കുട്ടൻപിള്ളയുടെ ഞെട്ടിക്കുന്ന രാത്രി
Saturday, May 12, 2018 7:06 PM IST
സംവിധായകൻ ജീൻ മാർക്കോസ് പ്രേക്ഷകരുടെ മനസിലേക്ക് ഒരു മാലപ്പടക്കം എടുത്തെറിയുകയാണ് ആദ്യം ചെയ്തത്. ഇത് എപ്പോൾ പൊട്ടുമെന്ന ആകാംക്ഷയിലായിരിക്കും ഓരോ പ്രേക്ഷകനും. പടക്കം പൊട്ടി, തുര തുരാ പൊട്ടി... ഒപ്പം ഞെട്ടി... ശരിക്കും ഞെട്ടി... ആ ഒരു തരിപ്പ്, അങ്ങ് വിട്ടുപോകുന്നില്ല.

കുട്ടൻപിള്ളയുടെ രണ്ട് ശിവരാത്രികൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് രണ്ടുതരം അനുഭവങ്ങളാണ്. ട്രെയിലറിലും പാട്ടിലും കണ്ടതൊക്കെ ഒന്നുമല്ല. അതെല്ലാം സസ്പെൻസ് ഒളിപ്പിക്കാനുള്ള വെറും തന്ത്രങ്ങൾ മാത്രമായിരുന്നു. ആ തന്ത്രങ്ങളെല്ലാം ഫലിച്ചു. പ്ലാവും ചക്കയും തേടി പോയവർക്ക് ആദ്യ പകുതിയിൽ വിഭവ സമൃദ്ധമായ ചക്ക സദ്യയും രണ്ടാം പകുതിയിൽ അത് ദഹിക്കാനുള്ള മരുന്നും സംവിധായകൻ കരുതിവച്ചിട്ടുണ്ടായിരുന്നു. സുരാജും പ്ലാവും ചിത്രത്തിൽ മത്സരിച്ച് അഭിനയിച്ചപ്പോൾ പ്ലാവിലെ ചക്കകൾ കുട്ടൻപിള്ളയുടെ പറന്പിലേക്ക് വീണുകൊണ്ടേയിരുന്നു.

കുട്ടൻപിള്ളയെ കാണാൻ കയറിയാൽ ഒന്നുറപ്പാണ്. തിരിച്ചിറങ്ങുന്പോൾ ഒരു ചക്കച്ചുള കിട്ടിയിരുന്നെങ്കിലെന്ന് അറിയാതെ തോന്നിപ്പോകും. കുട്ടൻപിള്ളയുടെ ചക്ക പ്രേമം പ്രേക്ഷകർക്ക് ഇടയിലേക്കും പതുക്കെ വ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. അതൊരു പകർച്ച വ്യാധിയായി മാറാനുള്ള എല്ലാവിധ സാധ്യതകളും തെളിഞ്ഞു കാണുന്നുണ്ട്.



പ്ലാവാണ് താരം

പ്ലാവ് വെട്ടിയേ പറ്റൂയെന്ന് മരുമകൻ സുനീഷ് (ബിജു സോപാനം). പ്ലാവല്ല, നിന്‍റെ തലയാണ് വെട്ടാൻ പോകുന്നതെന്ന് കുട്ടൻപിള്ള (സുരാജ് വെഞ്ഞാറമൂട്). ഈ ഒരു തർക്കമാണ് കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ ആദ്യ പകുതിയെ സംഭവ ബഹുലമാക്കുന്നത്. കുടുംബ പ്രേക്ഷകരെ തീയറ്ററിലേക്ക് അടുപ്പിക്കാനുള്ള എല്ലാവിധ ചേരുവകളും സംവിധായകൻ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. കുട്ടൻപിള്ളയുടെ വീട്ടിലേക്ക് ശിവരാത്രിയുടെ അന്ന് കുടുംബക്കാരെല്ലാം എത്തുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളും നർമത്തിൽ ചാലിച്ചാണ് ആവിഷ്കരിച്ചിരിക്കുന്നത്.

എഡിറ്റിംഗിന്‍റെ പാകപ്പിഴകൾ ചിലയിടങ്ങളിൽ കല്ലുകടിയായി കുട്ടൻപിള്ളയുടെ കൂടെ തന്നെയുണ്ട്. അത് ഒന്നാം പകുതിയിലെ രസംകൊല്ലിയായി മാറുന്പോൾ സുരാജിന്‍റെ ഒറ്റയാൻ പ്രകടനം ചിത്രത്തെ മറ്റൊരറ്റത്ത് രക്ഷിച്ചെടുക്കുന്നുണ്ട്. ബിജു സോപാനം സുരാജിനൊപ്പം കട്ടയ്ക്ക് നിന്നപ്പോൾ പുതുമുഖങ്ങളായ ചിലർ അസാമാന്യ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.



കുട്ടൻപിള്ള സ്ട്രോങ്ങാണ്

കോണ്‍സ്റ്റബിളായ കുട്ടൻപിള്ള തുടക്കം മുതൽ ഗൗരവാക്കാരനായിട്ടാണ് ചിത്രത്തിൽ നിലകൊള്ളുന്നത്. പക്ഷേ, പുള്ളിയുടെ ഗൗരവം കലർന്ന സംഭാഷണങ്ങളും ചെയ്തികളും ചിരിക്കുള്ള വക സമ്മാനിച്ചുകൊണ്ടു തന്നെയാണ് കടന്നുപോകുന്നത്. അന്പലത്തിലേക്കുള്ള ചക്ക ചോദിക്കുന്ന നാട്ടിൻപുറത്തുകാരൻ മുതൽ, ആദ്യമായി മുഖം കാണിച്ച പലരും ചെറിയ ഭാവങ്ങളിലൂടെ ചിത്രത്തിന്‍റെ ഭംഗി കൂട്ടി. അനവധി കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ടെങ്കിലും, ആരും അധികപറ്റായി തോന്നാതെ കഥ മുന്നോട്ടു കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഒരു ബസും അതിലെ യാത്രക്കാരും ആദ്യ പകുതിയിൽ കുട്ടൻപിള്ളയെ വിട്ടുപിരിയാതെ കൂടെയുണ്ടെങ്കിലും അതും കഥയുമായി ബന്ധിപ്പിക്കാൻ സംവിധായകൻ കുറച്ച് അധികം മെനക്കെട്ടിട്ടുണ്ട്. ശ്രിന്ദ പതിവ് ശൈലിയിൽ തകർത്താടിയപ്പോൾ പുള്ളിക്കാരിയുടെ കുശിന്പും കുന്നായ്മയും പിന്നെ കാര്യം സാധിച്ചെടുക്കാനുള്ള വിദ്യകളുമെല്ലാം പ്രേക്ഷകരെ ആവോളം രസിപ്പിച്ചു.



പശ്ചാത്തല സംഗീതം ഗംഭീരം

ചിത്രം തുടങ്ങുന്പോൾ കൂടെക്കൂടുന്ന പശ്ചാത്തല സംഗീതം അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തുന്നത് ക്ലൈമാക്സിലാണ്. വീട്ടിലെ അന്തരീക്ഷമായാലും പ്ലാവ് കാണിക്കുന്പോഴായാലും കുട്ടൻപിള്ളയും മരുമകനും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയായാലും പശ്ചാത്തല സംഗീതം നെടുംതൂണായി കൂടെയുണ്ടായിരുന്നു. സയനോരയുടെ ആദ്യ സംഗീത സംവിധാന സംരംഭം ഗംഭീരമായെന്നു തന്നെ പറയേണ്ടി വരും. ചിത്രത്തിലേക്ക് ഒഴുകിയെത്തിയ ചക്കപാട്ടും സുരാജിന്‍റെ പാട്ടുമെല്ലാം കാതുകൾക്ക് സുഖം നൽകിയാണ് കടന്നുപോകുന്നത്.

ഗ്രാമാന്തരീക്ഷവും ഉത്സവാന്തരീക്ഷവും കുടുംബാന്തരീക്ഷവുമെല്ലാം തനിമ വിടാതെ ഒപ്പിയെടുക്കാൻ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. ആദ്യ പകുതി തീരുന്നത് തന്നെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ടാണ്. രണ്ടാം പകുതി തുടങ്ങുന്നതോ മറ്റൊരു ലോകം കാണിച്ചുകൊണ്ടും.



രണ്ടാം പകുതി ഞെട്ടിക്കും

പ്ലാവും വീടും കുട്ടൻപിള്ളയേയുമെല്ലാം രണ്ടാം പകുതിയിലേക്ക് കടന്നു കുറച്ചു കഴിയുന്പോൾ സംവിധായകൻ അങ്ങ് മാറ്റി നിർത്തുന്നുണ്ട്. തുടക്കത്തിൽ ചിലതൊക്കെ കാട്ടി കണ്‍ഫ്യൂഷനുണ്ടാക്കിയ സംഗതികളുടെ കെട്ടഴിഞ്ഞ് വീണതോടെ കുട്ടൻപിള്ള പറയാത്ത മറ്റൊരു കഥ അവിടെ തുടങ്ങുകയാണ്. ഉത്സാന്തരീക്ഷവും യാത്രയുടെ സുഖവും എല്ലാം സമ്മാനിക്കുന്ന ആ കഥയിൽ ഒന്നാംതരം സസ്പെൻസ് ഒളിഞ്ഞിരിപ്പുണ്ട്. ആ സസ്പെൻസ് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മറന്നു തുടങ്ങിയ ചില ഉത്സവനാളുകളിലേക്ക് അത് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകും. ആ ഉത്സവത്തിന്‍റെ ആരവങ്ങളിലേക്ക് വീണാൽ പിന്നെ അവിടെ നിന്നും കയറിപ്പോരാൻ നന്നേ പാടുപെടേണ്ടി വരുമെന്നു മാത്രം.

(സുരാജ് മാത്രമല്ല, ചിത്രത്തിലെ പുതുമുഖങ്ങളും കൈയടിക്ക് അർഹരാണ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.