യുദ്ധമുഖത്തെ കാഴ്ചകളിലേക്ക് കണ്‍തുറക്കാം...
Friday, April 7, 2017 4:35 AM IST
യുദ്ധങ്ങൾ എന്തിനുവേണ്ടി...‍? ഈ ചോദ്യത്തിന് ഇന്നും നേരുള്ള ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ "1971 ബിയോണ്ട് ബോർഡേഴ്സ്' എന്ന ചിത്രത്തിൽ അതിനുള്ള ഉത്തരം കൃത്യമായി വരച്ചിടുന്നു മേജർ സഹദേവനിലുടെ സംവിധായകൻ മേജർ രവി. യുദ്ധങ്ങളുടെ കഥപറച്ചിലുകാരന് ഇക്കുറി പിഴച്ചില്ല, മോഹൻലാലും ഒത്തുള്ള നാലാം ചിത്രം പ്രേക്ഷകരെ ആവേശക്കൊടുമുടിയിലേക്കാണ് ആനയിക്കുന്നത്. മേജർ മഹാദേവന്‍റെ അച്ഛൻ മേജർ സഹദേവനാണ് സംവിധായകൻ ഇത്തവണ സക്രീനിൽ സ്ഥാനം നല്കിയിരിക്കുന്നത്. മകൻ വീരനെങ്കിൽ പിതാവ് വില്ലാളി വീരനായിരിക്കുമല്ലോ... അതെ, മേജർ സഹദേവന്‍റെ വീരോചിതമായ മുന്നേറ്റം ഓരോ ഭാരതീയനേയും കോൾമയിർ കൊള്ളിക്കാൻ പാകത്തിനു തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.



കീർത്തിചക്രയും കുരുക്ഷേത്രയും തിയറ്ററിൽ ഉണ്ടാക്കിയ ഓളം സിനിമ ആസ്വാദകർ മറക്കാനിടയില്ല. ആ നിരയിലേക്ക് ഉയരുന്നില്ലെങ്കിലും ബിയോണ്ട് ബോർഡേഴ്സും ആവേശത്തിന് ഒട്ടും കുറവ് വരുത്തിയിട്ടില്ല. മേജർ മഹാദേവൻ മോഹൻലാലിൽ ഭദ്രമായിരുന്നതു പോലെ മേജർ സഹദേവനും അദ്ദേഹത്തിന് ഇണങ്ങുന്ന വേഷം തന്നെയാണ്. പട്ടാള കഥകളിൽ കണ്ടുവരുന്ന പതിവ് കാഴ്ചകൾ പതിവ് തെറ്റിക്കാതെ ബിയോണ്ട് ബോർഡേഴ്സിലും സ്ഥാനം പിടിച്ചിട്ടുണ്ട്. മേജർ സഹദേവന്‍റെ പട്ടാള ജീവിതത്തിലെ നിർണായക ഏട് മകനിലൂടെ പറയാനാണ് സംവിധായകൻ ശ്രമിക്കുന്നത്.



നാട്ടിൻപുറം കാഴ്ചകളും സൗഹൃദത്തിന്‍റെ ആഴവും കുടുംബ ബന്ധങ്ങളുടെ തീവ്രതയുമെല്ലാം വേണ്ടത്ര ചേരുവകളോടെ തന്നെയാണ് സംവിധായകൻ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും പട്ടാളക്കാരെല്ലാവരും മനുഷ്യർ തന്നെയാണ് അവർക്കും നല്ലൊരു മനസുണ്ടെന്ന് ഒരുപിടി പട്ടാളക്കാരിലൂടെ ചിത്രം പറഞ്ഞുവയ്ക്കുന്നു. യുദ്ധമുഖത്ത് മാത്രമാണ് പാക്കിസ്ഥാനികൾ നമ്മുടെ ശത്രുക്കളെന്നും അല്ലാത്തപ്പോൾ അവരും നമ്മളിൽ ഒരാൾ തന്നെയാണെന്ന് ഓർമപ്പെടുത്താനും സംവിധായകൻ മറന്നിട്ടില്ല. പാക്കിസ്ഥാൻകാരെ കടന്നാക്രമിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളോ കാഴ്ചകളോ ഒന്നും ബിയോണ്ട് ബോർഡേഴ്സിൽ കാണാനാവില്ല. അതു തന്നെയാണ് ചിത്രത്തിന്‍റെ പുതുമയും.



പരസ്പരം ബഹുമാനിച്ചുകൊണ്ടുള്ള ഇന്ത്യ-പാക് പട്ടാളക്കാരുടെ യുദ്ധമുറകൾ ചിത്രത്തിന് മറ്റൊരു തലം നൽകുന്പോൾ അതിർത്തിക്ക് അപ്പുറത്തുള്ള സൗഹൃദത്തിലേക്ക് കൂടി ചിത്രം വഴിതുറക്കുന്നുണ്ട്. വിവിധ ഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്‍റെ പ്രകടനം തന്നെയാണ് ചിത്രത്തെ ത്രില്ലിംഗ് മൂഡിലേക്ക് കൊണ്ടുപോകുന്നത്. പാക്കിസ്ഥാനിലെ കേണലായി വേഷമിടുന്നത് അരുണോദയ് സിംഗാണ് (രാജ). വില്ലൻ പരിവേഷം നൽകാതെയാണ് രാജയെ സംവിധായകൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം കണ്ടിറങ്ങുന്നവർ രാജയെ കുറിച്ച് വാതോരാതെ സംസാരിക്കുമെന്നതിൽ തർക്കമില്ല.



യുദ്ധസമാനമായ അന്തരീക്ഷം ഒരുക്കുന്പോൾ പശ്ചാത്തല സംഗീതത്തിനുള്ള പ്രാധാന്യം വലുതാണ്. ആ കർത്തവ്യം കൃത്യമായി ഗോപിസുന്ദർ നിർവഹിച്ചിട്ടുണ്ട്. അല്ലു അർജുന്‍റെ അനിയൻ അല്ലു സിരീഷ് പ്രധാനപ്പെട്ട വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ടെങ്കിലും കൈയടക്കമുള്ള അഭിനയ രീതി പിന്തുടരാൻ താരത്തിന് കഴിയാതെ പോയി എന്നത് പോരായ്മയാണ്. യുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിൽ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ് കാട്ടിയ മികവിനെ അഭിനന്ദിക്കാതെ തരമില്ല. യുദ്ധമുഖത്തെ ഓരോ രംഗങ്ങളും ഹൃദയത്തിൽ സ്പർശിക്കുംവിധമാണ് ഛായാഗ്രഹകൻ ഒപ്പിയെടുത്തിരിക്കുന്നത്.



ആശ ശരത്ത്, സൈജു കുറുപ്പ്, സുധീർ കരമന തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചെറുതെങ്കിലും അവരരവരുടെ വേഷം തന്മയത്വത്തോടെ അവർ പകർന്നാടിയപ്പോൾ ഒരുപിടി നല്ല അഭിനയ മുഹൂർത്തങ്ങൾ മലയാളികൾക്ക് കാണാനായി. നാട്ടിൻപുറത്തിന്‍റെ ഓർമകളിലൂടെ കടന്നുപോകുന്ന ഗാനം ചിത്രത്തിന്‍റെ ശോഭ കൂട്ടുന്പോൾ പട്ടാളക്കാരുടെ ജീവിതത്തിൽ കത്തുകൾക്കുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് കാട്ടാനായി തിരുകിച്ചേർത്ത രംഗങ്ങൾ അഭംഗിയായി മാറുന്നുണ്ട്. ഓർഡർ ആൻഡ് ബോർഡർ, ഇതിന് രണ്ടിനും ഇടയിൽ പെട്ടുപോകുന്ന പട്ടാളക്കാരുടെ ജീവിതം വളരെ കൃത്യമായി തന്നെ സംവിധായകൻ കാട്ടിത്തരുന്നുണ്ട്. സധൈര്യം ടിക്കറ്റെടുക്കാം മേജർ സഹദേവന്‍റെ വീരകൃത്യങ്ങൾ കാണാനായി.

(വിജയരഥം തെളിക്കുന്ന നടന്‍റെ മറ്റൊരു വിജയഗാഥ, 1971 ബിയോണ്ട് ബോർഡേഴ്സ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.