ചങ്കുറപ്പുള്ള സഖാവ്
Saturday, April 15, 2017 4:18 AM IST
ന്യൂജൻ സഖാക്കൾക്കുള്ള പാഠപുസ്തകമാണ് സിദ്ധാർഥ് ശിവയുടെ "സഖാവ്'. ചുളിവ് വീഴാത്ത മുണ്ടും ചുവന്ന ഷർട്ടുമിട്ട് ഷൈൻ ചെയ്യുന്ന ന്യൂജൻ സഖാക്കൾ തീർച്ചയായും ചിത്രം കാണണം. ചുളിവ് വീണ നാളുകളും സമര മുഖങ്ങളുമെല്ലാം പീരുമേടിന്‍റെ പശ്ചാത്തലത്തിൽ ബിഗ് സ്ക്രീനിൽ നിറയുന്പോൾ അറിയാതെയെങ്കിലും ഒന്നു ചെങ്കോടിയേന്തണമെന്ന് തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല. അത്രയേറെ പ്രകാശിതമായി സഖാവ് കൃഷ്ണൻ പ്രേക്ഷക മനസുകളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.

കാലഘട്ടത്തിന്‍റെ മാറ്റത്തിന് അനുസരിച്ച് കമ്മ്യൂണിസ്റ്റുകാരുടെ മനോഭാവത്തിൽ വന്നിരിക്കുന്ന വിചിന്തനങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് സംവിധായകൻ സിദ്ധാർഥ് ശിവ. സഖാവെന്ന വാക്കിന്‍റെ അർഥത്തിൽ ഉൗന്നി നിന്നുള്ള കഥപറച്ചിൽ ശൈലി പിന്തുടരുന്പോഴും അമിതാവേശത്തിൽ വഴുതി വീഴാതെ മുന്നോട്ടുപോകാൻ സാധിക്കുന്നതാണ് ചിത്രത്തെ കാലികപ്രസക്തിയുള്ളതാക്കുന്നത്.



ഇന്ന് പലരും മറന്ന് തുടങ്ങുന്ന പഴയകാല കമ്മ്യൂണിസത്തിന്‍റെ ജീവനും തുടിപ്പും സഖാവിൽ പ്രതിഫലിക്കുന്നുണ്ട്. മറവിയിൽ മുങ്ങി മരിക്കേണ്ടതല്ല ഓർമകളും ഓർമപ്പെടുത്തലുകളും അത് ജ്വലിക്കണം മനസുകളിൽ നിന്നു മനസുകളിലേക്ക് കാലങ്ങൾ കടന്നു പോകുന്നതിനിടയിലും. ഇത് തന്നെയാണ് സഖാവിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്. കൊമേഴ്സ്യൽ വിജയത്തിനു വേണ്ടി മാർക്കറ്റിംഗ് തന്ത്രങ്ങൾക്കായി കമ്മ്യൂണിസത്തെ ഉപയോഗിക്കുന്ന ന്യൂജൻ ടെക്നിക്കുകൾ സഖാവിലും കടന്നു കൂടിയിട്ടുണ്ട്. എന്നാൽ പഴമയുടെ പ്രസരിപ്പിലേക്ക് കടന്ന് സഖാവ് കൃഷ്ണൻ സ്ക്രീനിലേക്ക് എത്തുന്നതോടെ അത്തരം ടെക്നിക്കുകളെല്ലാം പിന്നിൽ ഒളിക്കുന്ന കാഴ്ചയും ചിത്രത്തിൽ കാണാനാവും.

ആദ്യ 45 മിനിറ്റിൽ കൃഷ്ണകുമാർ (നിവിൻ പോളി) എന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കാട്ടിത്തരുന്നതിലൂടെ ഇന്നത്തെ പല യുവനേതാക്കളുടെ മനസിലിരിപ്പ് കൂടി തുറന്നു കാട്ടാൻ സംവിധായൻ ശ്രമിക്കുന്നുണ്ട്. നിവിൻ പോളി കൃഷ്ണ കുമാറായും സഖാവ് കൃഷ്ണനായും ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. മൂന്നു ഗെറ്റപ്പുകളിൽ കരുത്തുറ്റ കഥാപാത്രമായി ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന നിവിൻ പോളി പഴയകാല കമ്മ്യൂണിസ്റ്റുകാരുടെ പ്രതിനിധിയായും(സഖാവ് കൃഷ്ണൻ) പുത്തൻ തലമുറയുടെ പ്രതിനിധിയായും(കൃഷ്ണ കുമാർ) ആശാവഹമായ പ്രകടനമാണ് ചിത്രത്തിൽ നടത്തുന്നത്.



സഖാവ് കൃഷ്ണന്‍റെ യൗവനം, വാർധക്യ കാലഘട്ടങ്ങൾ നിവിനിലെ നടൻ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു. ശരീരഭാഷയിലെ മാറ്റങ്ങളും മുഖത്ത് വിരിഞ്ഞ മാനറിസങ്ങളും സൂചിപ്പിക്കുന്നത് നിവിൻ സിനിമയിൽ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടയാളാണെന്ന് തന്നെയാണ്. സഖാവ് കൃഷ്ണൻ പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്കായി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ ഉൗർജം. മുദ്രാവാക്യം വിളികളിൽ ഇത്തിരി ബലംപിടിത്തം കൂടിപ്പോയതൊഴിച്ചാൽ ചങ്കുറപ്പുള്ള സഖാവായി നിവിൻ ചിത്രത്തിൽ കളം നിറഞ്ഞു.

കൃഷ്ണ കുമാറിന് സഖാവ് കൃഷ്ണനെ കുറിച്ച് അറിയാനുള്ള ആകാംഷയിൽ നിന്നാണ് കഥയുടെ വഴി പീരുമേട്ടിലേക്ക് തിരിയുന്നത്. പിന്നെ അങ്ങോട്ട് പറയുന്ന സംഭവങ്ങളത്രയും പഴയകാല സമര ചരിത്രങ്ങളുടെ ഓർമപ്പെടുത്തലിലേക്ക് ഓരോരുത്തരെയും ചിത്രം കൊണ്ടുപോകും. ഗായത്രി സുരേഷ്, ഐശ്വര്യ രാജേഷ്, അപർണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെങ്കിലും ഐശ്വര്യ രാജേഷിന് ചിത്രത്തിലുള്ള സ്പേസ് മറ്റ് രണ്ടുപേരെക്കാളും കൂടുതലാണ്.



പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ഉത്തരവാദിത്യം സംവിധായകൻ ഏൽപ്പിച്ചത് കൃഷ്ണ കുമാറിന്‍റെ സുഹൃത്തായി എത്തുന്ന മഹേഷിലാണ്(അൽത്താഫ്). എന്നാൽ ചിരിപ്പിക്കാൻ മറന്ന മഹേഷ് സ്വയം പൊട്ടിചിരിച്ച്(ഫ്രണ്ട്സിൽ ശ്രീനിവാസൻ വാവിട്ട ചിരിക്കുന്ന പോലെയുള്ള രംഗം)സ്വയം അപഹാസ്യനാകുന്നുണ്ട്. പ്രശാന്ത് പിള്ള ഒരുക്കിയ പശ്ചാത്തല സംഗീതം ആവേശം ഉണർത്താൻ പാകത്തിനുള്ളതായിരുന്നു. തെളിമയുള്ള കാഴ്ച പകർത്തി സമരാവേശത്തിന് ഒരു കുറവും വരാതെ കാമറ ചലിപ്പിക്കാൻ ജോർജ് വില്യാംസിന് സാധിച്ചപ്പോൾ മിഴിവുള്ള ഫ്രെയിമുകളാൽ സന്പന്നമാകുകയായിരുന്നു ചിത്രം.



ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ നിവിൻ പോളി കാട്ടുന്ന മിടുക്ക് മറ്റ് യുവ നടൻമാർക്കും പിന്തുടരാവുന്നതാണ്. വിജയ ചിത്രങ്ങളുടെ ഭാഗമാകുന്നതിനൊപ്പം കരുത്തുറ്റ കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് സഖാവിലൂടെ നിവൻ കാട്ടിത്തരുകയാണ്. ഇത് സഖാക്കൾക്കായി മാത്രമുള്ള ചിത്രമല്ല മറിച്ച് വിപ്ലവ ആവേശം മനസിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും കണ്ടിരിക്കാവുന്ന ചിത്രമാണ്.

(സഖാവിന് ചിലത് പറയാനുണ്ട്. നെറ്റിചുളിക്കാതെ കേൾക്കാൻ പറ്റുമെങ്കിൽ മാത്രം കേൾക്കുക.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.