ബി കെയർഫുൾ...!
Saturday, May 27, 2017 2:12 AM IST
ട്രാഫിക് കോലാഹലങ്ങൾക്ക് ഇടയിലൂടെയുള്ള ഓട്ടത്തിനിടയിൽ നാം മറന്നു പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. നാം മനസറിയാതെ വരുത്തിവച്ച അപകടങ്ങളും അക്കൂട്ടത്തിൽ കാണാം. എങ്ങനെ ഓർക്കാൻ, ആര് അറിയാൻ... എല്ലാം അതിന്‍റേതായ വഴിക്ക് നടന്നു പോകുന്നു. പക്ഷേ, അത്തരം മറവികളും അപകടങ്ങളും നമ്മളോടു പ്രതികാരത്തിനായി ഒരുങ്ങിയാലോ... ഈ ഒരു ചിന്താഗതിയാണ് സംവിധായകൻ വി.കെ. പ്രകാശ് "കെയർഫുൾ' എന്ന ചിത്രത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

കന്നഡയിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയ "യു ടേണ്‍' എന്ന ചിത്രത്തിന്‍റെ സ്വതന്ത്ര ആവിഷ്കാരമാണ് കെയർഫുൾ. താരപകിട്ടില്ലാതെ ഇറങ്ങിയ ചിത്രം മുന്നോട്ടു വച്ച വിഷയത്തിലൂന്നിയാണ് കന്നഡയിൽ പ്രദർശന വിജയം നേടിയത്. അതുപോലെ തന്നെ മലയാളത്തിലും വൻ താരനിരയുടെ അകന്പടിയില്ലാതെയാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.



മനസിനെ ഒരുതവണയല്ല ഒരുപാട് തവണ പിടിച്ചുലയ്ക്കുന്ന സംഭവങ്ങൾ വി.കെ.പി ചിത്രത്തിൽ കൂട്ടിയിണക്കിയിട്ടുണ്ട്. വാഹനം ഓടിക്കുന്നവർ മാത്രമല്ല, യാത്ര ചെയ്യുന്ന ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാളും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് കെയർഫുൾ.

നിസാരമെന്ന് കരുതി ചെയ്യുന്ന ചിലതിൽ നിന്നാണ് വലിയ വിപത്തുകൾ ഉണ്ടാകുക. അത്തരം കാഴ്ചപ്പാടുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നിയമം ലംഘിക്കാത്തവരായി ആരെങ്കിലും ഉണ്ടോ... ഇല്ല. അപ്പോൾ ഈ ചിത്രം അവനവനിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ഒരു വാർത്തയ്ക്ക് പിന്നാലെയുള്ള ജേർണലിസ്റ്റ് ട്രെയിനിയുടെ പരക്കംപായലിനിടയിൽ കഥയുടെ ചുരുൾ താനെ അഴിയുകയാണ്. രചന നന്പ്യാരെന്ന ജേർണലിസ്റ്റായി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് പുതുമുഖമായ സന്ധ്യ രാജുവാണ്.



ട്രാഫിക് നിയമങ്ങളുടെ ലംഘനവും അതുവഴി ഉണ്ടാകുന്ന അപകടങ്ങളും ഒരുപാട് ചിത്രങ്ങളിൽ പ്രതിപാദ്യ വിഷയമായിട്ടുണ്ടെങ്കിലും കെട്ടിലും മട്ടിലും അവതരണത്തിലും പുതുമ കൊണ്ടുവന്നിടത്താണ് കെയർഫുൾ വേറിട്ട് നിൽക്കുന്നത്. കുടുംബാന്തരീക്ഷത്തിലെ കളി ചിരികളും സന്തോഷവും സ്ക്രീനിൽ കാണിച്ച് പതിയെ കഥയിലേക്ക് കടക്കുന്പോൾ തന്നെ കഥാഗതിയുടെ സഞ്ചാരം എങ്ങോട്ടാണെന്ന് ഉൗഹിക്കാൻ സാധിക്കും. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളിലൂടെ ചിത്രത്തെ പ്രേക്ഷകരുടെ മനസിലേക്ക് എടുത്തെറിഞ്ഞ് വരിഞ്ഞുമുറുക്കാനാണ് വി.കെ.പി അദ്യ പകുതിയിൽ ശ്രമിച്ചിരിക്കുന്നത്.

ആദ്യ പകുതി നൽകുന്ന ഞെട്ടലിൽ നിന്നും രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ ചിത്രം കൂടുതൽ സങ്കീർണമാകുകയാണ്. ഒരു അപകടവും അതിന് പിന്നാലെ നടക്കുന്ന സംഭവങ്ങളും ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തുന്നുണ്ട്. ഒരു ത്രില്ലറിന് വേണ്ടുന്ന രീതിയിൽ പശ്ചാത്തല സംഗീതം ഒരുക്കി ചിത്രത്തിന് മികവ് കൂട്ടാൻ അരവിന്ദ് ശങ്കറിന് സാധിച്ചു.



കണ്‍മുന്നിൽ നടക്കുന്ന കാഴ്ചകൾ സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്ന പോലീസുകാരെയും ചിത്രത്തിൽ കാണാനാവും. കേരള പോലീസിന്‍റെ ആലസ്യവും ആത്മാർഥതയും കൃത്യമായി രേഖപ്പെടുത്തിയ ചിത്രത്തിൽ വിജയ് ബാബു അന്വേഷണ ത്വരതയുള്ള പോലീസ് ഓഫീസറായി തരക്കേടില്ലാത്ത പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ജോമോളുടെ തിരിച്ചുവരവ് ചിത്രം കൂടിയാകുകയാണ് കെയർഫുൾ. സൈജു കുറിപ്പ്, അജു വർഗീസ്, ശ്രീജിത്ത് രവി, കൃഷ്ണകുമാർ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

രണ്ടു മണിക്കൂറിൽ ഒതുങ്ങി നിന്നുള്ള കഥപറച്ചിലായിരുന്നിട്ട് കൂടി ഒതുക്കമില്ലായ്മ ചിത്രത്തെ പിന്നോട്ടടിക്കുന്നുണ്ട്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങൾക്കിടയിലും കാട്ടിക്കൂട്ടന്ന ചില കോപ്രായങ്ങൾ ചിത്രത്തിന്‍റെ സീരിയസ് മൂഡിനെ തല്ലികെടുത്തി. അഭിനയത്തിന്‍റെ പോരായ്മകൾ പാർവതി നന്പ്യാരിൽ വീണ്ടും നിഴലിക്കുന്നതും ചിത്രത്തിൽ കാണാനാവും. അവതരണത്തിലും കഥയുടെ വേഗത്തിനും അനുസരിച്ച് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നതിൽ സംവിധായകന് സാധിച്ചിട്ടുണ്ട്.



ട്രാഫിക് ലംഘനങ്ങളുടെ കഥപറയുന്ന ചിത്രത്തിന്‍റെ വേഗത്തിന് അനുസരിച്ച് കാമറ ചലിപ്പിച്ചിരിക്കുന്നത് ധനേഷ് രവീന്ദ്രനാഥാണ്. നിസാരമെന്നു പറഞ്ഞ് തള്ളിക്കളയുന്ന ട്രാഫിക് ലംഘനങ്ങൾ വലിയ വലിയ അപകടങ്ങളാണ് വിളിച്ച് വരുത്തുന്നത്. അത്തരം അപകടങ്ങൾ തട്ടിയെടുക്കുന്ന ജീവനുകൾക്ക് അറിയാതെയെങ്കിലും പലരും ഉത്തരവാദികളാകുന്നുണ്ട്. അത്തരം ചില കാഴ്ചകളിലേക്കാണ് വി.കെ.പി നമ്മുടെ ഓരോരുത്തരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്. തിരക്കുകൾക്കിടയിലുള്ള ഓട്ടത്തിനിടയിൽ കെയർഫുൾ കാണാനായി ഇത്തിരി സമയം മാറ്റിവച്ചാൽ ജീവിതം കുറച്ചുകൂടി കെയർഫുള്ളാക്കാൻ ശ്രമിക്കും എന്നതിൽ സംശയമില്ല.

(വേഗത്തിലുള്ള ഓട്ടത്തിനിടയിൽ ഓർമിക്കുക, ഓരോ ജീവനും വിലപ്പെട്ടതാണ്. So be Careful.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.