പുള്ളിക്കാരൻ സൂപ്പറാ...
Friday, September 1, 2017 5:40 AM IST
അടി, ഇടി, തൊഴി... ഇത്യാദി സംഭവ വികാസങ്ങൾ ഒന്നുമില്ലാത്ത ഒരു കുഞ്ഞ് ചിത്രമാണ് "പുള്ളിക്കാരൻ സ്റ്റാറാ'. "സെവൻത് ഡേ' എന്ന കിടുക്കൻ ത്രില്ലർ സമ്മാനിച്ച ശേഷം ശ്യാംധർ ഇത്തവണ കുടംബപ്രേക്ഷകരുടെ ഇടയിലേക്കാണ് ഇറങ്ങി ചെന്നത്. കൂട്ടിന് മമ്മൂട്ടിയെ കിട്ടിയതോടെ സംഗതി ഉഷാറായി.

ചെല്ലപ്പേരുകളേറെയുള്ള സ്റ്റാറാണ് പുള്ളിക്കാരൻ. കാണാൻ സുമുഖൻ, നല്ല ജോലി, പുള്ളിയോട് 10 മിനിറ്റ് സംസാരിച്ചാൽ എത്ര ടെൻഷൻ ഉണ്ടേലും പന്പകടക്കും. ഈ ഒരു ഒഴുക്കിലാണ് സിനിമയുടെ പോക്ക്. കഥയെന്നു പറയാൻ മാത്രമില്ല, നേരത്തെ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ സംഭവങ്ങളൊക്കെ തന്നെ. പക്ഷേ കുടുംബപ്രേക്ഷകരെ വലിച്ചടിപ്പിക്കാനുള്ള എന്തോ ഒരു മാജിക്ക് ശ്യാംധർ സിനിമയിൽ പ്രയോഗിച്ചിട്ടുണ്ട്. ആ മായാവലയത്തിൽ അകപ്പെട്ടാൽ പിന്നെ ചറപറാ പോസിറ്റീവ് ചിന്തകൾ പ്രേക്ഷകന്‍റെ മനസിൽ വന്നു നിറയും.




രാജകുമാരൻ നായകന് വെറൈറ്റി പേരാണ് സംവിധായകൻ നല്കിയിരിക്കുന്നത്. ചുമ്മാ ഒരു പേരിടുക മാത്രമല്ല അതിനുള്ള കാര്യകാരണങ്ങൾ വരെ ചിത്രത്തിൽ രസകരമായി കാട്ടിത്തരുന്നുണ്ട്. ഇടുക്കികാരൻ രാജകുമാരന്‍റെ (മമ്മൂട്ടി) ബാല്യകാലവും പിന്നെ കുറെ അബദ്ധങ്ങളുമെല്ലാം കാട്ടിത്തന്നാണ് സിനിമയുടെ തുടക്കം. ഫ്ലാഷ് ബാക്ക് വേഗം പറഞ്ഞു തീർക്കാനുള്ള വ്യഗ്രത കാട്ടുന്നുണ്ടെങ്കിലും പറയാൻ ഉദ്ദേശിച്ചതെല്ലാം കൃത്യമായി പറഞ്ഞു പോകാൻ സംവിധായകന് കഴിഞ്ഞട്ടുണ്ട്. നായകനെ ബാല്യകാലത്തിൽ നിന്നും മോചിപ്പിച്ച് കെട്ടുപ്രായം കഴിഞ്ഞ പ്രായത്തിലേക്ക് എടുത്തിട്ട ശേഷം നേരെ കൊച്ചിയിലേക്കാണ് കാമറ തിരിക്കുന്നത്.

പിന്നീടുള്ള സംഭവങ്ങളെല്ലാം കൊച്ചിയിലാണ് നടക്കുന്നത്. അധ്യാപക പരിശീലകന്‍റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. പുള്ളി പിന്നെ കൂട്ടുകാർക്കിടയിലും അധ്യാപകർക്കിടയിലും കാട്ടുന്ന വാചക കസിർത്തുകളിലൂടെയാണ് സിനിമയുടെ ഒഴുക്ക്. സംഭാഷണങ്ങളാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്. നന്മ നിറഞ്ഞു തുളുന്പുന്ന സംഭാഷണങ്ങളെ കഥ പറയുംപോലെ രാജകുമാരൻ പറയുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്. നേരത്തെ പറഞ്ഞില്ലേ പോസിറ്റീവ് ഫീൽ, അത് ചിത്രത്തിൽ ഉടനീളം ഇങ്ങനെ പാറിപ്പറക്കുകയാണ്.



ചീത്തപ്പേരുകളേറെയുള്ള നായകന്‍റെ ആഗ്രഹങ്ങൾ നടത്തി കൊടുക്കാൻ കുറച്ച് കൂട്ടുകാരെ കൂടി സംവിധായകൻ കൊടുത്തതോടെ ചിരിമേളം തുടങ്ങുകയായി. ദിലീഷ് പോത്തൻ, ഇന്നസെന്‍റ്, ഹരീഷ് കണാരൻ ഈ മൂവർ സംഘം കൗണ്ടറുകളോട് കൗണ്ടറുകൾ വാരി വിതറിയ പ്രേക്ഷകരെ നല്ലവണ്ണം രസിപ്പിക്കുന്നുണ്ട്. നായകന്‍റെ ജീവിതത്തിലേക്ക് അവിചാരിതമായി രണ്ടു സ്ത്രീകൾ കടന്നു വരുന്നതോടെയാണ് കഥയ്ക്ക് ടേണിംഗ് പോയിന്‍റുകൾ ഉണ്ടാകുന്നത്. ദീപ്തി സതി, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ നായികമാർ. രണ്ടുപേർക്കും കൃത്യമായി ഇടം നൽകാൻ സംവിധായകൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്.

ഒന്നാം പകുതിയിലെ സുഖമമായ ഒഴുക്ക് രണ്ടാം പകുതിയിൽ തുടരാൻ സംവിധായകന് കഴിഞ്ഞില്ല. മമ്മൂട്ടിയെ കളർഫുള്ളായി ബിഗ്സക്രീനിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ കഥയുടെ പിടി അറിയാതെ സംവിധായകന്‍റെ കൈയിൽ നിന്നും വിട്ടുപോയി. ക്ലൈമാക്സിലേക്ക് അടുക്കുന്പോൾ പോസിറ്റീവ് ഫീൽ നല്കി കൈവിട്ടു പോയ കഥയിലേക്ക് തിരികെ കയറുന്നതോടെ സംഭവം ബാലൻസിംഗായെന്നു പറയാം.



വിനോദ് ഇല്ലന്പള്ളിയുടെ കാമറ കണ്ണുകളിൽ ആകർഷണീയമായ ഫ്രെയിമുകൾ പതിഞ്ഞത് സിനിമയ്ക്ക് ഗുണം ചെയ്തു. ശ്രദ്ധപിടിച്ചു പറ്റുന്ന രീതിയിലുള്ള പാട്ടുകളായിരുന്നില്ല ചിത്രത്തിനായി എം.ജയചന്ദ്രൻ ഒരുക്കിയത്. അതുകൊണ്ട് തന്നെ ചിത്രത്തോട് ചേർന്നു നിൽക്കാൻ പാട്ടുകൾ പാടുപ്പെടുന്നുണ്ട്.

മമ്മൂട്ടിയുടെ കടുകട്ടി ഡയലോഗുകൾ ചിത്രത്തിൽ ഇല്ലെങ്കിലും സിന്പിളായിട്ടുള്ള വാചകമടി ആവശ്യത്തിലേറെ സംവിധായകൻ പുള്ളിക്കാരൻ സ്റ്റാറാ... എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണക്കാലത്ത് കുടുംബപ്രേക്ഷകർക്ക് നേരം പോക്കിനായി കണ്ടിരിക്കാനുള്ള ചേരുവകളെല്ലാം ശ്യാംധർ ചിത്രത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.

(സംഭാഷണങ്ങളാണ് ശ്യാംധറിന്‍റെ തുറുപ്പ് ചീട്ട്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.