മമ്മൂട്ടി മാസ് ഇൻ "മാസ്റ്റർ പീസ്'
Thursday, December 21, 2017 7:03 AM IST
ക്രിസ്മസ്-ന്യൂ ഇയർ ആഘോഷത്തിന് മാറ്റുകൂട്ടാൻ വേണ്ട ചേരുവകളെല്ലാം ചേർന്ന ഒന്നാന്തരം മാസ് ആക്ഷൻ എന്‍റർടെയ്നറാണ് "മാസ്റ്റർ പീസ്'. എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്ന ചിത്രത്തിലെ നായക കഥാപാത്രം ഓരോ മമ്മൂട്ടി ആരാധകനും കോരിത്തരിപ്പുണ്ടാക്കാൻ പാകത്തിനുള്ളതാണ്. ഈ ഉത്സവകാലം ലിവിംഗ്സ്റ്റണും പിള്ളേരും കൈയടക്കുമെന്ന് ഉറപ്പ്.

മാസ്റ്റർ പീസിന്‍റെ 57-ാം മിനിറ്റിലാണ് എഡ്വേർഡ് എന്ന സൂപ്പർ ഹീറോ രംഗപ്രവേശനം ചെയ്യുന്നത്. പിന്നെയങ്ങോട്ട് ചിത്രം ഫുൾ മാസാണ്. യുവ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള എല്ലാവിധ കൂട്ടും സംവിധായകൻ അജയ് വാസുദേവ് ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷിക്കാൻ കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് കിടിലൻ ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ആ ലുക്കും ഇടിയും പിന്നെ ചിരിയുമെല്ലാം ചേർന്നപ്പോൾ സംഭവം കളർഫുള്ളായി.




ഓണത്തിന് മോഹൻലാൽ, ക്രിസ്മസിന് മമ്മൂട്ടി.!

ഓണത്തിന് മോഹൻലാലാണ് കാന്പസ് സിനിമയുമായി എത്തിയതെങ്കിൽ ക്രിസ്മസിന് മമ്മൂട്ടിയാണ് കലാലയങ്ങളുടെ താരമായി മാറുന്നത്. എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്ന സുന്ദരൻ അധ്യാപകനായി എത്തി കൂട്ടികളുടെ സ്റ്റാറായി മാറുകയാണ് മമ്മൂട്ടി. ചിത്രത്തിന്‍റെ ആദ്യ മണിക്കൂർ സംവിധായകൻ പിള്ളേരു സെറ്റിന് വിട്ടു കൊടുത്തിരിക്കുകയാണ്. മഹേഷ് രാജും ഗ്രൂപ്പും (മഖ്ബൂൽ സൽമാൻ) റോഷൻ ചെറിയാനും ഗ്രൂപ്പും (ജോണ്‍ കൈപ്പള്ളിൽ) തമ്മിലുള്ള പോരോട്ടമാണ് ആദ്യ മണിക്കൂർ. അവർക്കിടയിലേക്കാണ് എഡ്വേർഡ് ലിവിംഗ്സ്റ്റൺ പറന്നിറങ്ങുന്നത്.



മാസ് എൻട്രി

രണ്ടു മരണങ്ങളെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്കിടെയിലേക്കാണ് മമ്മൂട്ടിയുടെ സൂപ്പർ എൻട്രി. ആദ്യ മണിക്കൂറിലെ പിള്ളേര് കളി അതോടെ അവസാനിക്കും. പിന്നീട് അങ്ങോട്ട് ഗുണ്ടാ പ്രഫസറുടെ ഷോയാണ് മാസ്റ്റർപീസ്. മമ്മൂട്ടി എത്തുന്നതിന് മുൻപ് ആക്ഷൻ സീനുകളിൽ കസറി നിന്നത് അത്രയും പോലീസ് ഓഫീസറായി എത്തിയ ജോണ്‍ തെക്കനായിരുന്നു (ഉണ്ണിമുകുന്ദൻ). കോളജിലെ ഗ്രൂപ്പിസങ്ങൾ അവസാനിപ്പിക്കാനുള്ള എഡ്വേർഡിന്‍റെ ശ്രമങ്ങൾ ഒടുവിൽ ഒന്നൊന്നര അടിയിലാണ് എത്തിച്ചേരുന്നത്. നായകന്‍റെ എൻട്രിക്കൊപ്പം കൂടെ കൂടിയ ബിജിഎം ചിത്രത്തിന്‍റെ മാസ് മൂടിന് ചേരുംവിധമാണ് ദീപക് ദേവ് ഒരുക്കിയിരിക്കുന്നത്.



സീരിയസ് സെക്കൻഡ് ഫാഫ്

ഒരൊറ്റ അടിയിൽ തീർന്ന പ്രശ്നങ്ങളിൽ നിന്നങ്ങോട്ട് അങ്കം നായകനും പോലീസുകാരും തമ്മിലാകുന്നു. കുറ്റവാളികളെ പിടിക്കാനുള്ള പോലീസുകാരുടെ ഓട്ടവും നിരപരാധികളെ സംരക്ഷിക്കാനുള്ള നായകന്‍റെ പടപ്പുറപ്പാടുമെല്ലാം രണ്ടാം പകുതിയെ സീരിയസ് മൂഡിലേക്ക് എത്തിക്കുന്നുണ്ട്. നായിക പ്രാധാന്യമില്ലാത്ത ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ പോലീസ് ഓഫീസറുടെ വേഷത്തിലെത്തി തന്നാലാവും വിധമുള്ള പ്രകടനം പുറത്തെടുത്തിട്ടുണ്ട്. കളർഫുള്ളാക്കാനായി അധ്യാപികയുടെ വേഷത്തിൽ പൂനം ബജ്വയെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ്-മമ്മൂട്ടി കോന്പിനേഷൻ സീനുകൾ കുറവാണെങ്കിലും ഒട്ടും മോശമാക്കാതെ തന്നെ പണ്ഡിറ്റ് ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.




ക്ലൈമാക്സ് കിടു

ചിത്രം ക്ലൈമാക്സിനോട് അടുക്കും തോറുമാണ് സസ്പെൻസുകൾ രംഗപ്രവേശനം ചെയ്യുന്നത്. തിരക്കഥയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ട്വിസ്റ്റുകൾ അത്രയും സംവിധായകൻ കൃത്യമായി തന്നെ സ്ക്രീനിലേക്ക് പകർത്തിയിട്ടുണ്ട്. മാസ് ചിത്രത്തിന്‍റെ പാകത്തിനൊത്ത വിധം തന്നെയാണ് ക്ലൈമാക്സും ഒരുക്കിയിരിക്കുന്നത്. സസ്പെൻസും ആക്ഷനും കാന്പസും എല്ലാം നിറച്ച ഒരു തികഞ്ഞ എന്‍റർടെയ്നർ കാണാൻ മാസ്റ്റർപീസിന് ടിക്കറ്റെടുക്കാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.