പുത്തൻ ഭാഷയിൽ ജോറായി നിത്യാനന്ദ ഷേണായി
Wednesday, April 12, 2017 4:26 AM IST
കാസർഗോഡ് ഭാഷയല്ലേടാ ഉവ്വേ... സംഭവം വല്ലതും മനസിലാകുമോടേയ്...? "പുത്തൻപണം' കാണാനെത്തിയവർക്കിടയിൽ അലയടിച്ച് ഏക ചോദ്യം ഇതു മാത്രമായിരുന്നു. നമ്മുടെ മമ്മൂക്കയല്ലേടാ... തിരുവനന്തപുരം ഭാഷാ ജോറാക്കിയില്ലേ... അപ്പോൾ പിന്നെ കാസർഗോഡ് ഭാഷയും പുള്ളി ഉഷാറാക്കിക്കോളും നീ നോക്കിക്കോ...(ഫാൻസുകാർക്കിടയിലെ അടക്കം പറച്ചിൽ).

തിയറ്ററിനുള്ളിലെ ഈ അശരീരിക്ക് ഇടയിലാണ് നിത്യാനന്ദ ഷേണായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ചറപറാന്ന് കാസർഗോഡ് ഭാഷയിൽ ഡയലോഗുകൾ പെടയ്ക്കാൻ തുടങ്ങിയതോടെ തിയറ്ററിൽ കൈയടിയുടെ ഓളം അലയടിച്ചു. നോട്ട് നിരോധനത്തെ വിറ്റ് കാശാക്കാനുള്ള എല്ലാ ചേരുവകളും ചേർത്താണ് സംവിധായകൻ രഞ്ജിത്ത് പുത്തൻപണം ഒരുക്കിയിരിക്കുന്നത്. കാസർഗോഡ് - കൊച്ചി - കോഴിക്കോട് ഭാഷയും പിന്നെ പൊടിക്ക് തമിഴും കൂടി ചേർത്ത് പരുവത്തിനൊരുക്കിയ തിരക്കഥയാണ് പുത്തൻപണത്തിന്‍റെ പുതുമ. പുത്തൻപണം കൊണ്ട് വിഷു ആഘോഷിക്കാനിരിക്കുന്നവർക്ക് മുന്നിലേക്ക് മമ്മൂട്ടിയും കൂട്ടരും ആദ്യ വെടി പൊട്ടിച്ചിരിക്കുകയാണ്. ഈ പുത്തൻപണക്കാർ വിഷുവിന് തിയറ്റിൽ നിന്നും കാശു വാരുമെന്ന കാര്യത്തിൽ ലവലേശം തർക്കമില്ല.



കൊട്ടാനുള്ള കൊട്ട് രഞ്ജിത്ത് ഏതു ചിത്രത്തിലായാലും കൃത്യമായി കൊട്ടും. നോട്ട് നിരോധനം കൊണ്ട് നെട്ടോട്ടമോടിയ കള്ളപ്പണക്കാരെയും ഈ നിരോധനം കൊണ്ട് കഷ്ടത്തിലായവരേയും ചിത്രത്തിലെ തന്‍റെ കഥാപാത്രങ്ങളിലൂടെ സംവിധായകൻ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. നോട്ട് നിരോധനം പശ്ചാത്തലമാകുന്നുണ്ടെങ്കിലും കഥ സഞ്ചരിക്കുന്നത് മറ്റൊരു വഴിക്കാണ്. നോട്ട് നിരോധനം മൂലം നിത്യാനന്ദ ഷേണായി (മമ്മൂട്ടി)ക്ക് ഉണ്ടായ പ്രശ്നങ്ങളുടെ കുരുക്കഴിക്കുന്നതിനിടെ ഉണ്ടാകുന്ന ഏടാകൂടങ്ങളാണ് ചിത്രത്തിന്‍റെ ആദ്യ പകുതിയിൽ കടന്നുവരുന്നത്. ഇതിനിടയിലൂടെ കടന്നുവരുന്ന കഥാപാത്രങ്ങൾ ഷേണായിയുമായി കൂട്ടിമുട്ടുന്നതോടെയാണ് കഥ വികസിക്കുന്നത്.



ചിത്രത്തിൽ മുത്തുവായി എത്തുന്ന സ്വരാജ് ഗ്രാമികയുടെ പ്രകടനം പ്രേക്ഷക പ്രീതി നേടുന്നതാണ്. മലയാള സിനിമയ്ക്ക് പാകത്തിനൊത്ത് ചേർക്കാവുന്ന ഒരു ചേരുവയാണ് താനെന്ന് കന്നിപ്രകടനത്തിലൂടെ ഈ കൊച്ചുമിടുക്കൻ തെളിയിച്ചിരിക്കുന്നു. സദാചാര പോലീസിംഗിനെ വിമർശിക്കുന്നതിനു പുറമേ രാഷ്ട‌്രീയ നേതൃത്വങ്ങളെയും ഭരണകർത്താക്കളെയും വിമർശിക്കുന്ന രഞ്ജിത്തിന്‍റെ പതിവ് ഈ ചിത്രത്തിലും കാണാം.

കാസർഗോഡ് ഭാഷയെ മമ്മൂട്ടിയെ കൊണ്ട് ഇത്ര വെടിപ്പായി പറയിപ്പിച്ചതിന്‍റെ ഫുൾ ക്രെഡിറ്റും പോകുന്നത് ചിത്രത്തിലെ സംഭാഷണം ഒരുക്കിയ പി.വി.ഷാജികുമാറിനാണ്. കേരളത്തിൽ അങ്ങോമിങ്ങോളമുള്ള ഏതൊരാൾക്കും മനസിലാകുന്ന ഭാഷ തന്നെയാണ് കാസർഗോഡുകാരുടേതെന്നു കൂടി ചിത്രം പറയുന്പോൾ അത് പൂർണമനസോടെ അംഗീകരിക്കാതെ തരമില്ല.



ആദ്യപകുതിയിൽ കടന്നുവരുന്ന കഥാപാത്രങ്ങളെ രണ്ടാം പകുതിയിൽ കൂട്ടിമുട്ടിക്കാനുള്ള ഉദ്യമം ഭംഗിയായി സംവിധായകൻ നിർവഹിച്ചു. കോഴിക്കോട്ടുകാരനായ ഹരീഷ് കണാരന് കാസർഗോഡ് ഭാഷയും ഭേഷായി വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ചിത്രം. ജോയി മാത്യു, സിദ്ദിഖ്, മമ്മൂക്കോയ, ഇന്ദ്രൻസ്, ബൈജു തുടങ്ങിയ താരനിര ചിത്രത്തിൽ അവരവരുടെ വേഷം ഒത്തിണക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. മുത്തുവിന്‍റെ അമ്മയായ സുന്ദരിയായി ഇനിയയും തനിക്കു കിട്ടിയ വേഷം തന്മയത്വത്തോടെ ചെയ്തിട്ടുണ്ട്.

ഷാൻ റഹ്മാന്‍റെ സംഗീതവും അച്ചു രാജാമണിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ ട്രാക്കിനൊത്ത് ചേർന്നപ്പോൾ സംഭവം ആകെ മൊത്തം ഉഷാറായി. 2004-ൽ പുറത്തിറങ്ങിയ "വാണ്ടഡ്' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ച ശേഷം കേരളം വിട്ട ഓം പ്രകാശ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് പുത്തൻപണം. തന്‍റെ രണ്ടാം വരവിൽ പകർത്തിയ കാഴ്ചകൾക്ക് ശോഭ ഒട്ടും തന്നെ കുറഞ്ഞിട്ടില്ലെന്നു കൂടി തെളിയിച്ചിരിക്കുകയാണ് ഓം പ്രകാശ്.

കുരുക്കുകൾ ക്ഷമയോടെ അഴിച്ചും ഇടികൊടുക്കേണ്ടവർക്ക് ഇടി കൊടുത്തും സ്നേഹിക്കണ്ടവരെ സ്നേഹിച്ചും മയപ്പെടുത്തണ്ടവരെ മയപ്പെടുത്തിയും നിത്യാനന്ദ ഷേണായി പുത്തൻ പണത്തിന്‍റെ നെടുംതൂണാകുന്ന വിഷുക്കാഴ്ചയാണ് പ്രേക്ഷകന് ലഭിക്കുന്നത്.

(ഭാഷകൾ തമ്മിലും സൗഹൃദമുണ്ടെന്ന് കാട്ടിത്തരുന്ന ചിത്രമാണ് പുത്തൻപണം)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.