ഹോളിഡേ മൂഡിൽ "സണ്‍ഡേ ഹോളിഡേ'
Friday, July 14, 2017 5:22 AM IST
കഥകൾ പറയേണ്ട പോലെ പറഞ്ഞാൽ കേട്ടിരിക്കാൻ നല്ല സുഖമാണ്. സംവിധായകൻ ജിസ് ജോയി "സണ്‍ഡേ ഹോളിഡേ' എന്ന കഥ സ്ക്രീനൽ കാട്ടിത്തന്നപ്പോളും ആ സുഖം ഒട്ടും കുറയാതെ മനസിൽ തൊട്ടു തലോടി കടന്നുപോയി. കുറച്ചു പേരുടെ ജീവിതം കഥക്കൂട്ടിലിട്ട് പരുവപ്പെടുത്തിയെടുത്തപ്പോൾ അവിടെയെല്ലാം കഥകളുടെ ഒരു സമ്മേളനം തന്നെ ഉണ്ടായിരുന്നു. അതെല്ലാം കൃത്യമായ ചേരുവകളോടെ അങ്ങ് അവതരിപ്പിച്ചപ്പോൾ കണ്ടിരിക്കാൻ ബഹുരസമായിരുന്നു.

ആദ്യമേ പറഞ്ഞേക്കാം... നിങ്ങൾ കേൾക്കാത്തതോ കാണാത്തതോ ആയ കഥ ഇതിലില്ല. പക്ഷേ, അവയെല്ലാം കൂടി ചേരുന്പോൾ ഉണ്ടാകുന്ന ഒരു കെമിസ്ട്രിയാണ് സണ്‍ഡേ ഹോളിഡേയുടെ ഹൈലേറ്റ്. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ വേണ്ട ചേരുവകളെല്ലാം ഒന്നിനൊന്ന് കൂട്ടിയിണക്കി തന്നെയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്.



ഉണ്ണി മുകുന്ദനെന്ന സിനിമ മോഹിയുടെ വേഷത്തിൽ ശ്രീനിവാസൻ ബിഗ് സ്ക്രീനിലെത്തുന്പോൾ ക്ലീഷേയുടെ കൈപിടിച്ചാണോ തുടക്കമെന്നെല്ലാം തോന്നാമെങ്കിലും സംവിധായകന്‍റെ വ്യക്തമായ കാഴ്ചപ്പാടുകൾ ചിത്രത്തിന് പുതുമ സമ്മാനിക്കുന്നുണ്ട്. അധ്യാപന ജീവിതത്തോടൊപ്പം സിനിമ മോഹം ഉള്ളിലൊതുക്കി നടക്കുന്ന ഉണ്ണി നോട്ടത്തിലും ഭാവത്തിലും സംസാര ശൈലിയിലുമെല്ലാം ചിരി ഉണർത്തി ചിത്രത്തിന് ഉണർവ് നൽകുന്നുണ്ട്. വീണു കിട്ടിയ അവസരം മുതലാക്കിയുള്ള ഉണ്ണിയുടെ കഥപറച്ചിലിൽ ഉൗന്നിയാണ് അമലിന്‍റെ (ആസിഫ് അലി) ജീവിതം ബിഗ് സ്ക്രീനിൽ തെളിഞ്ഞ് തുടങ്ങുന്നത്. പിന്നീട് അങ്ങോട്ട് ഒരുപാട് ജീവിതങ്ങൾ അമലിലൂടെ നമ്മളിലേക്ക് എത്തുകയാണ്.

ആസിഫ് അലിയുടെ സിനിമ തെരഞ്ഞെടുപ്പുകൾ ഈയിടയായി മെച്ചപ്പെട്ടുവരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഒന്നിനൊന്ന് വ്യത്യസ്ത വേഷങ്ങളാണ് ആസിഫ് തെരഞ്ഞെടുക്കുന്നത്. ഇത്തരമൊരു ശ്രമത്തിന്‍റെ ഭാഗം തന്നെയാണ് സണ്‍ഡേ ഹോളിഡേയിലെ അമലും. അന്നും ഇന്നുമെല്ലാം ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ പെട്ടുതന്നെയാണ് അമലും മുന്നോട്ടുപോകുന്നത്. നിരാശയുടെയും അതിജീവനത്തിന്‍റെയും മുഖം കൊച്ചുകൊച്ചു ഭാവവ്യത്യാസങ്ങളിലൂടെ ആസിഫ് പകർന്നാടിയപ്പോൾ മാറ്റേറി വരുന്ന നടനെ ചിത്രത്തിൽ കാണാനായി. പേര് സൂചിപ്പിക്കും പോലെ അവധി ദിവസമായ ഞായറാഴ്ച സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ഒരുപാട് മാറ്റങ്ങൾ കഥയിൽ കയറി കൂടുന്നത്.

ചിത്രത്തിൽ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്. മുൻകാല ചിത്രങ്ങളിലെ ചില നായികമാർ കാട്ടിയ ചുറുചുറുക്ക് അതേപടി അനുകരിക്കാതിരുന്നിടത്താണ് അനു (അപർണ ബാലമുരളി) എന്ന കഥാപാത്രം വ്യത്യസ്തയാകുന്നത്. നായകനും നായികയും തമ്മിലുള്ള കണ്ടുമുട്ടലും കൂട്ടുകൂടലുമെല്ലാം പതിവ് രീതികളിൽ നിന്നും മാറ്റിപിടിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. ആ ശ്രമത്തിന്‍റെ ഫലമായി ഉണ്ടായ സ്പെഷൽ ഫീലാണ് ചിത്രത്തിന്‍റെ നല്ലൊഴുക്കിന് സഹായകമാകുന്നത്.



സെന്‍റിമെൻസ് രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സിദ്ദിഖിനുള്ള വൈഭവം "ലേലം' മുതൽ "ആൻമരിയ കലിപ്പിലാണ്' എന്ന ചിത്രങ്ങൾ വരെ കണ്ടറിഞ്ഞതാണ്. അതിന്‍റെ തുടർച്ച സണ്‍ഡേ ഹോളിഡേയിലുമുണ്ട്. എത്രമാത്രം ആഴത്തിലാണ് നാക്കൂട്ടിയെന്ന കഥാപാത്രം സിദ്ദിഖ് ഉൾക്കൊണ്ടിട്ടുള്ളതെന്ന് ചിത്രം കാണുന്പോൾ വ്യക്തമാകും. കോമഡി കൈകാര്യം ചെയ്യാൻ ധർമജനെ ഏൽപ്പിച്ചപ്പോൾ തന്നെ ആ ഭാഗം സുരക്ഷിതമായി. കൗണ്ടറുകളെല്ലാം വെറുപ്പിക്കാതെ തന്നെ സ്ക്രീനിൽ പ്രതിഫലിപ്പിക്കാൻ ധർമജനായി.

സത്യൻ അന്തിക്കാട് സിനിമകളിൽ കൂടുതലായി കണ്ടുവരാറുള്ള നന്മനിറഞ്ഞ കഥാപാത്രങ്ങൾ സണ്‍ഡേ ഹോളിഡയിലുമുണ്ട്. ഒന്നാം പകുതി അവസാനിക്കുന്നത് കഥയെ സീരിയസ് മൂഡിലേക്ക് വലിച്ചിട്ടുകൊണ്ടാണ്.എന്നാൽ ആ സീരിയസ് മൂഡിനെ ഒട്ടും ന്യായീകരിക്കാത്ത വിധമാണ് രണ്ടാം പകുതി തുടങ്ങുന്നത്. പിന്നീട് അങ്ങോട്ട് അല്പ സ്വല്പം ഇഴഞ്ഞാണ് ചിത്രത്തിന്‍റെ പോക്ക്.



ലളിതമായ കഥപറച്ചിൽ രീതിയിലൂടെ ചിത്രം വീണ്ടും ട്രാക്കിലേക്ക് വരുന്നതോടെ സംഭവം ഉഷാറായി തുടങ്ങും. സീരിയസ് മൂഡിലൂടെ കൊണ്ടുപോയി പതിയെ കോമഡി ട്രാക്കിലേക്ക് കടത്തിവിട്ട് ഒരുപിടി ജീവിതങ്ങൾ മുന്നിലേക്ക് ഇട്ടു തരുകയാണ് ചിത്രത്തിലൂടെ സംവിധായകൻ ജിസ് ജോയി. പ്രതീക്ഷകളുടെ അകന്പടി സേവിക്കാതെ കാണാം... ആസ്വദിക്കാം സൺഡേ ഹോളിഡേ. കണ്ടിറങ്ങുന്പോൾ ചില ഓർമകൾക്കൊപ്പം യാത്രയും നടത്താം.

(സിനിമയ്ക്കുള്ളിൽ നിന്നു തന്നെ പുതുമകൾ കണ്ടെത്താനുള്ള സംവിധായകന്‍റെ ശ്രമം വിഫലമായില്ല.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.