ബോബിീീീ അസഹനീയം..!
Saturday, August 19, 2017 1:20 AM IST
ക്ഷമയും സഹനശക്തിയും നിങ്ങൾക്ക് എത്രമാത്രം ഉണ്ട്. അത്തരമൊരു ഒരു പരീക്ഷണത്തിന് തയാറാണോ. രണ്ടു മണിക്കൂർ 21 മിനിറ്റ് നീണ്ടു നിൽക്കുന്ന പണം മുടക്കിയുള്ള ഈ പരീക്ഷണത്തിന് തയാറാണെങ്കിൽ മാത്രം "ബോബി' കാണാൻ കയറാം. മേൽ പറഞ്ഞ സമയം അസ്വസ്ഥത കാട്ടാതെ നിങ്ങൾ തീയറ്ററിൽ ഇരുന്നാൽ ക്ഷമയും സഹനശക്തിയും ആവോളമുണ്ടെന്ന് ഉറപ്പിക്കാം. മറിച്ച്, ഇടയ്ക്ക് ഇറങ്ങിപ്പോകണമെന്നോ, പെട്ടുപോയല്ലോ എന്നൊക്കെ തോന്നിയാൽ നിങ്ങൾ പരാജയമാണ്, വലിയ പരാജയം.

ആശയത്തിൽ മാത്രം പുതുമയുള്ള ഒരു അറുബോറൻ ചിത്രമാണ് ബോബി. 21 വയസുകാരനായ ഒരാൾ (ആണ്‍കുട്ടിയോ, കൗമാരക്കാരനോ, യുവാവോ നിങ്ങൾക്ക് സൗകര്യമുള്ളത് പോലെ വിളിക്കാം) 28 വയസുകാരിയായ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നതാണ് കഥ (അങ്ങനെയൊന്ന് ഉണ്ടെങ്കിൽ). തുടക്കം മുതൽ ഒടുക്കം വരെ എന്തൊക്കയോ സ്ക്രീനിൽ നടക്കുന്നുണ്ട്. വൈദിക വിദ്യാർഥിയായിരുന്ന ബോബി എന്തോ കാരണങ്ങളുടെ പേരിൽ സെമിനാരിയിൽ നിന്നും പുറത്താകുന്നു. പിന്നീട് അയാൾ രണ്ടാം വിവാഹം കഴിച്ച് കഴിയുന്ന പിതാവിന്‍റെ ഫ്ലാറ്റിലേക്ക് വരുന്നു. ഇതിനിടെ ഫ്ലാറ്റിന് മുന്നിൽ വച്ചു കാണുന്ന മരിയയോട് ഇഷ്ടം തോന്നുന്നു, പ്രേമിക്കുന്നു, കല്യാണം കഴിക്കുന്നു, ചില പ്രശ്നങ്ങളുണ്ടാകുന്നു, പരിഹരിക്കപ്പെടുന്നു. മേൽ പറഞ്ഞ സംഭവങ്ങളുടെ ഇടയിൽ നടക്കുന്ന കാര്യങ്ങളൊന്നും ഓർത്തുവയ്ക്കാൻ പാകത്തിനുള്ളതല്ല.



നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്‍റെ മകൻ നിരഞ്ജൻ ആണ് ചിത്രത്തിലെ ബോബി എന്ന ബേബി. 28 വയസുകാരിയായ മരിയയാണ് മിയ. ദോഷം പറയരുതല്ലോ നായകനെയും നായികയെയും കാണാൻ നല്ല ഭംഗിയാണ്. ജോലിയും കൂലിയുമില്ലാത്ത ഇരുവരും നല്ല ഭംഗിയുള്ള വേഷത്തിൽ ആദ്യാവസാനം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. നായകനും നായികയും എത്ര സൗന്ദര്യമുള്ളവരാണെങ്കിലും കോമാളിത്തരം കണ്ടുകൊണ്ടിരിക്കുന്നതിന് ഒരു പരിധിയില്ലേ... ബോബിയും സുഹൃത്തായ അജു വർഗീസും (കഥാപാത്രത്തിന്‍റെ പേര് ഓർക്കുന്നില്ല, ഓർത്തിട്ടും വലിയ കാര്യമൊന്നുമില്ല) ചേർന്നാണ് കോമാളി കളിക്ക് തിരിതെളിക്കുന്നത്. പിന്നീട് സാജു നവോദയ (പാഷാണം ഷാജി), നോബി (ഇരുവർക്കും ശിങ്കിടികളുമുണ്ട്), ഇടയ്ക്ക് എപ്പൊഴോ ഒരു തവണ വന്നുപോകുന്ന ധർമജൻ ബോൾഗാട്ടിയും കാമുകിയും ചേർന്ന് ഒന്നാം പകുതിയിലെ കോമാളി കളി ഭംഗിയാക്കും. ഇന്‍റർവെല്ലായി, ഉറങ്ങിയില്ലെങ്കിൽ ചായ കുടിക്കാനോ മൂത്രം ഒഴിക്കാനോ പുറത്തിറങ്ങാം.



ആദ്യ പകുതിയുടെ അവസാനത്തോടെ നടക്കുന്ന കല്യാണവും തുടർന്നുണ്ടാകുന്ന എന്തൊക്കയോ കാര്യങ്ങളുമാണ് രണ്ടാം പകുതി. അയ്യോ, മറന്നുപോയി മരിയ രണ്ടാം കെട്ടുകാരിയാണ്. ഇക്കാര്യം മേൽപറഞ്ഞ സ്ഥലങ്ങളിൽ എവിടെയെങ്കിലും ചേർത്തു വായിക്കണം. അല്ലെങ്കിൽ തുടർച്ച (continuity) കിട്ടില്ല. എങ്ങനെ രണ്ടാം കെട്ടുകാരിയായി എന്നൊന്നും ചോദിക്കരുത്. കഥയിൽ ചോദ്യമില്ല.

ബോബിയെ വിവാഹം കഴിച്ചെങ്കിലും ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിക്കാൻ മരിയ തയാറല്ല. ബോബി വിടുമോ... ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിക്കാൻ നായകൻ കാണിച്ചുകൂട്ടുന്ന തറവേലകളാണ് പിന്നീട്. അതിലൊന്നും വലിയ കാര്യമില്ല. മുൻപ് ഏതൊക്കയോ ചിത്രത്തിൽ കണ്ടിട്ടുള്ള നന്പരുകൾ തന്നെ. പുതുമയൊന്നുമില്ല. തറവേലകൾ അവസാനിപ്പിച്ച് മരിയയ്ക്ക് ബോബിയോട് ഇഷ്ടം തോന്നണമല്ലോ. അങ്ങനെ വന്നലല്ലേ സിനിമ അവസാനിക്കൂ. എങ്ങനെയും ഇഷ്ടം തോന്നണേ എന്ന് ഓരോ പ്രേക്ഷകനും പ്രാർഥിച്ചിരിക്കുന്പോൾ സംവിധായകൻ മരിയയുടെ ബന്ധുക്കളെ പരിചയപ്പെടുത്തും. അതുവരെ ഈ മരിയ എവിടെ നിന്ന് പൊട്ടിവീണതാണെന്ന് പ്രേക്ഷകർ സ്വയം ചോദിച്ചിരുന്ന ചോദ്യത്തിന് ഉത്തരമായി.



പിന്നീട് മരിയയും ബോബിയും കൂടി ബന്ധുവീടുകളിൽ ഒക്കെ പോയി തിരികെ വരുന്പോഴേയ്ക്കും ബോബിയെ മരിയയ്ക്ക് ഇഷ്ടമാകും. ഓഹ് ആശ്വാസം. സിനിമ ഇപ്പോൾ തീരുമല്ലോ എന്ന് ആശ്വസിച്ചിരിക്കുന്പോഴാണ് ക്ലൈമാക്സിലേക്ക് എത്തുന്ന പുതിയ പ്രശ്നം വരുന്നത്. ആ പ്രശ്നം എങ്ങനെ പരിഹരിക്കപ്പെടുമെന്ന് തീയറ്ററിൽ കയറുന്ന ഓരോ ഹതഭാഗ്യനും കണ്ടറിയേണ്ടതാണ്. അതു ഒരുവിധത്തിൽ പരിഹരിച്ച് പുറത്തിറങ്ങുന്പോഴേയ്ക്കും കൂടത്തിന് തലയ്ക്ക് അടിച്ചതുപോലിരിക്കും. (കൂടം, വലിയ പാറക്കല്ലുകൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ചുറ്റിക ആകൃതിയിലുള്ള ആയുധം. അറിയാത്തവർക്കു വേണ്ടി, അറിവുള്ളവർ കണ്ണടച്ചേക്കുക).

(ഷെബി ചൗഘട്ട് എന്ന സംവിധായകനോട് ഒന്നേ പറയാനുള്ളൂ. പ്രേക്ഷകരെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലരുത്.)

ജോബിൻ സെബാസ്റ്റ്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.