ചിരിനിറച്ച ബോംബ് കഥ...!
Friday, July 20, 2018 4:12 PM IST
പണ്ടൊരു ബോംബു കഥയുമായി എത്തി (ബോയിംഗ് ബോയിംഗ്) ജഗതി ശ്രീകുമാർ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചതാണ്... ഇപ്പോൾ ദാ, ഹരീഷ് കണാരനും സംഘവും പ്രേക്ഷകരുടെ നെഞ്ചത്തിട്ട് ചിരി ബോംബ് പൊട്ടിക്കുകയാണ്. എന്തോരം കോമഡിയാണ് വാതോരാതെ ചറ പറായെന്നു പറഞ്ഞ് നിങ്ങള് പൊട്ടിക്കുന്നത്. ഒരു പഴയ ബോംബ് കഥയിൽ നായകൻ ബിബിൻ ജോർജാണെങ്കിലും ശരിക്കും നായകൻ നിങ്ങളാണ് കണാരാ. ഇത് വെറും പറച്ചിൽ അല്ല... ഒരു പഴയ ബോംബ് കഥ കണ്ട് അലമുറയിട്ട് ചിരിച്ച പ്രേക്ഷകർ ഉള്ളിന്‍റെയുള്ളിൽ പറഞ്ഞ കാര്യമാണ്.

ഈ സ്വപ്നങ്ങളൊക്കെ ചുമ്മാ കണ്ട് കളയാൻ ഉള്ളതല്ലന്നേ... സ്വപ്നങ്ങൾ ആത്മാർഥമാണെങ്കിൽ അവ യാഥാർഥ്യങ്ങളായി അവതരിക്കുമെന്ന് ബിബിൻ ജോർജ് ബോംബ് കഥയിലൂടെ കാട്ടിത്തരുകയാണ്. പോരായ്മകളെ നെഞ്ചോടു ചേർത്ത് ഈ നായകൻ നടത്തിയ പോരാട്ടവീര്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. ബോംബ് കഥയിൽ ഷാഫി പ്രേക്ഷകർക്ക് ചിരിവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ചിരി മാത്രം പ്രതീക്ഷിച്ച് തീയറ്ററിലെത്തിയാൽ ആവോളം ചിരിച്ചുല്ലസിച്ച് തിരിച്ചിറങ്ങാം.



എന്തുമാത്രം കൗണ്ടറാണ് എന്‍റെ പൊന്നോ...!

പുതുമയുള്ള കഥയോ കഥാഗതിയോ ഒന്നും ഒരു പഴയ ബോംബ് കഥയ്ക്ക് അവകാശപ്പെടാനില്ല. ഉള്ള കഥയെ തരക്കേടില്ലാതെ തേച്ചുമിനുക്കിയെടുത്തിരിക്കുകയാണ് സംവിധായകൻ. ചിരിയില്ലെങ്കിൽ ഈ ബോംബ് കഥ വെറും ശൂന്യമാണ്. അതിനാൽതന്നെ തുടക്കം മുതൽ ഒടുക്കം വരെ ചിരിയെ കയറൂരി വിട്ടിരിക്കുകയാണ്.

മെക്കാനിക്കുകളായ ശ്രീക്കുട്ടന്‍റെയും (ബിബിൻ ജോർജ്) ഭവ്യന്‍റെയും (ഹരീഷ് കണാരൻ) പ്രകടനമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. കാലിന് സ്വാധീനക്കുറവുള്ള ശ്രീക്കുട്ടന്‍റെ ചങ്കാണ് ഭവ്യൻ. രണ്ടാളുടെയും ദൈനംദിന ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ കാട്ടിയാണ് കഥ മുന്നോട്ടുപോകുന്നത്. പ്രണയവും പിന്നെ, പാട്ടും പതിവ് സെന്‍റിമെൻസുമെല്ലാം ബോംബ് കഥയിലും സ്ഥാനം പിടിക്കുന്നുണ്ട്. ഇതിനൊക്കെ മുകളിൽ ഹരീഷ് കണാരന്‍റെ കൗണ്ടറുകൾ തലപൊക്കി നിന്നപ്പോൾ പ്രേക്ഷകർ ചിരിച്ചു വശംകെട്ടു എന്നതാണ് സത്യം.



കുളപ്പുള്ളി ലീല കലക്കി

നായിക പ്രയാഗ മാർട്ടിനാണെങ്കിലും കുളപ്പുള്ളി ലീലയാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന സ്ത്രീകഥാപാത്രം. നാട്ടിൻപുറംകാരിയുടെ ഭാവചേഷ്ടകൾ നിരവധി തവണ സ്ക്രീനിൽ കാണിച്ചിട്ടുള്ള ലീല, ഈ സിനിമയിലും അത്തരത്തിൽ ഒരു കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നത്. അയൽപക്കക്കാരനുമായി നിരന്തരം വഴക്കുണ്ടാക്കുന്ന ലീല പ്രേക്ഷകരെ ശരിക്കും രസിപ്പിക്കുന്നുണ്ട്. നായികയുടെ പ്രാധാന്യം കൃത്യമായി അറിയണമെങ്കിൽ അവസാനം വരെ കാത്തിരിക്കേണ്ടി വരും.

അരുണ്‍ രാജിന്‍റെ സംഗീതത്തിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ ബോംബു കഥയ്ക്ക് പകിട്ടേകിയപ്പോൾ ബിബിൻ ജോർജിന്‍റെ നൃത്തച്ചുവടുകൾ ഒരുപാട് പേർക്ക് പ്രചോദനമായി മാറുകയാണ്. ബിജിബാൽ ഒരുക്കിയ പശ്ചാത്തല സംഗീതം കഥയോടു ചേർന്നുനില്ക്കുന്പോൾ ബോറടിയുടെ ഒരംശം പോലും ചിത്രത്തിൽ കയറിക്കൂടില്ല.



കഥയിൽ ബോംബുണ്ട്...

ചിത്രത്തിന്‍റെ പേരിൽ മാത്രമല്ല... ഒറിജിനൽ ബോംബ് കഥയ്ക്കുള്ളിലുമുണ്ട്. അത് എങ്ങനെ എപ്പോൾ പൊട്ടുമെന്നു പറഞ്ഞുതരില്ല... ആ കഥ നിങ്ങൾ തീയറ്ററിൽ പോയി തന്നെ കണ്ടറിയുക. നാട്ടിൻപുറത്തേക്ക് മാവോയിസ്റ്റുകളെ കൊണ്ടുവന്ന് കഥയ്ക്ക് അല്പം ഗൗരവ സ്വഭാവം നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. തട്ടിക്കൂട്ട് കഥയെ മെരുക്കിയെടുക്കാനുള്ള ശ്രമത്തിനിടെ ചിത്രം ഇടയ്ക്കിടെ ബാലൻസ് തെറ്റിപ്പോകുന്നുണ്ട്. തിരക്കഥയിലെ പാളിച്ച തന്നെയാണ് ഇതിന് കാരണമായത്.

കലാഭവൻ ഷാജോണ്‍ സീരിയസാണ്...

നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങൾ കലാഭവൻ ഷാജോണിന്‍റെ കരങ്ങളിൽ ഭദ്രമാണ്. കലിപ്പ് പോലീസുകാരനായി എത്തി ഷാജോണ്‍ പൂണ്ടുവിളയാടുന്പോൾ അറിയാതെയെങ്കിലും കക്ഷിയോട് ദേഷ്യം തോന്നുക സ്വഭാവികം മാത്രം. ഹരിശ്രീ അശോകൻ ആശാനായി എത്തി കോമഡിക്ക് ഒഴുകാനുള്ള വഴി വെട്ടിയിടുന്പോൾ ബിജുക്കുട്ടൻ സെൽഫിക്കിടെ നുഴഞ്ഞുകയറി ചിരിയുണർത്താൻ ശ്രമിക്കുന്നുണ്ട്.



ഇടയ്ക്കിടെ ഫോണ്‍ ശബ്ദമായി എത്തി "ഓഖി അളിയൻ' പ്രേക്ഷകരുടെ മനം കവർന്നപ്പോൾ കക്ഷി ആരെന്നറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. ഓഖി അളിയനെ സംവിധായകൻ പരിചയപ്പെടുത്തിയതാകട്ടെ ഏറ്റവും ഒടുവിലും. ആ മുഖം കണ്ടതോടെ പ്രേക്ഷകരുടെ മുഖത്ത് വീണ്ടും ചിരി വിരിഞ്ഞു... ഹോ ഈ മനുഷ്യനായിരുന്നോ ഓഖി അളിയൻ, പുള്ളി ഇതല്ല ഇതിനപ്പുറം കാട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് പറഞ്ഞാവും പ്രേക്ഷകർ തീയറ്റർ വിടുക.

(ഹരീഷ് കണാരന്‍റെ ചിരി ആറാട്ട് കാണാൻ ബോംബ് കഥയ്ക്ക് ടിക്കറ്റെടുക്കാം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.