ഈ തൊണ്ടിമുതലിന് പ്രേക്ഷകർ ദൃക്സാക്ഷിയാകും
Friday, June 30, 2017 5:32 AM IST
അല്പ സ്വല്പം ഇഴച്ചിലുകളില്ലാതെ എന്തു ജീവിതമല്ലേ... ആ ഇഴച്ചിലുകൾ പോലും സുന്ദരമാകുന്നിടത്താണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ ജീവൻ തുടിക്കുന്നത്. ഇത്ര നിസാരമായ കഥയ്ക്ക് കഥാപാത്രങ്ങളുടെ ചലനങ്ങളിലൂടെ മികച്ചൊരു ചലച്ചിത്രഭാഷ്യമാണ് ദിലീഷ് പോത്തൻ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ബിഗ് സ്ക്രീനിനു മുന്നിൽ സ്വതന്ത്രമാക്കി വിട്ട് സംവിധായകൻ ആഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് മാത്രം ശ്രദ്ധക്ഷണിക്കുന്ന രീതിയാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. "ബലം പിടിച്ചിരിക്കുന്നിടത്ത് എന്തൂട്ട് ജീവിതമാണുള്ളത്. കുറച്ചൊക്കെ അയഞ്ഞ് കൊടുക്കുന്പോഴല്ലേ ജീവിതത്തിന് ഒരു ത്രില്ലും രസവുമൊക്കെ ഉണ്ടാകു'. മഹേഷിനെ മറന്ന് പ്രസാദിനെ കാണാൻ കയറുന്ന ഏതൊരു പ്രേക്ഷകനും തിയറ്റർ വിടുന്പോഴേക്കും ഈ പറഞ്ഞ വാചകത്തിന്‍റെ പിന്നാലെ പല കോണുകളിലൂടെ സഞ്ചരിക്കുന്നുണ്ടാവാം.




കുട്ടിക്കാലത്തു കളിച്ചു രസിച്ച കള്ളനും പോലീസും കളിയുണ്ടല്ലോ... അമ്മാതിരി ഒരു കളിയാണ് ദിലീഷ് പോത്തനും സംഘവും ഒരുക്കിയിരിക്കുന്നത്. വൈക്കത്തെ നാട്ടിൻപുറ കാഴ്ചകളിൽ ഒരു ചെറിയ പ്രണയകഥ കാട്ടിത്തന്ന ശേഷം സംവിധായകൻ നേരെ കൂട്ടികൊണ്ടു പോകുന്നത് കാസർഗോട്ടേക്കാണ്. അവിടെ ഒരു ബസിലുണ്ടാകുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റി കഥ പതിയെ വികസിച്ച് തുടങ്ങുകയാണ്. കള്ളനും പോലീസും കളിയിലെ പോലീസ് സ്റ്റേഷൻ രീതികളെല്ലാം രസകരമായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ കളിയിൽ പക്ഷേ, ചുറ്റുപാടുകളും സാഹചര്യങ്ങളുമെല്ലാം കഥാപാത്രങ്ങളാകുന്നുണ്ടെന്ന് മാത്രം.



ഈ ചിത്രത്തിൽ നായകനും നായികയും ഇല്ല. നിറയെ കഥാപാത്രങ്ങൾ മാത്രമേയുള്ളു. കാരണം കഥയ്ക്ക് ചുറ്റുമുള്ള ഓട്ടപ്പാച്ചിലിനിടയിൽ അവരെല്ലാവരും ചട്ടക്കൂടുകളില്ലാതെ തന്നെ സമൻമാരായി തീരുന്നുണ്ട്. വേർതിരിച്ചെടുത്ത് ഇതാണ് നായിക ഇതാണ് നായകൻ എന്നു ചൂണ്ടിക്കാട്ടാൻ സുരാജിനെയും നിമഷയേയും സംവിധായകൻ വിട്ടുതരുന്നുണ്ടെങ്കിലും കഥയുടെ ഉള്ളറകളിലേക്ക് നീങ്ങുന്നതോടെ ഈ ചിന്താഗതികളെല്ലാം താനെ ഇല്ലാതാകും.




ആക്ഷൻ ഹീറോ ബിജു, കിസ്മത്ത് എന്നീ ചിത്രങ്ങളിൽ പോലീസ് സ്റ്റേഷനും പരിസരവുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ സംവിധായകർ സിനിമാറ്റിക് ചട്ടക്കൂടിൽ തുറന്നിട്ടിരുന്നു. ഈ വീർപ്പുമുട്ടലുകളിൽ നിന്നും പോലീസ് സ്റ്റേഷനെ മോചിപ്പിക്കാൻ "തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തന് സാധിക്കുന്നുണ്ട്. ഏണിയും പാന്പും കളിയിലെ കയറ്റിറക്കങ്ങൾ പോലെ ചിത്രത്തിനും കയറ്റിറക്കങ്ങളുണ്ട്. രണ്ട് പ്രസാദുമാരെ മുന്നിലിട്ട് തന്ന് ഇവരിൽ ആരാണ് കേമനെന്നുള്ള ചോദ്യം സംവിധായകൻ പ്രേക്ഷകരിലേക്ക് തൊടുത്തുവിടുകയാണ്.




നിഷ്കളങ്കതയുടെ പ്രതീകമായി സുരാജും കള്ളച്ചിരിയുമായി ഫഹദ് ഫാസിലും ചിത്രത്തെ രണ്ടുതലങ്ങളിൽ നിന്നുകൊണ്ടു ചിത്രത്തെ മുന്നോട്ടുനയിക്കുന്നു. ഫഹദിന്‍റെ ചിരിയും കുസൃതിയും പിന്നെ വേലത്തരങ്ങളുമെല്ലാം കൂടിചേരുന്പോൾ ചിത്രത്തിന് അഴകേറി വരുന്നത് കാണാൻ സാധിക്കും. മഹേഷിനെ കുടഞ്ഞെറിഞ്ഞ് പ്രസാദിലേക്കുള്ള കൂടുമാറ്റം കണ്ണുകൾ കൊണ്ടുതന്നെ ഫഹദ് കാട്ടിത്തരുന്നുണ്ട്. ചിരിവിട്ട് സീരിയസായ സുരാജ് തന്നെ ചിരി വേഷങ്ങളിൽ തളച്ചിടാൻ ശ്രമിക്കേണ്ടെന്ന് പറയുന്ന ചിത്രമാണിത്.




തുടക്കക്കാരിയുടെ ഒരു പതർച്ചയും മുഖത്തു കാട്ടാതെ നിമിഷ സജയൻ ശ്രീജയെന്ന നാട്ടിൻപുറത്തുകാരിയായി കുടുംബപ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. മഹേഷിന്‍റെ പ്രതികാരത്തിലെ ബേബിച്ചായനെ രസികനായ പോലീസുകാരനായാണ് സംവിധായകൻ ഈ ചിത്രത്തിലേക്ക് എടുത്തിട്ടിരിക്കുന്നത്. പോലീസുകാരന്‍റെ കാർക്കശ്യവും നിസഹായതയും രസികത്തരങ്ങളുമെല്ലാം അലൻസിയറിൽ ഭദ്രം.




തിരക്കഥയിലെ ലാളിത്യം ചിത്രത്തിന്‍റെ ഒഴുക്കിനെ വല്ലാണ്ട് സ്വാധീനിച്ചിട്ടുണ്ട്. കേസ് വളച്ചൊടിക്കാവുന്ന രീതികളും ഒരു കേസ് കിട്ടിയാൽ കൈകാര്യം ചെയ്യുന്ന രീതികളും വളരെ ലളിതമായി തന്നെ തിരക്കഥാകൃത്ത് സജീവ് പാഴൂർ കൈകാര്യം ചെയ്തിട്ടുണ്ട്. ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന ഫ്രെയിമുകൾ സമ്മാനിച്ച് രാജീവ് രവി ചിത്രത്തിന്‍റെ ഭംഗി കൂട്ടിയപ്പോൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് സംഗീതം ഒരുക്കി ബിജിപാൽ ചിത്രത്തിന് മാറ്റുകൂട്ടി.




ഇത്തരം ചേരുവകളെല്ലാം കിറുകൃത്യമായതോടെ റിയലിസ്റ്റിക്ക് സിനിമകളുടെ നിരയിലേക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും താനെ കടന്നു കൂടുകയായിരുന്നു. തൊട്ടുമുന്നിലുള്ള ജീവിതത്തിന്‍റെ ആശങ്കകളും ആകുലതകളും മാത്രമല്ല, അവസാനം നിമിഷം വരെ പിടിച്ചു നിൽക്കാനുള്ള പെടാപ്പാടുകളും ചിത്രത്തിൽ കാണാനാവും. അതെ, ആ പിടിച്ചുനിൽപ്പ് തന്നെയാണ് ഈ ചിത്രത്തിന്‍റെ നട്ടെല്ല്. കണ്ടിരിക്കാം ജീവിതത്തിന്‍റെ നേർക്കാഴ്ചകളെ ഒരു കൂസലുമില്ലാണ്ട് തന്നെ.

(താരതമ്യങ്ങൾക്ക് സ്ഥാനമില്ല, ദിലീഷ് പോത്തൻ മലയാള സിനിമയിൽ വേറിട്ടവഴിയെ സഞ്ചരിക്കുകയാണ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.