പെണ്‍മക്കളുള്ള അമ്മമാർക്കായ് "മോം'
Monday, July 10, 2017 12:41 AM IST
കണ്ടുപരിചയിച്ച പ്രതികാര കഥകളിൽ നിന്നും വ്യത്യസ്തമായ ഒന്ന് "മോം' സിനിമയിൽ പ്രതീക്ഷിക്കരുത്. പക്ഷേ, ചിത്രം മുന്നോട്ടുവയ്ക്കുന്ന വിഷയം സാമൂഹ്യപ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അവിടെയാണ് മോം പെണ്‍മക്കളുള്ള അമ്മമാർക്ക് വേണ്ടിയുള്ള സിനിമയായി മാറുന്നത്.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പെരുകി വരുന്ന കാലഘട്ടത്തെ മോം ഓർമപ്പെടുത്തുന്നു. പ്രതികാര കഥകൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഈ അമ്മയുടെ പ്രതികാരം നമ്മളെ വൈകാരിക തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും. ആദ്യ സംവിധാന സംരംഭത്തിലെടുക്കേണ്ട കരുതലുകൾ രവി ഉദ്യാവാർ കൃത്യമായി സ്വീകരിച്ചപ്പോൾ ചിത്രത്തിന്‍റെ ബാലൻസിംഗിൽ അത് പ്രതിഫലിക്കുകയും ചെയ്തു. മീഡിയയിലൂടെ ഇത്തരം ഒരു വിഷയത്തിന്‍റെ പ്രാധാന്യവും മറ്റും ജനങ്ങൾ വേണ്ടുവോളം കണ്ടതാണ്. അത്തരത്തിലുള്ള വിഷയത്തിലൂന്നി നിന്നുള്ള കഥപറച്ചലിൽ തുടക്കം മുതൽ അവസാനം വരെ കൈയടക്കത്തോടെ കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ശ്രീദേവി ദേവകി സബർവാളെന്ന അധ്യാപികയായും വീട്ടിൽ കുട്ടികൾക്ക് നല്ലൊരു അമ്മയായും ചിത്രത്തിൽ നിറഞ്ഞുനിൽക്കുകയാണ്. അഭിനയത്തിൽ ഇനിയും ഒരു ബാല്യം തനിക്കുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമാണ് ശ്രീദേവി ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്. തന്‍റെ മൂത്ത മകളുടെ ഇഷ്ടാനിഷ്ടങ്ങൾക്കിടിയിലെ അസ്വാരസ്യങ്ങളും മറ്റും പ്രകടമാകുന്ന ചിത്രത്തിൽ മകളെ നേരായ വഴിയിലേക്ക് നയിക്കാനുള്ള ശ്രമം ദേവകി നടത്തുന്നുണ്ട്. ഇതിനിടയിൽ മകൾ ഒരുകൂട്ടം യുവാക്കളാൽ ആക്രമിക്കപ്പെടുന്നതോടെയാണ് ചിത്രം കൂടുതൽ സീരിയസ് മൂഡിലേക്ക് കടക്കുന്നത്. കുറ്റവാളികളെ കണ്ടെത്താനുള്ള പരക്കം പാച്ചിലും പിന്നീടുള്ള കഥയുടെ പോക്കുമെല്ലാം പതിവ് പ്രതികാര കഥകളുടെ ആവർത്തനം തന്നെയാണ്.
നിയമ പോരാട്ടങ്ങൾക്കിടയിൽ യഥാർഥ സംഭവങ്ങളും തെളിവുകളും തമ്മിലുള്ള കണ്ണുപൊത്തി കളി ചിത്രത്തെ കൂടുതൽ ഉദ്വേഗജനകമാക്കുന്നുണ്ട്. നിയമം തെളിവുകളുടെ വഴിക്കും യഥാർഥ സംഭവങ്ങൾ വെറും കെട്ടുകഥകളുമായി മാറുന്ന കാഴ്ച ചിത്രത്തിൽ കാണാനാവും. ഇവിടെ നിന്ന് അങ്ങോട്ടുള്ള യാത്രയാണ് ചിത്രത്തെ ത്രില്ലർ മൂഡിലേക്ക് കൊണ്ടുപോകുന്നത്. അക്ഷയ് ഖന്ന പോലീസ് ഓഫീസറുടെ വേഷത്തിലെത്തി തന്നിലെ പ്രതിഭയ്ക്ക് മാറ്റ് കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നുണ്ട്. ഒരു പോലീസ് ഓഫീസറിൽ പ്രകടമാകേണ്ട അന്വേഷണ ത്വരതയും കൂർമ്മ ബുദ്ധിയുമെല്ലാം അക്ഷയ് ഖന്നയിൽ ഭദ്രമായിരുന്നു.
മറ്റൊരു പെണ്‍കുട്ടിക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകരുതെന്ന് തീരുമാനിച്ച് ഉറച്ച ദേവകിയുടെ മുന്നേറ്റങ്ങൾ കണ്ടിരിക്കേണ്ടത് തന്നെയാണ്. മകളെ നശിപ്പിച്ച ഓരോരുത്തരേയും തേടിയുള്ള യാത്ര സംവിധായകൻ വേറിട്ട വഴികളിലൂടെയാണ് കാട്ടിത്തരുന്നത്. നവാസുദ്ദീൻ സിദ്ദിഖിയുടെ ചിത്രത്തിലേക്കുള്ള കടന്നുവരവ് സീരിയസ് മൂഡിലൂടെ പോകുന്ന ചിത്രത്തിന് തമാശ ചേരുവകൾ സമ്മാനിക്കുന്നുണ്ട്. സീരിയസ് മൂഡിൽ നിന്നും ത്രില്ലർ മൂഡിലേക്ക് പ്രേക്ഷകർ വഴുതി വീഴുന്നത് എ.ആർ. റഹ്മാന്‍റെ പശ്ചാത്തല സംഗീതത്തിന്‍റെ അകന്പടിയോടെയാണ്. ടൈറ്റ് ഫ്രെയിമുകളൊരുക്കി ചിത്രത്തിന്‍റെ സീരിയസ് മൂഡ് ആദ്യ അവസാനം നിലനിർത്താൻ ഛായാഗ്രാഹകൻ അനയ് ഗോസ്വാമിക്ക് നിഷ്പ്രയാസം സാധിച്ചട്ടുണ്ട്. പശ്ചാത്തല സംഗീതവും കാമറയും കൂടി കൃത്യമായ ബാലൻസിംഗ് ചിത്രത്തിന് സമ്മാനിക്കുകയായിരുന്നു.
ക്ലൈമാക്സിലേക്ക് കടക്കുന്പോൾ ചിത്രം എങ്ങനെ അവസാനിപ്പിക്കണെമെന്നുള്ള കണ്‍ഫ്യൂഷൻ ഉണ്ടാകുന്നുണ്ട്. ഇതോടെ ഉൗഹിക്കാവുന്ന കഥാപശ്ചാത്തലത്തിലേയ്ക്ക് സിനിമ വഴുതി വീഴുകയാണ്. സമൂഹത്തിൽ ശാരീരിക ആക്രമണങ്ങൾക്ക് ഇരയായ പെണ്‍കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ഏതു വിധത്തിലാണെന്നുള്ളത് ആര്യ(സാജൽ അലി)യിലൂടെ കാട്ടിത്തരാൻ സംവിധായകന് കഴിഞ്ഞു. അത് ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും മറ്റും കൃത്യമായി ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലൈമാക്സിലെ പിടിത്തംവിട്ടു പോകൽ ഒഴിച്ച് നിർത്തിയാൽ ചിത്രം ഇന്നത്തെ സ്ത്രീ സമൂഹം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.

(പ്രതീക്ഷ തെറ്റിക്കുന്നില്ല ശ്രീദേവി... ഇനിയും വേറിട്ട വേഷങ്ങൾ ഈ നടിയെ തേടിയെത്തട്ടെ.)

വി.ശ്രീകാന്ത്