റിച്ചിക്കൊരു ക്ലാപ്പ് പോട്...‌‌‌‌!
Friday, December 8, 2017 7:29 AM IST
മാറ്റം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. ആ മാറ്റത്തിന്‍റെ പാത സധൈര്യം തെരഞ്ഞെടുത്തിരിക്കുകയാണ് നിവിൻ പോളി "റിച്ചി' എന്ന ചിത്രത്തിലൂടെ. നേരത്തിലൂടെ തമിഴകത്തേക്ക് എത്തി നോക്കിയിട്ട് പോയ കക്ഷി രണ്ടാം വരവിൽ കിടിലം മേക്കോവറിലാണ് രംഗപ്രവേശം ചെയ്യുന്നത്. 1983, പ്രേമം, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളിലൂടെ നിവിനിൽ കണ്ട മാറ്റത്തിന്‍റെ തുടർച്ച റിച്ചിയിലും കാണാൻ സാധിക്കും.



കന്നടയിൽ സൂപ്പർ ഹിറ്റായ "ഉളിദിവരൂ കണ്ടന്തേ' തമിഴകത്തേക്ക് എത്തിയപ്പോൾ അടിമുടി മാറ്റങ്ങൾ സംഭവിച്ചട്ടുണ്ട്. സംവിധായകനും നടനുമായ രക്ഷിത് ഷെട്ടി കന്നടയിൽ തന്‍റേതായ ശൈലിയിൽ ആരാധകരെ നേടിയെടുത്തത് ഉളിദിവരൂ കണ്ടന്തേ എന്ന ഒറ്റ ചിത്രത്തിലൂടെയാണ്. രക്ഷിത് ഷെട്ടിയുടെ അഭിനയം കണ്ടു തന്നെയാവും നിവിൻ റിച്ചിയിലേക്ക് എത്തിയതും. അഭിനയത്തിന്‍റെ കാര്യത്തിൽ രക്ഷിത് ഷെട്ടിയോളം എത്തിയില്ലെങ്കിലും മോശം പറയിപ്പിക്കാത്ത വിധം നിവിൻ റിച്ചിയെ ഗംഭീരമാക്കിയിട്ടുണ്ട്.




കഥ പറഞ്ഞ രീതിയും കഥയിലേക്ക് എത്തിച്ചേരാനുള്ള വഴിയും വേറിട്ട് നിന്നപ്പോൾ ആദ്യമെല്ലാം ഒരു ഇഴച്ചിൽ തോന്നുക സ്വാഭാവികം മാത്രം. പലരുടെയും മനസിലൂടെ റൗഡി റിച്ചി ബിഗ്സ്ക്രീനിലെത്തിയതോടെ ചിത്രം അതിവേഗം കുതിക്കാൻ തുടങ്ങി. റിച്ചിയെ അറിയുക വഴി പലരുടെയും കഥകൾ തനിയെ ചുരുളഴിയും. വൈദികന്‍റെ മകൻ റൗഡിയായത് എങ്ങനെയെന്നാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്. പലകുറി കണ്ട് പഴകിയ വിഷയത്തെ ആവിഷ്കരണത്തിലൂടെ മാറ്റിയെടുക്കാനാണ് യുവ സംവിധായകൻ ഗൗതം രാമചന്ദ്രൻ ശ്രമിച്ചിരിക്കുന്നത്. രക്ഷിത് ഷെട്ടിയും ഗൗതം രാമചന്ദ്രനും ചേർന്നൊരുക്കിയ തിരക്കഥയ്ക്കു മുകളിൽ കയറി തന്‍റെ ലുക്കും സ്റ്റൈലും കാട്ടി റിച്ചി നല്ലവണ്ണം ഉറഞ്ഞു തുള്ളുന്നുണ്ട്.



ശ്രദ്ധ ശ്രീനാഥാണ് നായിക പ്രാധാന്യമില്ലാത്ത ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. കഥയുടെ ചുരുൾ അഴിക്കാനുള്ള മാർഗം മാത്രമാണ് ശ്രദ്ധ ചിത്രത്തിൽ. പക്ഷേ, നായികയിലും ഒരു കഥ സംവിധായകൻ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. "സതുരംഗ വേട്ടൈ' കണ്ടവരാരും നടരാജൻ സുബ്രഹ്മണ്യത്തെ മറക്കില്ലല്ലോ. റിച്ചിയിൽ സെൽവമായി എത്തി നടരാജൻ ഒരിക്കൽ കൂടി വിസ്മയിപ്പിച്ചു. പലരുടെയും ജീവിതത്തിൽ റിച്ചിയെന്ന റൗഡി ആരായിരുന്നുവെന്ന പത്രപ്രവർത്തകയുടെ അന്വേഷണം അതുവരെ തുറക്കാതിരുന്ന കഥകളുടെ വാതിൽ തുറന്നുകയറുകയാണ്.



രണ്ടുമണിക്കൂറിലേക്ക് വലിച്ചു നീട്ടാത്ത ചിത്രത്തിന്‍റെ ആദ്യ പകുതിയിൽ പശ്ചാത്തല സംഗീതം നല്ലവണ്ണം എറിച്ചുനിന്നു. റിച്ചി കടന്നു വരുന്പോളുള്ള ബിജിഎം മികച്ചതാണ്. അജനീഷ് ലോക്നാഥാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ മൂഡിന് അനുസരിച്ച് പശ്ചാത്തല സംഗീതം കയറിയുമിറങ്ങിയും യാത്ര തുടർന്നപ്പോൾ കഥയ്ക്കൊപ്പം യാത്ര ചെയ്യാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടായില്ല. ചിത്രത്തിലെ ഫ്രെയിമുകളിലെ കളർടോണിനോട് വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോകും. ആക്ഷനില്ലാത്ത ആക്ഷൻ സിനിമയ്ക്ക് അത്തരമൊരു കളർടോണ്‍ അനിവാര്യവുമായിരുന്നു. പാണ്ടി കുമാറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.




ആദ്യ പകുതിയിൽ കണ്ട റിച്ചിയെ അല്ല രണ്ടാം പകുതിയിൽ കാണാൻ കഴിയുക. ക്രിമിനൽ ചിന്താഗതിയുള്ള നായകന്‍റെ മാറ്റങ്ങൾ രണ്ടാം പകുതിയിൽ തെളിഞ്ഞുവരുന്പോൾ റിച്ചി കാത്തിരുന്ന അതിഥി കൂടി ചിത്രത്തിലെത്തും. പിന്നീട് ചിത്രത്തിന്‍റെ കഥാഗതി അത്രയും മാറ്റുന്നത് സഹനടന്മാരാണ്. ട്വിസ്റ്റുകളിൽ നിന്നും ട്വിസ്റ്റുകളിലേക്ക് പോയി ഒടുവിൽ വലിയൊരു സസ്പെൻസിലേക്ക് ചിത്രം എത്തുന്പോൾ കെട്ടവനായ റൗഡി നല്ലവനാകുന്നതെങ്ങനെയെന്ന് മനസിലാക്കാൻ സാധിക്കും. മാസ് ആക്ഷൻ ത്രില്ലർ പ്രതീക്ഷിച്ച് റിച്ചിക്ക് ടിക്കറ്റെടുത്താൽ മാസ് കൂൾ റിച്ചിയെ കണ്ട് തിരികെപ്പോരാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.