകളയാത്ത ചിത്രമായി മാറുകയാണ് അലമാര. സണ്ണി വെയ്നിനേയും കൂട്ടരേയും അലമാരയ്ക്കു മുന്നിൽ കൊണ്ടുനിർത്തി നല്ലവണ്ണം നോക്കിക്കോ ഇവനാണ് ഈ കഥയിലെ നായകൻ, ഇവനെ വെല്ലാൻ പോകുന്ന പ്രകടനം പുറത്തെടുത്താലേ നിനക്കൊക്കെ ക്ലച്ച് പിടിക്കാൻ പറ്റുവെന്ന് ആരോ പറഞ്ഞപോലെയുളള അഭിനയമായിരുന്നു ചിത്രത്തിൽ കാണാൻ കഴിഞ്ഞത്.



കല്യാണം, കല്യാണം മുടങ്ങൽ തുടങ്ങിയ പ്രക്രിയകൾ ഒരു കുറവും വരാതെ നടന്നുകൊണ്ടിരിക്കുന്ന നാട്ടിലെ ചെറുപ്പക്കാരുടെ രോദനം ചിത്രത്തിൽ നന്നായി വരച്ചിട്ടുണ്ട്. പ്രിയദർശൻ-ശ്രീനിവാസൻ- മോഹൻലാൽ ടീം ഒന്നിച്ച മലയാളി മറക്കാത്ത "മിഥുനം' പറഞ്ഞത് കൂട്ടുകുടുംബത്തിന്‍റെ രസങ്ങളും രസക്കേടുകളുമാണെങ്കിൽ "അലമാര' പറയാൻ ശ്രമിക്കുന്നത് അണുകുടുംബത്തിലെ പൊട്ടലും ചീറ്റലുമാണെന്നു മാത്രം. നാട്ടിൻപുറങ്ങളിലെ കുശുന്പും കുന്നായ്മയും ചിരിയിൽ ചാലിച്ച് അലമാരയെ മുൻനിർത്തി കഥപറഞ്ഞപ്പോൾ ഒരു കല്യാണം നടത്തേണ്ട പെടാപ്പാടുകളെക്കുറിച്ച് കൃത്യമായി രേഖപ്പെടുത്താനും ചിത്രം മറന്നില്ല.



ചിത്രത്തിലെ കല്യാണച്ചെക്കൻ അരുണാണ് (സണ്ണിവെയ്ൻ). കല്യാണപ്പെണ്ണ് സ്വാതിയും (അദിതി രവി). ഇവരുടെ പ്രണയവും വിവാഹവും അതിനിടയിലേക്ക് അലമാരയുടെ കടന്നുവരവും പിന്നെ ഉണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം കോർത്തിണക്കി കളർഫുള്ളായി തന്നെയാണ് മിഥുൻ ചിത്രം ഒരുക്കിയിരിക്കുന്നത്. നാഗരികതയുടെയും നാട്ടിൻപുറത്തിന്‍റെയും വേർതിരിവുകളെ കഥാപാത്രങ്ങളിലൂടെ കൃത്യമായി രേഖപ്പെടുത്തിയിടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ചുമ്മാ ഒരു അലമാരയെ വീട്ടിലേക്ക് കയറ്റിവിടുകയല്ല മറിച്ച്, ഒരു മരം അലമാരയായിത്തീരുന്നതിന്‍റെ കാഴ്ചയും ചിത്രത്തിൽ കാണാനാവും. തുടക്കക്കാരിയുടെ യാതൊരു പതർച്ചയുമില്ലാതെ അദിതി പിണക്കങ്ങളും പരിഭവങ്ങളുമെല്ലാം അവതരിപ്പിച്ചപ്പോൾ മലയാള സിനിമയ്ക്ക് ഒരു പുതുനായികയെ കൂടി കിട്ടി. സണ്ണി വെയ്നാകട്ടെ, കംഫർട്ട് സോണിൽ നിന്നുകൊണ്ടുള്ള പ്രകടനമാണ് കാഴ്ചവച്ചത്.



ജീവനില്ലാത്ത അലമാരയ്ക്ക് ശബ്ദത്തിലൂടെ ജീവൻ നല്കിയ സലിം കുമാർ മനുഷ്യനെപ്പോലെ അലമാരയ്ക്കും ഒരു മനസുണ്ടെന്നുള്ള കാര്യം ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ട്. ഉൗതിപ്പെരുപ്പിക്കുന്ന ഈഗോ കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങൾക്കുള്ള പ്രതിവിധി കണ്ടെത്തേണ്ടത് മനുഷ്യർ തന്നെയാണെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. പാട്ടിനെ പാകത്തിനു കടത്തിവിട്ട് പശ്ചാത്തല സംഗീതത്തിന് വേണ്ടുവോളം പ്രാധാന്യം നൽകി ചിത്രത്തിന്‍റെ ബാലൻസിംഗ് വിട്ടുപോകാതിരിക്കാൻ സംവിധായകൻ അവുന്ന രീതിയിൽ പരിശ്രമിച്ചിട്ടുണ്ട്. സതീഷ് കുറുപ്പിന്‍റെ കാമറ അലമാരയുടെ വരവും പോക്കുമെല്ലാം കൃത്യമായി ഒപ്പിയെടുത്തപ്പോൾ അതിനൊപ്പം ചുറ്റും കൂടിയവരും മിഴിവോടെ തന്നെ ഫ്രെയിമുകളിൽ തിളങ്ങി നിന്നു.



സീമാ ജി. നായരും രഞ്ജി പണിക്കരുമെല്ലാം നാട്ടിൻപുറത്തുകാരായി സ്ക്രീനിൽ നിറഞ്ഞുനിന്നു. അജു വർഗീസിനെയും സൈജു കുറുപ്പിനെയും മണികണ്ഠനെയുമെല്ലാം ചിരിപ്പടക്കത്തിന് തിരികൊളുത്തിയ മട്ടിൽ ഇറക്കിവിട്ടതിനാൽ അവർ സമയാസമയങ്ങളിൽ ചിരിപ്പിച്ചുകൊണ്ടേയിരുന്നു. പതിവ് കുടുംബ സിനിമകളിൽ കടന്നുവരാറുള്ള സെന്‍റിമെൻസ്, ഈ ചിരിപ്പടക്കത്തിന്‍റെ ക്ലൈമാക്സിൽ കടന്നുവരുന്പോൾ മാത്രം ഇത്തിരി മുഷിപ്പ് ഉണ്ടായതൊഴിച്ചാൽ രണ്ടു മണിക്കൂറും10 മിനിറ്റും ദൈർഘ്യമുള്ള അലമാര ആകെ മൊത്തമൊരു സംഭവമാണ്. ചിരിച്ചുല്ലസിക്കാൻ പറ്റിയ ഒരു ഒന്നാന്തരം ചിത്രം.

(വലിപ്പച്ചെറുപ്പം നോക്കാതെ കുടുംബങ്ങൾ ഒത്തൊരുമയോടെ കണ്ടിരിക്കേണ്ട ചിത്രമാണ് അലമാര.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.