സൗഹൃദങ്ങളെ കൂട്ടിയിണക്കി നാം...!
Monday, May 14, 2018 12:04 PM IST
ക്ലീഷേ കാന്പസ് കഥകൾ മുറയ്ക്ക് സ്ഥാനംപിടിക്കാറുള്ള മലയാള സിനിമാലോകത്തേക്ക് ഇതാ പുതിയ കാന്പസ് കഥയുമായി ഒരു ചിത്രമെത്തിയിരിക്കുന്നു. പേര് "നാം'. കലാലയം എന്നു കേൾക്കുന്പോഴേ മനസിലേക്ക് ഓടിക്കയറാറുള്ള മരംചുറ്റി പ്രണയത്തെ കളത്തിനു വെളിയിൽ നിർത്തിയാണ് നവാഗത സംവിധായകൻ ജോഷി തോമസ് പള്ളിക്കൽ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സംഗീതത്തോടും ജീവിതത്തോടും പുസ്തകങ്ങളോടും പിന്നെ സൗഹൃദങ്ങളോടുമെല്ലാം പ്രണയമാകാമെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. സൗഹൃദം എന്ന വാക്കിന്‍റെ അർഥം പൂർണമായി ഉൾക്കൊണ്ടു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ പൂർത്തീകരിച്ചിരിക്കുന്നത്.

നാം, കറപുരളാത്ത സൗഹൃദത്തിന്‍റെ കഥയാണ്. ഈ കഥ പറഞ്ഞു പോകാൻ സംവിധായകൻ കലാലയത്തെ തന്നെ തെരഞ്ഞെടുക്കുന്പോൾ നേരിട്ട വെല്ലുവിളികൾ ചെറുതല്ല. റാഗിംഗും ഹോസ്റ്റലും ക്ലാസ് മുറികളും കലാലയ പരിസരങ്ങളുമെല്ലാം ഇതുവരെ പരിചയിക്കാത്ത ഒരു രീതിയിലൂടെ കടത്തിക്കൊണ്ടുപോകാൻ സംവിധായകൻ നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്.ചിത്രത്തിൽ സീനിയർ താരങ്ങളും ജൂണിയർ താരങ്ങളും കട്ടയ്ക്ക് നിന്ന് അഭിനയിച്ചു തകർത്തപ്പോൾ ടോവിനോയും വിനീത് ശ്രീനിവാസനും ഗൗതം മേനോനുമെല്ലാം അവർക്ക് ഉൗർജം പകരാൻ കൂടെത്തന്നെയുണ്ടായിരുന്നു.

കലാലയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പലതുറയിൽ പെട്ട ആൾക്കാരുടെ കഥയാണ് നാം പറയുന്നത്. കലാലയത്തിൽ സൗഹൃദങ്ങൾ ഉടലെടുത്ത് ദൃഢമാകുന്നതെങ്ങനെ, മനസുകൾക്കിടയിലുള്ള അകൽച്ചകൾ മാറുന്നതെങ്ങനെയെന്നെല്ലാം ആദ്യ മണിക്കൂറിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

ഇതൊക്കെ പല കാന്പസ് ചിത്രങ്ങളിലും കണ്ടിട്ടുള്ളതല്ലേ, പിന്നെ എന്തിത്ര പുതുമയെന്നു ചോദിച്ചാൽ... ഇതുവരെ കണ്ട കാന്പസ് ചിത്രങ്ങളിലൊന്നും ഇല്ലാത്ത എന്തോ ഒന്ന് നാമിൽ ഒളിഞ്ഞുകിടപ്പുണ്ട്. അത് ചിലപ്പോൾ ഓരോരുത്തരിലേക്കും എത്തുക പലവിധത്തിലായിരിക്കും. ഹോസ്റ്റൽ അനുഭവങ്ങളും കാന്പസിലെ കറക്കവും വായിനോട്ടങ്ങളും പിന്നെ അല്ലറചില്ലറ കശപിശകളുമെല്ലാം ഒളിഞ്ഞിരിക്കുന്ന ആ സംഗതിയിലേക്ക് എത്താനുള്ള വഴികളാണ്.മസ്താൻ (സൈജു കുറുപ്പ്) ചിത്രത്തിൽ പൊളിച്ചിരിക്കുകയാണ്. സീനിയറായാൽ ഇങ്ങനെ വേണം. പല കലാലയങ്ങളിലും ഇത്തരത്തിൽ ഒരാൾ കാണുമെന്നുറപ്പ്. വിദ്യാർഥികൾക്ക് പ്രിയപ്പെട്ട അവരുടെ സ്വന്തം സീനിയർ. ആദ്യം കലിപ്പും പിന്നെ കട്ടകന്പനിയുമായി മാറുന്ന ഒരാൾ. ശബരീഷ് വർമ, രാഹുൽ മാധവ്, നോബി മാർക്കോസ്, അദിതി രവി, മെറീന മൈക്കിൾ, ഗായത്രി സുരേഷ് തുടങ്ങിയവരാണ് കാന്പസിലേക്കെത്തുന്ന നവാഗതർ. ഒപ്പം കുറച്ച് പുതുമുഖങ്ങളും ഇവർക്കൊപ്പം ചേരുന്നുണ്ട്. എല്ലാവർക്കും തുല്യ പ്രാധാന്യം നൽകി കഥ മുന്നോട്ടുപോകുന്പോൾ, കോമഡി ട്രാക്കിന് നേതൃത്വം കൊടുക്കാനുള്ള ഉത്തവാദിത്തം സംവിധായകൻ നോബിയെയാണ് ഏൽപ്പിച്ചത്. പുള്ളിക്കാരൻ സംഭവം വെടിപ്പാക്കുകയും ചെയ്തു.

ആദ്യ പകുതി ക്ലാസും കറക്കവും പിന്നെ ഹോസ്റ്റൽ കാഴ്ചകളുമായി നല്ലൊഴുക്കിൽ നീങ്ങുന്പോൾ ചില രസകരമായ മുഹൂർത്തങ്ങൾ കലാലയ ജീവീതത്തിലേക്ക് നിങ്ങളെ കൊണ്ടുപോയെന്നിരിക്കും. രഞ്ജി പണിക്കരുടെ ഹോസ്റ്റൽ വാർഡൻ വേഷം ശക്തമായിരുന്നുവെന്ന് തന്നെ പറയാം. പിള്ളേരുടെ കൂടെ കൂടുന്പോൾ രഞ്ജി പണിക്കർക്ക് അഭിനയിക്കാനുള്ള എനർജി കൂടുന്ന പോലെ.ഛായാഗ്രാഹകൻ കലാലയ ചുറ്റുപാടുകൾ മിഴിവോടെ ഒപ്പിയെടുത്തപ്പോൾ ഓരോ ഫ്രെയിമിനും എന്തൊക്കയോ പ്രേക്ഷകനോട് പറയാനുള്ള പോലൊരു തോന്നൽ. പിണക്കങ്ങളും ഇണക്കങ്ങളുമായി ആദ്യ പകുതി കടന്നുപോകുന്പോൾ നവാഗതരുടെയും സീനിയേഴ്സിന്‍റെയും ഇടയിൽ നല്ലാരു സൗഹൃദം പണിതുതീർക്കാൻ സംവിധായകന് കഴിയുന്നുണ്ട്.

രണ്ടാം പകുതിയിലാണ് കാര്യങ്ങളുടെ കിടപ്പ് മുഴുവൻ മാറുന്നത്. വെറുമൊരു കലാലയ സിനിമയ്ക്കപ്പുറത്തേക്ക് കഥ സഞ്ചരിക്കാൻ തുടങ്ങുന്നതും അവിടെ നിന്നാണ്. അതുവരെ പാട്ടും യാത്രകളും ആഘോഷങ്ങളുമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്ന കഥയെ സൗഹൃദക്കൂട്ടിലടച്ചിടാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. വാക്കുകളിൽ മാത്രം ഒതുങ്ങാറുള്ള സൗഹൃദം, കൈത്താങ്ങിന്‍റെ കൂട്ടായ്മയുടെയും പ്രതീകമായി മാറുന്നതും ചിത്രത്തിൽ കാണാനാവും.

ആക്ഷന് വേണ്ടി ആക്ഷനോ, സെന്‍റിമെൻസിന് വേണ്ടി കരച്ചിൽ രംഗങ്ങളോ ചിത്രത്തിൽ കാണാനായില്ല എന്നത് തന്നെ വലിയൊരു ആശ്വാസമാണ്. ജൂനിയർ താരങ്ങളെ അണിനിരത്തിയും പ്രമുഖരെ ഉൾക്കൊള്ളിച്ചും പുതുമയുള്ള ആവിഷ്കരണം തന്നെയാണ് നാമിൽ ജോഷി തോമസ് പള്ളിക്കൽ നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സംവിധായകനിൽ പ്രതീക്ഷവയ്ക്കാനുള്ള വകയുണ്ടെന്ന് നിസംശയം പറയാം.

വി.ശ്രീകാന്ത്