കമ്മാരൻ ഒന്നൊന്നര സംഭവമാണ്...!
Saturday, April 14, 2018 5:44 PM IST
ഒന്നെടുത്താൽ ഒന്നു സൗജന്യം... അതാണ് "കമ്മാര സംഭവം'. എന്നു കരുതി ഒറ്റ ടിക്കറ്റെടുത്തു രണ്ടുപേർക്ക് പടം കാണാമെന്ന് ആരും കരുതരുത്. ഒരു സിനിമയ്ക്കു കയറിയാൽ രണ്ടു സിനിമ കണ്ട ഫീൽ കിട്ടുന്ന കാര്യമാണ് പറഞ്ഞത്.

ചരിത്രം എങ്ങനെയൊക്കെ വളച്ചൊടിക്കാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ചിത്രം. പ്രശസ്തനെ അപ്രശസ്തനും അപ്രശസ്തനെ പ്രശസ്തനും ആക്കുന്ന സിനിമ മാജിക് തന്‍റെ ആദ്യ സംവിധാന സംരംഭത്തിൽ രതീഷ് അന്പാട്ട് ഒന്നാന്തരമായി കാണിച്ചു തരുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയത്തിന് അനുയോജ്യമാം വിധം തിരക്കഥ രചിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്പും ശേഷവുമുള്ള കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. ചരിത്രമൊക്കെ ആണല്ലേ... കണ്ടിരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നുള്ള ചിന്ത വേണ്ട. ഒന്നാം പകുതിയിലെ ക്ലാസ് മൂഡും രണ്ടാം പകുതിയിലെ മാസ് മൂഡും സമാസമം ചേർന്നപ്പോൾ സംഭവം മനോഹരമായി.

സിനിമയ്ക്കുള്ളിൽ സിനിമ വരുന്ന രീതി പലതവണ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുള്ള വിഷയമാണ്. കമ്മാര സംഭവത്തിലും ഇക്കാര്യം ആവർത്തിക്കുകയാണ്. പക്ഷേ, മുരളി ഗോപിയുടെ തിരക്കഥ നൽകിയ ബലം ചിത്രത്തെ വേറെ ലെവലിൽ എത്തിച്ചുവെന്ന് മാത്രം. ആക്ഷേപ ഹാസ്യം കല്ലുകടികൾ ഇല്ലാതെ ചരിത്രത്താളുകൾക്കിടയിൽ സന്നിവേശിപ്പിച്ച മിടുക്കിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.



ഗെറ്റപ്പുകളെല്ലാം പൊളിച്ചു

കമ്മാരൻ നന്പ്യാരായി ദിലീപ് അഞ്ച് ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിൽ ഒന്നുപോലും മോശമായില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. ചില കാര്യങ്ങൾ വിശ്വസിക്കാൻ പ്രയാസമാണ്... അതിപ്പോൾ സത്യമാണെങ്കിൽ കൂടി. അതിൽ പെടുന്ന ഒന്നാണ് ചരിത്രം. പലരാൽ എഴുതിവച്ചിട്ടുള്ള കാര്യങ്ങളാണല്ലോ ചരിത്രമായി മാറുന്നത്. അതെല്ലാം സത്യമാണെന്ന് ഉറപ്പിക്കാൻ പറ്റുമോ‍?

ഈ രണ്ട് വാദഗതികളിൽ ഉൗന്നിയാണ് കമ്മാര സംഭവത്തിന്‍റെ മുന്നോട്ടുള്ള പോക്ക്. മദ്യനയവും സംഭവങ്ങളും കാട്ടി ഇന്നത്തെ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പിന്നെ പതിയെ കഥ കമ്മാരനിലേക്ക് നീങ്ങുന്നു. വയസൻ കമ്മാരനായി ദിലീപ് ഉശിരൻ പ്രകടനാണ് കാഴ്ചവച്ചിരിക്കുന്നത്. യുവാവായ കമ്മാരൻ സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകും.



കുതന്ത്രങ്ങളുടെ ആദ്യ പകുതി

കമ്മാരൻ ചെറുപ്പത്തിൽ കുതന്ത്രങ്ങളുടെ ആശാനാണെന്ന് കാണിക്കാനാണ് സംവിധായകൻ തുനിഞ്ഞിരിക്കുന്നത്. കുറ്റിമീശക്കാരനായ കമ്മാരന്‍റെ മാനറിസങ്ങളിൽ പകയും ചിരിയും ഇടകലർന്നപ്പോൾ കാണാൻ ഭംഗിയുണ്ടായിരുന്നു. സന്തോഷ് കീഴാറ്റൂർ പല സിനിമകളിലേയും ബലിയാടാണല്ലോ... ഇവിടെയും ആ ചരിത്രം ആവർത്തിച്ചു.

യുദ്ധവും ശബ്ദകോലാഹലങ്ങളും അതിനു ചേർന്ന അന്തരീക്ഷവുമെല്ലാം ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഒതേനനായി എത്തിയ സിദ്ധാർഥ് ആദ്യ പകുതിയിലെ കരുത്തുറ്റ കഥാപാത്രമായപ്പോൾ നമിത പ്രമോദ് നായികാപട്ടം കളങ്കം വരാതെ സൂക്ഷിച്ചു. മുതലാളിത്തം തലയ്ക്ക് പിടിച്ച മാടന്പി സ്വഭാവമുള്ള കഥാപാത്രമായി എത്തി മുരളി ഗോപി തന്‍റെ തനത് ശൈലിയിലുള്ള പ്രടനമാണ് പുറത്തെടുത്തിരിക്കുന്നത്. കമ്മാരന്‍റെ കുതതന്ത്രങ്ങളാണ് ആദ്യ പകുതിയുടെ ഹൈലൈറ്റ്... ഇതൊന്നും അറിയാത്ത പാവത്താൻ സുഹൃത്തായി മണിക്കുട്ടനും ഒരു നല്ല വേഷം ചിത്രത്തിൽ ലഭിച്ചിട്ടുണ്ട്.



ന്യൂജൻ രണ്ടാം പകുതി

താടിവച്ച ദിലീപിന്‍റെ കിടിലൻ ഗെറ്റപ്പ് കാണാൻ കഴിയുക രണ്ടാം പകുതിയിലാണ്. അവിടെയാണ് സിനിമയ്ക്കുള്ളിലെ സിനിമ തുടങ്ങുന്നത്. ഒരു യഥാർഥ കഥയെ എങ്ങനെ മാസ് മസാല ചേരുവകൾ ചേർത്ത് വളച്ചൊടിക്കാം എന്നാണ് രണ്ടാം പകുതി കാണിച്ചു തരുന്നത്. ആദ്യ പകുതിയിൽ സ്ഥാനം കിട്ടാതെ വന്ന ശ്വേത മേനോനെ രണ്ടാം പകുതിയിൽ തന്‍റേടിയായി ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുകയാണ്.

ആദ്യ പകുതിയിൽ പറഞ്ഞ കഥ രണ്ടാം പകുതിയിൽ എങ്ങനെയൊക്കെ മാറുന്നുവെന്ന് കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്. കഥയുടെ മട്ടും ഭാവവുമെല്ലാം ആകെ മൊത്തം മാറും. ആദ്യ പകുതിയിലെ നിഷ്കളങ്കനായ മണിക്കുട്ടൻ, രണ്ടാം പകുതിയിൽ ഉശിരുള്ള ആളാകുന്നതും പരാക്രമിയായ മുരളി ഗോപി മിണ്ടാപ്രാണിയായി മാറുന്നതുമെല്ലാം ചിരിയോടെ അല്ലാതെ കണ്ടിരിക്കാനാവില്ല. ചിത്രത്തോട് ചേർന്നു നിൽക്കും വിധം പശ്ചാത്തലസംഗീതം ഒരുക്കി ഗോപി സുന്ദർ കഥാഗതിയെ മുഷിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോയി



ഒടുവിലെ രാഷ്ട്രീയ കൊട്ടുകൾ

കഥകൾ രണ്ടും കഴിഞ്ഞ് മൂന്നാ കഥയിലേക്കെത്തുന്നതോടെ ഇന്നത്തെ രാഷ്ട്രീയ സന്പ്രദായങ്ങളെ എല്ലാം കണക്കിന് പരിഹസിക്കുന്നുണ്ട് സംവിധായകൻ. ഒന്നു ഇരുത്തി ചിന്തിച്ചാൽ പിടികിട്ടാവുന്നതേയുള്ളു ഓരോ ചെറിയ സംഭാഷണങ്ങളിലും പതുങ്ങിയിരിക്കുന്ന പരിഹാസങ്ങളെ. ദൈർഘ്യം കൂടി പോയത് ചെറിയ ചെറിയ ഇഴച്ചിലുകളെ ചിത്രത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നുണ്ട്.

തുടക്കം മുതൽ ഒടുക്കം വരെ ഫ്രെയിമിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം കാമറ ചലിപ്പിച്ച് ഛായാഗ്രാഹകൻ സുനിൽ കെ.എസ് സിനിമയിൽ കടന്നുകൂടിയ കുഞ്ഞൻ മടുപ്പുകളെ മാറ്റി നിർത്തിയപ്പോൾ സിദ്ദിഖും വിജയരാഘവനും ഇന്ദ്രൻസുമെല്ലാം വീണു കിട്ടയ ചെറു വേഷങ്ങൾ ഗംഭീരമാക്കി. ഒന്നുറപ്പിച്ച് പറയാം കമ്മാരനിൽ ദിലീപ് അഭിനയം കൊണ്ട് ആറാട്ട് നടത്തിയിരിക്കുകയാണ്. ആ ആറാട്ട് കാണാൻ ധൈര്യമായി ടിക്കറ്റെടുക്കാം.

(ഇവിടെ നായകൻ തന്നെ വില്ലൻ. വില്ലൻ തന്നെ നായകൻ. രണ്ടായാലും ദിലീപിന് കൈയടി മസ്റ്റാണ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.