അയാൾ "ശശി'യാക്കില്ല...!
Friday, July 7, 2017 5:20 AM IST
"ശശി' ഇന്ന് മലയാളത്തിലെ ഒരു പേര് മാത്രമല്ല, പ്രയോഗം കൂടിയാണ്. ശശിയായി എന്ന പ്രയോഗം ന്യൂജെൻ പിള്ളേരുടെയിടയിൽ സാധാരണയായിക്കഴിഞ്ഞു. അമളി പറ്റുന്നതിനാണ് ശശിയായി എന്ന പ്രയോഗം സാധാരണയായി ഫ്രീക്കൻമാർ ഉപയോഗിക്കുന്നത്. ഇത്തരമൊരു കാലത്ത് തീയറ്ററിൽ എത്തിയ ചിത്രമാണ് സജിൻ ബാബു സംവിധാനം ചെയ്ത "അയാൾ ശശി'. ഇതുവരെ ശശിയായിട്ടില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവർ അയാൾ ശശിക്ക് ടിക്കറ്റെടുത്തോളു തിരിച്ചിറങ്ങുന്പോൾ നിങ്ങളും ഒരൊന്നൊര ശശിയായിരിക്കും... തീർച്ച. (ഇവിടെ ശശിയാകരുത്‌‌! ഉദ്ദേശിച്ചത് നെഗറ്റീവ് അർഥത്തിലല്ല).



തമാശയ്ക്ക് വേണ്ടി തമാശയോ, കഥയ്ക്ക് വേണ്ടിയുള്ള കഥയോ ഒന്നും അയാൾ ശശിയിലില്ല. ഇന്നത്തെ ചുറ്റുപാടുകളെ ശശിയുമായി കൂട്ടിയിണക്കുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്. പ്രാഞ്ചിയേട്ടനിലെ "അരി പ്രാഞ്ചി' ഇടയ്ക്കിടെ ശശിയുടെ ശരീരത്ത് കയറിക്കൂടുന്നുണ്ട്. പ്രാഞ്ചിയെ അപേക്ഷിച്ച് ശശിക്ക് ഒരുപാട് ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നു മാത്രം. പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ഓട്ടമാണ് രണ്ടുപേരെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഘടകം.



രണ്ടു മണിക്കൂർ ഏഴ് മിനിറ്റ് ശശി ഇങ്ങനെ സ്ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ്. മറ്റുള്ളവർക്ക് മുന്നിൽ സ്വയം ശശിയായും അവരറിയാതെ അവരെ ശശിയാക്കിയും ജീവിക്കുന്ന ശശി നന്പൂതിരി മൊത്തത്തിൽ ഒരു ശശി മയം തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കാലത്തിന് അനുസരിച്ച് കോലം മാറുന്ന ഇന്നത്തെ ജീവിത രീതികളെ കണക്കിന് പ്രഹരിച്ചുകൊണ്ടുള്ള ആക്ഷേപഹാസ്യ ചിത്രമാണ് അയാൾ ശശി.



ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ ചിത്രത്തിൽ ചർച്ചാവിഷയമാകുന്നുണ്ട്. സമൂഹത്തിലെ പല കൊള്ളരുതാഴ്മകൾക്കെതിരെയും സ്വരം ഉയർത്തിയിട്ടുള്ള നടനും സംവിധായകനുമായ ശ്രീനിവാസൻ തന്നെ ഈ സിനിമയിൽ ശശിയായി എത്തിയത് തികച്ചും യാദൃശ്ചികം മാത്രം. ജീവിതത്തെ വ്യത്യസ്ത വീക്ഷണ കോണിൽ കൂടി കാണുന്ന ശശി നന്പൂതിരിയായി ചിത്രത്തിൽ മികച്ച പ്രകടനമാണ് ശ്രീനിവാസൻ നടത്തിയിരിക്കുന്നത്. ശശി ഇന്നത്തെ സമൂഹത്തെ നോക്കി കാണുന്നതും ശശിയെ സമൂഹം നോക്കി കാണുന്നതുമെല്ലാം രസകരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ശശിയും ഇന്നത്തെ സമൂഹവും തമ്മിൽ മേലനങ്ങാതെയുള്ള ഏറ്റുമുട്ടൽ ചിത്രത്തിൽ കാണാൻ കഴിയും. അവസരവാദികളുടെ മുഖങ്ങളെ പിച്ചി ചീന്താനും അവരെ തുറന്നു കാട്ടാനുമെല്ലാം സംവിധായകൻ നന്നായി മെനക്കെട്ടു.



ശശിയുടെ അടിപൊളി ജീവിതത്തിനിടയിൽ ദിവ്യ ഗോപിനാഥും അനിൽ പി. നെടുമങ്ങാടും കൊച്ചുപ്രേമനും രാജേഷ് ശർമയും ശ്രീകുമാറുമെല്ലാം ഭാഗമാകുന്നുണ്ടെങ്കിലും അയാൾ ശശിയിൽ "ശശി' തന്നെയാണ് താരം. വെറുതെയാണോ ശ്രീനിവാസൻ ചിത്രത്തിനായി 12 കിലോ കുറച്ചത്. ആ ഭാരക്കുറവിലേറിയുള്ള ചിത്രത്തിന്‍റെ കുതിപ്പ് കാണേണ്ടത് തന്നെയാണ്. ചാനൽ ചർച്ചകൾക്ക് നേർക്കുള്ള കരിവാരി തേക്കലും രാഷ്ട്രീയക്കാരുടെ തനിനിറവുമെല്ലാം ഭേഷായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.



മതം മരണത്തെ പോലും വെറുതെ വിടില്ലാന്ന് പറയുന്നതിലൂടെ ഇന്നത്തെ ജീർണിച്ച ചിന്താഗതികളെ വരെ പുറത്തേക്കെടുത്തിടുന്നുണ്ട് ചിത്രം. ആക്ഷേപഹാസ്യം ദൃശ്യവത്കരിക്കുന്പോൾ പശ്ചാത്തല സംഗീതത്തിനുള്ള പങ്ക് പറയേണ്ടതില്ലല്ലോ. പക്ഷേ, അത് വേണ്ട വിധത്തിൽ ഒത്തുചേരാതെ വന്നത് ഇഴച്ചിലുണ്ടാക്കുന്നുണ്ട്. എന്നാൽ പാട്ടുകൾ ചിത്രത്തിന്‍റെ താളത്തിന് അനുസരിച്ച് ഇഴുകി ചേർന്ന് നിൽക്കുന്ന വിധത്തിലാണ് ബേസിൽ സി.ജെ ഒരുക്കിയിരിക്കുന്നത്.



തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നഗര കാഴ്ചകളും ഗ്രാമീണ കാഴ്ചകളുമെല്ലാം ഛായാഗ്രാഹകൻ പപ്പു വേറിട്ട ഫ്രെയിമുകളാൽ സന്പന്നമാക്കിയപ്പോൾ എഡിറ്റിംഗിലെ പോരായ്മ ചിത്രത്തെ പിന്നോട്ടടിക്കുന്നുണ്ട്. ഭംഗിയും അഭംഗിയും തമ്മിലുള്ള കോന്പിനേഷൻ കൂടിയാണ് അയാൾ ശശിയെന്നുവേണമെങ്കിൽ പറയാം. ജീവീതവും മരണവും രണ്ടു ഘട്ടങ്ങളിലായി ചർച്ചാവിഷയമാകുന്പോൾ കടന്നു വരുന്ന സസ്പെൻസാണ് ചിത്രത്തെ കൂടുതൽ പ്രേക്ഷകരോട് അടുപ്പിക്കുന്നത്. സിനിമ ചർച്ച ചെയ്ത വിഷയങ്ങൾ അത്രയും ഇന്നിന്‍റെ നേരംപോക്കുകൾ തന്നെയാണ്. സ്വാർഥമായി കൊണ്ടിരിക്കുന്ന ജീവിത കാഴ്ചപ്പാടുകൾക്ക് നേരെ സംവിധായകൻ കണ്ണാടി തിരിക്കുന്പോൾ കാണാൻ കഴിയുന്നത് പലരും പറയാൻ മടിക്കുന്ന സാമൂഹ്യ യാഥാർഥ്യങ്ങളാണ്.

(എങ്ങനെ ശശിയാകാതിരിക്കാം എന്നറിയുന്നതിനായി ഒരുവട്ടം ശശിയാകുന്നതിൽ കുഴപ്പമൊന്നും ഇല്ലെന്നേ...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.