ഇത് ചില്ലറ കളിയല്ല..!
Saturday, February 10, 2018 10:14 AM IST
ജോജു ജോര്‍ജ് വല്ലാത്തൊരു കക്ഷിയാണ്. പുള്ളി ഇടയ്ക്കിടെ വന്നു ഞെട്ടിച്ചുകൊണ്ടിരിക്കും. ജോജുവിനെ കുറച്ചായല്ലോ കണ്ടിട്ടെന്ന് തോന്നുമ്പഴേക്കും ഒരു ഇടിവെട്ട് വേഷത്തില്‍ പുള്ളി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. "കളി'യിലെ താരം ജോജു ജോര്‍ജാണ്. രണ്ടാം പകുതിയിലാണ് പുള്ളി ചിത്രത്തിലേക്ക് വരുന്നതെങ്കിലും പുള്ളി വന്ന ശേഷമുള്ള കളി വേറെ ലെവലാണ്.

കൊച്ചിയിലെ പാവപ്പെട്ട ഫ്രീക്കന്മാരുടെ മനസിലിരിപ്പും മോഹങ്ങളുമെല്ലാം ചുള്ളന്‍ പയ്യന്മാരെ വച്ച് യുവ സംവിധായകന്‍ നജീം കോയ നന്നായി പൊലിപ്പിച്ചെടുത്തിട്ടുണ്ട്. ആദ്യ പകുതി ജൂനിയേഴ്‌സിന്‍റെ വരുതിയിലാണെങ്കില്‍ രണ്ടാം പകുതി സീനിയേഴ്‌സിന്‍റെ വരുതിയിലേക്ക് കളിയുടെ ട്രാക്ക് മാറുന്നുണ്ട്. നേരംപോക്ക് രംഗങ്ങള്‍ തുടക്കത്തില്‍ മുന്നിലേക്ക് ഇട്ടുതന്ന് യൂത്തന്മാരെ കുറിച്ചുള്ള ഒരു രൂപരേഖ സംവിധായകന്‍ ആദ്യമേ തരുന്നുണ്ട്. ഇവര്‍ ഇങ്ങനെയാണ്, ഇനി വരാന്‍ പോകുന്ന സംഭവങ്ങളും അത്തരത്തിലുള്ളതായിരിക്കുമെന്ന സൂചന കൂടിയായിരുന്നു അത്. യൂത്തന്മാര്‍ക്കും ഫ്രീക്കന്മാര്‍ക്കും യോ യോ ടീംസിനും കളി കാണാനായി ധൈര്യമായി ടിക്കറ്റെടുക്കാം. കാരണം അവര്‍ കാട്ടുന്ന ന്യൂജന്‍ നമ്പറുകളെല്ലാം സംവിധായകന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കൊച്ചിയിലെ കോളനിയില്‍ കഴിയുന്ന ആറംഗ സംഘത്തിന്‍റെ കൗമാരത്തിളപ്പിന്‍റെ മറപറ്റിയാണ് കളിയിലെ കാര്യങ്ങളുടെ കെട്ടഴിയുന്നത്. ചെറിയ സസ്‌പെന്‍സൊക്കെയിട്ട് തുടങ്ങിയെങ്കിലും പുറകെ പുറകെ വരുന്ന രംഗങ്ങള്‍ ദഹിക്കണമെങ്കില്‍ അല്പം ബുദ്ധിമുട്ടേണ്ടി വരും. ഇന്നത്തെ പിള്ളേരല്ലേ, ഇതും ഇതിനപ്പുറവും കാണിക്കുമെന്ന് സംവിധായകന്‍ കരുതിയതില്‍ തെറ്റുപറയാന്‍ പറ്റില്ല. അനീഷ്, സമീര്‍, ബിജോയ്, ഷാനു, അബു എന്നിവരാണ് ചിത്രത്തിലെ പ്രധാന ചുള്ളന്മാര്‍. പെണ്‍പിളേളരെ വളയ്ക്കുന്നതില്‍ വിരുതനാണ് സമീര്‍. ഷോപ്പിംഗ് മോളുകളില്‍ പോയി നൈസായിട്ട് ഡ്രസുകള്‍ അടിച്ചു മാറ്റുന്ന വിധവും ചെക്കന്‍ കാട്ടിത്തരുന്നുണ്ട്. ചെറിയ ചെറിയ തട്ടിപ്പുകള്‍ കാട്ടി മുന്നോട്ട് പോകുന്നതിനിടയില്‍ ഇത്തിരി കൂടി ഹാഷ് ബുഷ് തട്ടിപ്പു നടത്താനുള്ള ആഗ്രഹം മനസില്‍ മുളയ്ക്കുന്നതോടെയാണ് കളി കാര്യമായി തുടങ്ങുന്നത്.പ്രണയങ്ങള്‍ ഒന്നു രണ്ടെണ്ണം ചിത്രത്തില്‍ വന്നു പോകുന്നുണ്ടെങ്കിലും അതൊക്കെ ചുമ്മാ തട്ടിക്കൂട്ടാണെന്നേ പറയാന്‍ പറ്റു. ഐശ്വര്യ സുരേഷ്, വിദ്യ വിജയ് എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. രണ്ടുപേരും വെറുപ്പിക്കുന്ന കാര്യത്തില്‍ ഒട്ടും പിറകോട്ടു പോയിട്ടില്ല. കോടീശ്വരന്മാര്‍ താമസിക്കുന്ന വില്ലയില്‍ ചെറിയ മോഷണം നടത്താന്‍ സംഘം എത്തുന്നതോടെയാണ് ചിത്രം ത്രില്ലിംഗ് മൂഡിലേക്ക് വഴിമാറുന്നത്. പിന്നീട് അവിടെ സംഭവിക്കുന്നതെല്ലാം കൈവിട്ട കളികളാണ്. ഈ ഒരു ടേണിംഗ് പോയി​ന്‍റി​ലാണ് സംവിധായകന്‍ ജോജു ജോര്‍ജിനെ കളത്തിലിറക്കി സംഭവങ്ങള്‍ രസകരമാക്കുന്നത്. പോലീസ് ഓഫീസറായ തിലകനായാണ് ജോജു ചിത്രത്തിലെത്തുന്നത്. ബാബുരാജ്, ഷെമ്മി തിലകന്‍ തുടങ്ങിയ നടന്മാരുടെ കടന്നു വരവു കൂടി ആയതോടെ കഥ സീനിയേഴ്‌സിന്‍റെ വരുതിയിലൂടെ നീങ്ങാന്‍ തുടങ്ങും.ത്രില്ലര്‍ മൂഡിന് ഇണങ്ങും വിധമുള്ള പശ്ചാത്തലസംഗീതമാണ് രാഹുല്‍ രാജ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. പക്ഷേ, ചിത്രത്തില്‍ കടന്നു കൂടിയ പാട്ടുകള്‍ ശരാശരി നിലവാരത്തിലേക്ക് ഒതുങ്ങി പോയി. രണ്ടാം പകുതിയില്‍ ട്വിസ്റ്റുകള്‍ ഒരുക്കാനാണ് സംവിധായകന്‍ ശ്രദ്ധകൊടുത്തിരിക്കുന്നത്. പക്ഷേ, ആദ്യമായി സിനിമയില്‍ തലകാണിച്ച നായികയുടെ പ്രകടനം മോശമായതോടെ സംഭവം സംവിധായകന്‍റെ വരുതിയില്‍ ഒതുങ്ങിയില്ലെന്നു മാത്രം. ജോജു ജോര്‍ജ് അഭിനയ മികവ് കാട്ടി മുന്നേറുന്ന കാഴ്ചയാണ് രണ്ടാം പകുതിയില്‍ കാണാന്‍ കഴിയുക. പ്രേക്ഷകരെ വരിഞ്ഞ് മുറുക്കാന്‍ സംവിധായകന് കഴിയുന്നുണ്ടെങ്കിലും ഇടയ്ക്ക് എവിടെവച്ചോ ആ വരിഞ്ഞു മുറക്കം താനെ ഇല്ലാണ്ടാകുന്നു. അതോടെ ചിത്രത്തിലെ ട്വിസ്റ്റുകളെല്ലാം നനഞ്ഞ പടക്കങ്ങളായി മാറുന്നുണ്ട്.യുവാക്കളെ അണിനിരത്തി ഇത്തരത്തിലൊരു ചിത്രം ഒരുക്കാന്‍ സംവിധായകന്‍ കാട്ടിയ ധൈര്യത്തെ സമ്മതിച്ചേ പറ്റു. പക്ഷേ ഇത്തരത്തിലുള്ള പരീക്ഷണങ്ങളുമായി വരുമ്പോള്‍ മുന്നൊരുക്കങ്ങള്‍ ആവോളം വേണ്ടി വരും. മുന്നൊരുക്കങ്ങളുടെ കുറവ് തിരക്കഥയില്‍ നിഴലിച്ചപ്പോള്‍ ആവിഷ്‌കരണത്തിലും സ്വഭാവികമായ പാളിച്ചകള്‍ സംഭവിച്ചു. കുറവുകള്‍ നിരവധി ഉണ്ടെങ്കിലും യൂത്തന്മാരുടെ അഭിനയം പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ടെന്നുള്ളതാണ് കളിയുടെ പ്ലസ് പോയി​ന്‍റ്.

വി.ശ്രീകാന്ത്