സ്റ്റൈലിഷ് കൊമ്രേഡ് ഈസ് ആവറേജ്...!
Friday, May 5, 2017 4:57 AM IST
ഈ വർഷം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന മൂന്നാമത്തെ സഖാവാണ് അജി മാത്യു (ദുൽഖർ സൽമാൻ). ടോവിനോ തോമസും (ഒരു മെക്സിക്കൻ അപാരത) നിവിൻ പോളിയും (സഖാവ്) കമ്മ്യൂണിസത്തെ മാർക്കറ്റ് ചെയ്ത പാതയിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് അമൽ നീരദിന്‍റെ സഖാവ് അജി സഞ്ചരിക്കുന്നത്. മാണിയും കോഴയും ഉമ്മൻ ചാണ്ടിയേയും എല്ലാം തുടക്കത്തിലേ കടത്തിവിട്ട് 2015ൽ സിനിമക്കാർ മാർക്കറ്റ് ചെയ്യാതെ പോയ സംഭവങ്ങളെ അമൽ നീരദ് നല്ല വെടിപ്പായി സ്ക്രീനിലേക്ക് പകർത്തി. കേരളാ കോണ്‍ഗ്രസുകാരുടെ മലക്കംമറിച്ചിലും സംഭവങ്ങളും മറ്റും കത്തിനിൽക്കുന്ന ഈ സമയത്ത് പാലായിലെ സഖാവ് തിയറ്ററിൽ ഇടംപിടിച്ചത് തികച്ചും യാദൃച്ഛികം മാത്രം.



അമൽ നീരദിന്‍റെ ഈ കൊമ്രേഡ് രണ്ടു തരത്തിലാണ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക. ഒന്നാം പകുതി ദുൽഖർ ഫാൻസിനെ പുളകം കൊള്ളിച്ചും രണ്ടാം പകുതി സാഹസികത ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും മനസിനെ കീഴടക്കിയുമാണ് സിഐഎ (കോമ്രേഡ് ഇൻ അമേരിക്ക) യാത്ര നടത്തുന്നത്. സംവിധായകന്‍റെ മികവ് വെളിപ്പെടുന്ന രണ്ടാം പകുതി ഇതുവരെ കാണാത്ത കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. എന്നാൽ അത് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമോ എന്നാണ് കണ്ടറിയേണ്ടത്. എന്നിരുന്നാലും തനിക്ക് പറയാനുള്ളത് അമൽ നീരദ് എന്ന സംവിധായകൻ ചിത്രത്തിന്‍റെ രണ്ടാം പകുതിയിലൂടെ കൃത്യമായി പറഞ്ഞുവയ്ക്കുന്നുണ്ട്.




കേരള കോണ്‍ഗ്രസുകാരൻ മാത്യുവിന്‍റെ (സിദ്ദിഖ്) സഖാവായ മകൻ അജി മാത്യുവായാണ് ദുൽഖർ സൽമാൻ ചിത്രത്തിലെത്തുന്നത്. സഖാവ് കളിയും പ്രണയവും സൗഹൃദവും പാർട്ടി പരിപാടികളുമെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഇതൊരു രാഷ്ട്രീയ ചിത്രമല്ല. അജി മാത്യുവിന്‍റെ പ്രണയ സാഹസിക യാത്രയാണ് സിഐഎയിൽ സംവിധായകൻ പകർത്തിയിരിക്കുന്നത്.



കാൾ മാർക്സ്, ചെഗുവേര എന്നിവരെ മലയാളം സംസാരിപ്പിച്ച് അവരുടെ പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും കൂടി ചിത്രത്തിലേക്ക് കടത്തിവിടാൻ സംവിധായകൻ കാട്ടിയ മിടുക്ക് പ്രശംസനീയം തന്നെ. ഫ്ളാഷ് ബാക്കുകൾക്ക് ഒരു പുതിയമാനം നല്കിയിരിക്കുകയാണ് സിഐഎ. പക്ഷേ, ക്ലീഷേകളെ വിട്ടുപിരിയാൻ വിസമ്മതം കാട്ടുന്ന സംവിധായകനെ ഒന്നാം പകുതിയിൽ ഒരുപാട് ഇടങ്ങളിൽ കാണാൻ കഴിയും.



ആദ്യ പകുതിയിൽ സഖാവ് അജിയുടെ വണ്‍മാൻ ഷോയാണ് ചിത്രത്തിൽ കാണാൻ കഴിയുക. അടിയും ഇടിയും പ്രണയവുമെല്ലാം കൂട്ടിയിണക്കി പതിവ് ചേരുവകളെല്ലാം വേണ്ടവിധം ഉപയോഗിച്ച് സംവിധായകൻ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. അജിയുടെ പ്രണയവും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളും ചിത്രത്തിന്‍റെ വേഗം കൂട്ടുന്പോൾ ഇതൊരു സാദാ പ്രണയ കഥയാണോയെന്ന് തോന്നിയേക്കാം. പ്രണയ സാഫല്യത്തിനായി അമേരിക്കയിൽ എത്തിപ്പെടാനുള്ള സാഹസങ്ങളെ കൂട്ടുപിടിച്ച് രണ്ടാം പകുതിയിൽ, സിനിമയുടെ അതുവരെയുള്ള മൂഡ് മാറ്റുന്നിടത്താണ് ഇതൊരു സംവിധായകന്‍റെ ചിത്രമാകുന്നത്. ദുൽഖർ പതിവ് ശൈലികൾ തുടരുന്ന സിനിമയിൽ മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.



മെക്സിക്കൻ-അമേരിക്കൻ ബോർഡർ കടക്കാനുള്ള അജിയുടെ യാത്ര കണ്ടിരിക്കേണ്ടത് തന്നെയാണ്. ആ കാഴ്ചകൾ തന്നെയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റും. ദുൽഖറിന്‍റെ അച്ഛനായി സിദ്ദിഖ് തകർപ്പൻ പ്രകടനം നടത്തുന്പോൾ കേരള കോണ്‍ഗ്രസുകാരൻ അച്ചായന്‍റെ എല്ലാ മാനറിസങ്ങളും കാണാൻ കഴിയും. കഥയുടെ തുടർച്ചയ്ക്കായി ഒരു നായിക എന്ന രീതിയിൽ സാറ(കാർത്തിക മുരളീധരൻ) ചിത്രത്തിൽ ഒതുങ്ങിപ്പോകുന്നുണ്ട്. ചിത്രത്തിൽ സ്ക്രീൻ സ്പേസ് വളരെ കുറവാണ് നായികയ്ക്ക്. സൗബിനും ദിലീഷ് പോത്തനും മാല പാർവതിയുമെല്ലാം അവരവരുടെ റോളുകൾ ഇണക്കത്തോടെ ചെയ്തപ്പോൾ കോമഡിയും വീടിന്‍റെ അന്തരീക്ഷവുമെല്ലാം പാകത്തിന് ചേർന്നു.



ഷിബിൻ ഫ്രാൻസിസിന്‍റെ തിരക്കഥ ശരാശരി മാത്രമാണ്. എങ്കിലും, ആവിഷ്കരണത്തിലെ അമൽ നീരദ് ടച്ചാണ് ചിത്രത്തിന്‍റെ മാറ്റ് കൂട്ടിയത്. മെക്സിക്കോയും അമേരിക്കയുടെ അതിർത്തി പ്രദേശങ്ങളും രണദിവ് കാമറയിൽ പകർത്തിയതിന്‍റെ മനോഹാരിത തിയറ്ററിൽ പോയി തന്നെ കണ്ടറിയുക. പ്രേക്ഷകരുടെ മനസിനെ വേഗത്തിലോടിച്ച ശേഷം ഇതുവരെ കാണാത്ത ഒട്ടേറെ കാഴ്ചകൾ സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്. പക്ഷേ, രണ്ടാം പകുതിയിലെ അത്തരം കാഴ്ചകൾ കാണാൻ ഇത്തിരി ക്ഷമ വേണമെന്നു മാത്രം.

(ബാഹുബലി കാഴ്ചകളിൽ സഖാവ് അജി മുങ്ങാതിരുന്നാൽ സിഐഎ ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കും)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.