ഉള്ളു തണുപ്പിക്കുന്ന ഏദൻ തോട്ടം
Friday, May 12, 2017 5:03 AM IST
സംഗീതാർദ്രമായ മഴയിൽ പൊഴിഞ്ഞു വീണ ആലിപ്പഴങ്ങളായിരുന്നു രാമന്‍റെ ഏദൻ തോട്ടത്തിലെ ഓരോ താരങ്ങളും. അവർ നക്ഷത്രങ്ങളെ പോലെ മിന്നിത്തിളങ്ങി ഒരുപിടി ജീവിത കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിച്ചപ്പോൾ അതിൽ നൊന്പരങ്ങളും സന്തോഷങ്ങളും പിന്നെ ജീവിതത്തിന്‍റെ ടേണിംഗ് പോയിന്‍റുകളുമെല്ലാം ദൃശ്യമായി. കുടുംബപ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്തുന്ന ഒരു ഫാമിലി എന്‍റർടെയ്നറാണ് "രാമന്‍റെ ഏദൻതോട്ടം'.



ഒരു നല്ല ബന്ധമുണ്ടാകുന്നത് മനസുകൾ തമ്മിലുള്ള ദൂരപരിധികൾക്കിടയിലൂടെയാണ്. ആ ദൂരപരിധികളുടെ വ്യാപ്തി അളക്കേണ്ട അളവുകോൽ സംവിധായകൻ പ്രേക്ഷകർക്ക് വിട്ടുനൽകുകയാണ്. മുന്നിലേക്ക് വച്ച കഥയ്ക്കും അതിലെ കഥാപാത്രങ്ങൾക്കും ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായി ഏറെ ബന്ധമുണ്ട്. ആണ്‍-പെണ്‍ സൗഹൃദങ്ങളുടെ കഥ ഒത്തിരി തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ള ബിഗ് സക്രീനിൽ രാമനും മാലിനിയും തമ്മിലുള്ള ബന്ധത്തിന്‍റെ കഥ മുന്നോട്ടുവയ്ക്കുന്പോൾ രഞ്ജിത് ശങ്കർ പറയാൻ ശ്രമിച്ചത് ഓരോരുത്തർക്കും സന്തോഷപ്രദമായ ജീവിതം ഉണ്ടാകുന്നത് എങ്ങനെയാണെന്നാണ്.



രാമന്‍റെ ഏദൻതോട്ടം എന്ന പേരിന്‍റെ പെരുമയിൽ മാലിനിയെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു സംവിധായകൻ. ഈ രാമൻ പറയുന്നത് മാലിനിയുടെ കഥയാണ്. അനു സിത്താര എന്ന നടിയുടെ സിനിമ വഴിത്താരയിലെ ടേണിംഗ് പോയിന്‍റാകുകയാണ് മാലിനി. ഉടച്ചുവാർക്കാൻ ഒരു സംവിധായകൻ മുന്നിലുള്ളപ്പോൾ ഒരു നടിയ്ക്ക് ചെയ്യാനുള്ളത് ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുകയെന്നുള്ള ദൗത്യം മാത്രമാണ്. ചിരിയും ചെറിയ നൊന്പരങ്ങളും പിന്നെ ജീവിതത്തെ മാറ്റിമറിക്കുന്ന യാത്രകൾക്കിടയിലെ മുഹൂർത്തങ്ങളുമെല്ലാം അനു സിത്താരയിലെ നടി കൈയടക്കത്തോടെ ചെയ്തപ്പോൾ ഇതുവരെ നടിയിൽ ഉണ്ടായിരുന്ന ആലസ്യത്തിന്‍റെ മറ താനെ നീങ്ങുന്നത് കാണാനായി.



"സംശയം' എന്ന വീക്ക് പോയിന്‍റിൽ പിടിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ആണുങ്ങൾക്ക് എന്തുമാകാം പെണ്ണുങ്ങൾ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കേണ്ടവർ എന്ന ലേബലിൽ ഇറങ്ങിയ ചിത്രങ്ങളുട നിരയിലേക്ക് രാമന്‍റെ ഏദൻതോട്ടം കയറിക്കൂടിയേക്കുമെന്നുള്ള തോന്നൽ ആദ്യ പകുതി നൽകുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിലെ കലങ്ങി മറിയൽ ചിത്രത്തെ ആകെ മാറ്റി മറിക്കുന്നു. ഫ്ളാഷ് ബാക്കിന്‍റെ പിൻബലത്തിൽ രാമന്‍റെ (കുഞ്ചാക്കോ ബോബൻ)ഏദൻ തോട്ടത്തിലേക്കുള്ള മാലിനിയുടെയും കുടുംബത്തിന്‍റെയും യാത്രയും അവിടെ ഉടലെടുക്കുന്ന സൗഹാർദത്തിന്‍റെ കഥയുമാണ് ചിത്രം പങ്കുവയ്ക്കുന്നത്. വിവാഹേതര ബന്ധങ്ങൾ കുടുംബ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും കാര്യങ്ങളുമെല്ലാം ചിത്രത്തിൽ കടന്നു വരുന്നുണ്ട്. ഇത്ര സങ്കീർണമായ കഥയെ ഒതുക്കത്തോടെയും ഒഴുക്കോടെയും അവതരിപ്പിക്കുന്നതിൽ രഞ്ജിത്ത് ശങ്കർ വിജയിച്ചു.



രാമന്‍റെ ഏദൻ തോട്ടവും അവിടുത്തെ അന്തരീക്ഷവുമെല്ലാം ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. കാടിനെയും പ്രകൃതിയെയും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ഈ ചിത്രം കണ്‍കുളിർക്കേയുള്ള കാഴ്ചകൾ സമ്മാനിക്കും. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാടും മേടുമെല്ലാം കണ്‍മുന്നിൽ കൊണ്ടുവന്ന് കാഴ്ചകൾക്കും മനസിനും കുളിർമ നൽകും വിധം ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ഛായാഗ്രാഹകൻ മധു നീലകണ്ഠനാണ്. ബിജിബാലിന്‍റെ സംഗീതമാണ് സിനിമയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നത്. കഥയും സംഗീതവുമായി ഇഴുകി ചേർന്നപ്പോൾ രാമന്‍റെ ഏദൻതോട്ടത്തിലെ കാഴ്ചകൾ അത്രയും കുളിർക്കാറ്റിന്‍റെ തെന്നൽ പോലെ ഹൃദ്യമായി.



കരിയർ ബെസ്റ്റ് എന്ന് അവകാശപ്പെടാൻ പറ്റില്ലെങ്കിലും രാമൻ ഇതുവരെ കുഞ്ചാക്കോ ബോബന്‍ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ജോജു ജോർജിന്‍റെ പ്രകടനമാണ് ചിത്രത്തിൽ എടുത്തു പറയേണ്ടത്. മാലിനിയുടെ ഭർത്താവായി ജോജു അലസനായ ഗൃഹനാഥന്‍റെ വേഷം മികവോടെ പകർന്നാടിയിട്ടുണ്ട്. പിഷാരടിയുടെ സ്പൊണ്ടേനിയസ് കൗണ്ടറുകളും മുത്തുമണിയുടെ വളവളാന്നുള്ള സംസാര രീതിയുമെല്ലാം ഏദൻ തോട്ടത്തിലെ കാഴ്ചകളുടെ നൈർമല്യം കൂട്ടി. ചിത്രത്തിൽ നിഴലായി പോയത് അജു വർഗീസ് മാത്രമാണ്.



ബന്ധനങ്ങളുടെ പിടിവലയത്തിൽ നിന്നും സ്വാതന്ത്ര്യത്തിന്‍റെ ചിറകിലേറി പറക്കാൻ കൊതിക്കുന്ന സത്രീകളുടെ പ്രതിനിധിയാണ് മാലിനി. അവൾ ജീവിതത്തോട് നടത്തുന്ന നിരന്തര സമരത്തിന് കൈത്താങ്ങാകുന്നതാകട്ടെ രാമനും. സന്തോഷം അഭിനയിക്കുക എന്നത് പരമ ബോറാണെന്നും അത് മനസിൽ നിന്നും അടർന്നു വീഴേണ്ട ഒന്നാണെന്നു കൂടി ചിത്രം ഓർമപ്പെടുത്തുന്നുണ്ട്.



വാഗണ്ണിലേക്കൊരു യാത്ര... ഒരുപിടി ജീവിതങ്ങളുടെ നേർക്കാഴ്ചകൾ... സ്വാതന്ത്ര്യത്തിന്‍റെ ചിറകിലേറി പറക്കുന്ന പക്ഷി.... പതിയെ പതിയെ അകലുന്ന പേടി ഇവയെല്ലാം രഞ്ജിത് ശങ്കർ ചിത്രത്തിൽ നിങ്ങളെയും കാത്തിരിപ്പുണ്ട്. അപ്പോൾ എങ്ങനാ ടിക്കറ്റെടുക്കുവല്ലേ, ഈ കൊച്ചു ചിത്രം കാണാൻ...

(മാലിനിയിലൂടെ അനു സിത്താര മുൻനിര നായികമാരുടെ നിരയിലേക്ക് സ്ഥാനം പിടിക്കും.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.