കടന്പൻ- ക്ലൈമാക്സ് മാത്രം കൊള്ളാം...
Wednesday, April 19, 2017 7:44 AM IST
കാടുണ്ട്, ഇഫക്ട്സ് ആവശ്യത്തിന് അധികമുണ്ട്, ക്ലീഷേ കഥയുണ്ട്... പിന്നെ തടിമാടനായ ഒരു നായകനുമുണ്ട്... ഇവയെല്ലാം കൂട്ടിച്ചേർത്ത കാട്ടിനുള്ളിലെ കഥയാണ് കടന്പൻ. കാടു കുലുക്കി നടക്കുന്ന കടന്പനായി ആര്യ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും കേട്ട് പഴകിയ കഥകളെ കാട്ടിനുള്ളിലേക്ക് വലിച്ചിട്ട് കല്ലുകടിയുള്ള സംഭാഷണങ്ങളും അടിച്ചേൽപ്പിക്കുന്നിടത്താണ് കടന്പൻ വെറുമൊരു കാട്ടിക്കൂട്ടലായി മാറുന്നത്.

ഒന്നുറപ്പാണ് രാഘവ എന്ന സംവിധായകൻ ആര്യയുടെ ശരീര പ്രകൃതവും പിന്നെ സിനിമയോടുള്ള നടന്‍റെ പ്രതിബദ്ധതയും മുന്നിൽ കണ്ടൊരുക്കിയ ചിത്രമാണ് കടന്പൻ. പുതുമ ഒട്ടും അവകാശപ്പെടാനില്ലാത്ത എഴുത്താണ് കടന്പനെ പ്രേക്ഷകരിൽ നിന്നും അകറ്റുന്നത്. എങ്കിലും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഇഫക്ടസ് പോരായ്മകൾക്കിടയിലും വേറിട്ട കാഴ്ചകൾ തന്നെയാണ് സമ്മാനിക്കുന്നത്.



നായകനെ പുകഴ്ത്തില്ലെങ്കിൽ പിന്നെ എന്തോന്നു സിനിമ എന്ന മട്ടിലാണ് ചിത്രത്തിന്‍റെ തുടക്കം. നായകൻ കില്ലാഡിയും വീരനുമാണെന്ന് അറിയിക്കാനായി സംവിധായകൻ നല്ലവണ്ണം വിയർത്തിട്ടുണ്ട്. പുട്ടിന് പീരപോലെ സംഭാഷണങ്ങൾ നൽകി സഹനടൻമാരെ കൊണ്ട് കടന്പനെ പറ്റി വാതോരാതെ സംസാരിപ്പിക്കുന്ന പരിപാടി തന്നെ പാളി.

ചിത്രത്തിന്‍റെ ആദ്യ പകുതി കടന്നു പോകുന്നത് അത്രയും കടന്പന്‍റെ വീരത്തരങ്ങളാൽ ഇഴഞ്ഞിഴഞ്ഞാണ്. നഗരത്തെയും കാടിനെയും കൂട്ടിമുട്ടിച്ച് കഥ പറയാൻ ഒരുങ്ങിയ സംവിധായകന് മുന്നിൽ ഒരുപാട് സാധ്യതകളുണ്ടായിരുന്നു. എന്നാൽ പുതുമ തൊട്ടുതീണ്ടാതെ അലഞ്ഞുതിരിഞ്ഞു പോയ രചനയാണ് ചിത്രത്തിന് തിരിച്ചടിയായത്.



കോർപറേറ്റ് ബിസിനസുകാരേയും കാടിനെ ദൈവമായി കണ്ട് ജീവിക്കുന്നവരെയും രണ്ടു തട്ടിൽ നിർത്തി കഥ പറയുന്ന ചിത്രത്തിൽ കാട് സംരക്ഷിക്കാൻ കാട്ടുമക്കൾ തന്നെ വേണമെന്ന് പറയാനാണ് സംവിധായകൻ ശ്രമിക്കുന്നത്. നഗരത്തിലുള്ളവർ കാട്ടിൽ വന്ന് കാട്ടുന്ന ക്രൂരതകളുടെ അടയാളങ്ങൾ ഇടയ്ക്കിടെ കാട്ടിത്തന്നാണ് സംവിധായകൻ ചിത്രം മുന്നോട്ടുകൊണ്ടു പോകുന്നത്.

വനത്തിൽ താമസിക്കുന്ന 150 ഓളം കുടുംബങ്ങളെ തുരത്താൻ കോർപറേറ്റ് ബിസിനസുകാർ തീരുമാനിക്കുന്നതോടെയാണ് കാടും നഗരവും തമ്മിലുള്ള ഏറ്റുമുട്ടലിന് കളം ഒരുങ്ങുന്നത്. ആദ്യ പകുതിയിലെ കാമുകി രണ്ടാം പകുതിയിൽ പോരാളിയായി മാറി നായിക കാതറിൻ ട്രീസ തരക്കേടില്ലാത്ത പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്.



വനത്തിനുള്ളിലെ കാഴ്ചകൾ പകർത്തി ഛായാഗ്രാഹകൻ സതീഷ് കുമാർ ബിഗ് സ്ക്രീനിൽ എത്തിച്ചപ്പോൾ കണ്ണിലുടക്കിയ കാഴ്ചകൾക്ക് പകിട്ടേറെയായിരുന്നു. കാടിനെ വേണ്ടുവോളം ഉപയോഗിച്ച സിനിമയിൽ അടിത്തറയുള്ള തിരക്കഥ കൂടി ഉണ്ടായിരുന്നുവെങ്കിൽ കടന്പൻ വേറിട്ടൊരു ചിത്രമാകുമായിരുന്നു. കടന്പന്‍റെ സുഹൃത്തുക്കളായി എത്തുന്ന ആടുകളം മുരുകദോസും സംഘവും ഭേദപ്പെട്ട പ്രകടനം തന്നെയാണ് നടത്തുന്നത്.

കടന്പൻ ആര്യയുടെ വേറിട്ട വേഷങ്ങളിൽ ഒന്നു തന്നെയാണ്. എന്നാൽ ഏറ്റവും മികച്ചതെന്ന് പറയാൻ കഴിയില്ലായെന്നു മാത്രം. വെല്ലുവിളികൾ വേണ്ടുവോളം ഉയർത്തുന്ന കഥാപാത്രത്തെ തന്‍റെ ശരീരം കൊണ്ട് നേരിടാനാണ് ആര്യ ഒരുങ്ങിയത്. അതിനായി പെരുപ്പിച്ചെടുത്ത മസിലിന്‍റെ കരുത്തിലാണ് ചിത്രം ബാലൻസ് ചെയ്ത് നിൽക്കുന്നത്. കാട് കീഴടക്കാൻ കോർപറേറ്റ് മുതലാളിയുടെ കിങ്കരൻമാർ ശ്രമിക്കുന്നതും പിന്നെ കൂട്ടമായുള്ള ആക്രമണവുമെല്ലാം ത്രില്ലിംഗ് മൂഡിലേക്ക് ചിത്രത്തെ കൊണ്ടുവരുന്നുണ്ട്.



ഒന്നാം പകുതിയിലെ ഇഴച്ചിലിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുന്പോൾ ചിത്രം അടിമുടി മാറുന്നുണ്ട്. വേഗ കാഴ്ചകളിലൂടെയാണ് രണ്ടാം പകുതിയുടെ പോക്ക്. കാട്ടറിവുകളുടെ ബലത്തിൽ കാടിന്‍റെ മക്കൾ കാട്ടുന്ന പോരാട്ട വീര്യം ഏറ്റുമുട്ടൽ രംഗങ്ങൾക്ക് ചന്തം കൂട്ടുന്നുണ്ട്. കാടിന് ഇണങ്ങും വിധമുള്ള പശ്ചാത്തല സംഗീതം തന്നെയാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. മുറ തെറ്റാതെ പാട്ടുകൾ കടന്നു വരുന്നുണ്ടെങ്കിലും കേൾവി സുഖം നൽകാതെ അവയെല്ലാം കാട്ടിലേക്ക് വഴിതെറ്റി വന്നപോലെ അലയുകയായിരുന്നു.

ക്ലൈമാക്സിന്‍റെ15 മിനിറ്റാണ് കടന്പനിലെ ഹൈലൈറ്റ്. സ്പെഷൽ ഇഫക്ട്സ് പാകത്തിന് ചേർത്ത് ഒരുക്കിയ ക്ലൈമാക്സ് രംഗങ്ങൾ ഏവരേയും തൃപ്തിപ്പെടുത്തുമെന്നതിൽ സംശയമില്ല. പക്ഷേ, ക്ലൈമാക്സിനായി മാത്രം രണ്ട് മണിക്കൂറിലേറെ തീയറ്ററിൽ തള്ളിവിടുകയെന്ന ശ്രമകരമായ ദൗത്യമാണ് ഓരോ പ്രേക്ഷകനെയും കാത്തിരിക്കുന്നത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.