ഒറ്റമുറിക്കുള്ളിലെ തിരിച്ചറിവുകൾ...!
Monday, April 2, 2018 9:13 PM IST
മുറിയിൽ എത്രതന്നെ വെളിച്ചമുണ്ടായാലും അവിടെ ജീവിതം പ്രകാശിക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം...! ചെറുതെന്ന് തോന്നുന്ന ഈ വിഷയമാണ് "ഒറ്റമുറി വെളിച്ചം' എന്ന ചിത്രം ചർച്ച ചെയ്യുന്നത്. ഇത്തരമൊരു പ്രമേയത്തിന് ഒരുപാട് പെൺമനസുകളിലൂടെ സഞ്ചരിക്കാൻ കഴിയും. സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളികൂട്ടുന്നവർ കാണാതെ പോകുന്ന ജീവിതങ്ങളുണ്ട് ഇന്നും ഒരുപാട് ഇടങ്ങളിൽ. അത്തരം ജീവിതങ്ങളിലേക്കാണ് ഒറ്റമുറി വെളിച്ചത്തിലെ കാഴ്ചകൾ തിരിച്ചറിവുകളുടെ പ്രകാശം പരത്തുന്നത്.

ബോണക്കാടും പരിസരങ്ങളിലുമായി വികസിക്കുന്ന കഥയിൽ ഒരുപിടി ജീവിതങ്ങൾ മുന്നിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഓരോരുത്തരെയും ബോണക്കാടിലെ ജീവിത സാഹചര്യങ്ങളുമായി കോർത്തിണക്കാൻ നവാഗത സംവിധായകൻ രാഹുൽ റിജി നായർക്ക് സാധിച്ചിട്ടുണ്ട്.



എത്രയൊക്കെ പുരോഗമന വാദം പറഞ്ഞാലും ഒതുങ്ങിക്കൂടൽ, അടങ്ങിയൊതുങ്ങി ജീവിക്കൽ തുടങ്ങിയ പ്രക്രിയകൾ ഇന്നും സ്ത്രീകൾ ചുമലിലേറ്റുന്ന ആചാരങ്ങളാണ്. അവയ്ക്കെതിരെ ശബ്‌ദിച്ചതോടെയാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിക്ക് മുന്നിൽ ഒറ്റമുറി വെളിച്ചം കെടാവിളക്കായി കത്തിജ്വലിച്ചത്. സുധയും ചന്ദ്രനും പിന്നെ ചന്ദ്രന്‍റെ അമ്മയുമെല്ലാം ചില യാഥാർഥ്യങ്ങളെ തുറന്നുകാട്ടുകയായിരുന്നു. ആ യാഥാർഥ്യങ്ങൾക്ക് പിന്നാലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ നാലെണ്ണം ഒറ്റമുറിവെളിച്ചത്തിന്‍റെ വഴിയേ ഇങ്ങുപോന്നു. മികച്ച സിനിമ, മികച്ച സഹനടി, മികച്ച എഡിറ്റർ, മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാർഡ് എല്ലാം ഈ ഒറ്റ ചിത്രത്തെ തേടിയെത്തി.



ആ മുറിയിലെ വെളിച്ചം എന്‍റെ ജീവനാണ്... എന്‍റെ കണ്ടുപിടിത്തം... ചന്ദ്രൻ (ദീപക്ക് പറന്പോൾ) ഇത് പറയുന്പോൾ, മുഖത്ത് വിരിഞ്ഞത് ആണധികാരത്തിന്‍റെ രൗദ്രഭാവമായിരുന്നു. ചിലർ അങ്ങനെയാണ്, നല്ല വേഷങ്ങൾ കിട്ടിയാൽ പിന്നെ ഒന്നും നോക്കില്ല, അങ്ങ് ആഘോഷിച്ചു കളയും. മലർവാടി ആർട്സ് ക്ലബ്ബ് മുതൽ മലയാള സിനിമാ ലോകത്തുള്ള ദീപക്കിന്, ചന്ദ്രൻ എന്ന കഥാപാത്രം അത്തരത്തിലൊരു ആഘോഷമായിരുന്നു. മനുഷ്യനാണെങ്കിലും തനി കാട്ടുമൃഗം. രാജേഷ് ശർമ ചന്ദ്രന്‍റെ മുതലാളിയായി എത്തി ജീവിതത്തെ ഏതെല്ലാം കോണിലൂടെ നോക്കിക്കണ്ടാൽ സമാധാനം കണ്ടെത്താമെന്ന് ഭംഗിയായി കാട്ടിത്തരുന്നുണ്ട്.



ഒന്നുറക്കെ സംസാരിക്കാൻ... തന്‍റെ നിലപാടുകൾ പറയാൻ... തന്‍റെ ആവശ്യങ്ങൾ നിറവേറ്റിയെടുക്കാൻ വെന്പൽ കൊള്ളുന്ന സുധയാണ് (വിനീത കോശി) ഒറ്റമുറി വെളിച്ചത്തിന്‍റെ നട്ടെല്ല്. ലഭിച്ച അവസരം വിനീത കോശിയും ഭംഗിയാക്കി. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും നടത്തത്തിലും എല്ലാം തനി നാടൻ പെണ്ണിന്‍റെ പ്രകൃതം വിനീതയിൽ ഭദ്രമായിരുന്നു.

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ സുധയ്ക്കു മുന്നിൽ തുറന്നിട്ട ജനാലകളും വാതിലില്ലാത്ത മുറിയും ഒരിക്കലും അണയാത്ത ബൾബുമായിരുന്നു പ്രതിസന്ധികളായി നിന്നത്. എത്രയൊക്കെ ശ്രമിച്ചിട്ടും രാത്രിയിൽ ആ ബൾബിന്‍റെ വെട്ടം അണയാതെ തന്നെ കിടന്നു. സ്നേഹത്തിന്‍റെ ഭാഷയറിയാത്ത ഭർത്താവ് ടോർച്ചും ചുറ്റികയും പിന്നെ പ്ലെയറും ഉപയോഗിച്ച് നോവിക്കുന്പോഴും വാതിൽ ഇല്ലാത്ത മുറിക്കുള്ളിൽ അവൾ നിസഹായയായിരുന്നു.



പെണ്ണ് എല്ലാം സഹിക്കേണ്ടവളാണെന്ന് കേട്ടു തഴന്പിച്ച പ്രയോഗം ഒറ്റമുറിവെളിച്ചത്തിലും മുഴങ്ങി കേൾക്കുന്നുണ്ട്. അതുപറയുന്നതാകട്ടെ മറ്റൊരു സ്ത്രീയും. ചന്ദ്രന്‍റെ അമ്മയുടെ (പോളി വിൽസൺ) ആ പറച്ചിൽ അവരുടെ ജീവിതാനുഭവങ്ങളിൽ ഉൗന്നി നിന്നുകൊണ്ടാണ്. ഞാൻ അനുഭവിച്ചു, അതുകൊണ്ട് നീയും ഇത് അനുഭവിക്കാൻ ബാധ്യസ്ഥയാണെന്നുള്ള പറച്ചിൽ പക്ഷേ, സുധയ്ക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. അവൾ മുറിയുടെ ജനാല ശരിയാക്കി... വെളിച്ചം അണയ്ക്കാനുള്ള മാർഗങ്ങൾ നോക്കി... പിന്നെ ബലമായി കീഴ്പ്പെടുത്താൻ വരുന്ന ഭർത്താവിനു നേരെ ആയുധം ഉയർത്തി പ്രതിരോധിച്ചു. ജീവിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ കൊന്നുകളയണമെന്ന് സുധ ദ്വയാർഥത്തിൽ പറയുന്നത് തന്‍റെ ജീവിതാനുഭവങ്ങളിൽ നിന്നാണ്. ഒടുവിൽ തന്‍റെ ആഗ്രഹത്തിന് പ്രകൃതിയും ഒപ്പം നിന്നപ്പോൾ അവളുടെ കണ്ണുകളിൽ നിസഹായത നിറഞ്ഞില്ല.

കാച്ചിക്കുറുക്കിയ തിരക്കഥയിലെ മികവുറ്റ സംഭാഷണങ്ങളാണ് ഒറ്റമുറി വെളിച്ചത്തിന് കരുത്തായത്. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾ നിരവധിയുണ്ട് ചിത്രത്തിൽ. ലൂക്ക് ജോസിന്‍റെ കാമറക്കണ്ണുകൾ ബോണക്കാടിന്‍റെ സൗന്ദര്യം ആവോളം ഒപ്പിയെടുത്തിട്ടുണ്ട്. കഥാന്തരീക്ഷത്തോടു ചേർന്നുനിൽക്കുന്ന ദൃശ്യങ്ങൾ ചിത്രത്തിന് മാറ്റുകൂട്ടി. കൃത്യതയാർന്ന എഡിറ്റിംഗിലൂടെ അപ്പു എൻ. ഭട്ടതിരി ഒറ്റമുറിവെളിച്ചത്തിന് കൂടുതൽ കരുത്ത് നൽകിയപ്പോൾ സിദ്ധാർഥ് പ്രദീപ് അണിയിച്ചൊരുക്കിയ പശ്ചാത്തല സംഗീതം പ്രമേയത്തിന്‍റെ തീവ്രതയ്ക്കൊത്ത് സഞ്ചരിച്ച് കഥയിലേക്ക് ഇഴുകിച്ചേരാൻ സുഗമമായ പാതയൊരുക്കി.



വെളിച്ചം മാത്രമല്ല ഇരുട്ടും ചില സമയങ്ങളിൽ അത്യന്താപേക്ഷിതമാണെന്ന് ഓർമപ്പെടുത്തിയ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. കേരളത്തിൽ ഏറെ ചർച്ചയാകേണ്ട വിഷയം ആവിഷ്കരണത്തിൽ മികവ് കാട്ടി കൂടുതൽ മിഴിവോടെ പ്രകാശിപ്പിക്കാനാണ് രാഹുൽ ശ്രമിച്ചിരിക്കുന്നത്.

ഒറ്റമുറി വെളിച്ചം അവാർഡിന്‍റെ തിളക്കത്തിൽ മാത്രമായി ഒതുങ്ങിപ്പോകേണ്ട ഒരു ചിത്രമല്ല. ഒറ്റപ്പെടലിന്‍റെ പിടിയിൽ വീണുപോയവർക്ക് അതിജീവനത്തിന്‍റെ പാത കാട്ടിക്കൊടുക്കുന്ന ചിത്രം സ്ത്രീകളെ അംഗീകരിക്കാൻ മടിയുള്ളവരും അല്ലാത്തവരും തീർച്ചയായും കണ്ടിരിക്കണം. ഇതിലെ ഓരോ രംഗങ്ങളും ചിലതെല്ലാം നിങ്ങളോട് സംവദിച്ചെന്നിരിക്കും, ചിലതെല്ലാം ഓർമിപ്പിച്ചെന്നിരിക്കും. അത്രയേറെ ജീവിതത്തോട് ചേർന്നുനിന്നാണ് സംവിധായകൻ കഥ പറഞ്ഞിരിക്കുന്നത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.