കരിഞ്ഞുണങ്ങിയ "റോസാപ്പൂ'..!
Saturday, February 10, 2018 9:02 PM IST
പ്രേക്ഷകരെ മടുപ്പിക്കാന്‍ ഒരു മടിയുമില്ലായെന്ന മട്ടിലാണ് വിനു ജോസഫ് "റോസാപ്പൂ' ഒരുക്കിയിരിക്കുന്നത്. ചിരിപ്പിക്കാനായി കാട്ടിക്കൂട്ടിയ ലീലാവിലാസങ്ങള്‍ എല്ലാം ചിത്രത്തിൽ ദുരന്തമായി മാറുകയായിരുന്നു. കാശ് കൊടുത്തു അകത്തു കയറിയ പ്രേക്ഷകനെ കൊഞ്ഞനം കുത്തി കാണിക്കുന്നതില്‍ അഭിനേതാക്കള്‍ മത്സരിച്ചു കൊണ്ടേയിരുന്നു. മലയാളത്തില്‍ മിനിമം ഗാരന്‍റി​യുള്ള നടനായി മാറിക്കൊണ്ടിരിക്കുന്ന ബിജു മേനോ​ന്‍റെ ഏറ്റവും മോശം പടങ്ങളില്‍ ഒന്നാണ് റോസാപ്പൂവെന്ന് നിസംശയം പറയാം. പുള്ളി കോമഡിയൊക്കെ ചെയ്യും, അത് മലയാളികള്‍ക്ക് ഇഷ്ടമാണെന്നുള്ളതും സത്യമാണ്. എന്നു കരുതി ഒട്ടും ഏല്‍ക്കാത്ത സംഭാഷണങ്ങള്‍ പുള്ളി അങ്ങ് പറഞ്ഞ് ഫലിപ്പിച്ചോളും എന്നു സംവിധായകന് തോന്നിയാല്‍ അതിനെ അതിമോഹം എന്നേ പറയാന്‍ പറ്റു.
ചിരിയില്ലാ പടം

തുടക്കം മുതല്‍ അഭിനേതാക്കളെല്ലാം പ്രേക്ഷകരെ ചിരിപ്പിക്കാൻ അതികഠിന ശ്രമമാണ് നടത്തുന്നത്. ചിരിപ്പടം ആയതിനാൽ തുടക്കം മുതൽ ആളുകൾ ചിരിക്കണമെന്ന നിർബന്ധമുണ്ടല്ലോ. കടങ്ങള്‍ക്കിടയില്‍ കിടന്ന് നെട്ടോട്ടമോടുന്ന ഷാജഹാന്‍, സിനിമാ മോഹവുമായി നടക്കുന്ന ആംബ്രോസ്.. ഇവര്‍ ജീവിതത്തില്‍ രക്ഷപ്പെടാനായി നടത്തുന്ന കോപ്രായങ്ങളാണ് സിനിമയില്‍ ഉടനീളം കാണാന്‍ കഴിയുക. ഷാജഹാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി കുറച്ച് ഡയലോഗും കൂടി കാച്ചിയാല്‍ അത് കോമഡിയാകില്ലല്ലോ. സംവിധായകന് ഇക്കാര്യം മനസിലായേയില്ല. കടമുള്ള ആളെ കുഴിയില്‍ ചാടിക്കാന്‍ ഏതൊരു സിനിമയിലും ഒരു കൂട്ടുകാരന്‍ ഉണ്ടാകുമല്ലോ. ആ വേഷത്തിലേക്കാണ് ബേസില്‍ ജോസഫ് എത്തുന്നത്. എംബിഎക്കാരനായ കക്ഷിയുടെ തലയില്‍ ഉദിക്കുന്ന ബിസിനസ് ബുദ്ധികളാണ് ഷാജഹാനെ കടത്തില്‍ നിന്നും മുഴുക്കടത്തിലേക്ക് തള്ളിയിടുന്നത്. ബിജു മേനോന്‍-നീരജ് മാധവ്-ബേസില്‍ ജോസഫ് കൂട്ടുകെട്ട് ആവുന്നത്ര ശ്രമിച്ചിട്ടും ചിത്രത്തില്‍ ചിരിമഴ ഒന്ന് ചാറിക്കാൻ പോലും കഴിഞ്ഞില്ല.
"ഇക്കിളി' പടം പിടുത്തം

മൊട്ട ബിസിനസ് പൊട്ടി ഷാജഹാന്‍ പാളീസായി ഇരിക്കുമ്പോഴാണ് എംബിഎക്കാരന്‍ സുഹൃത്തി​ന്‍റെ തലയില്‍ ഇക്കിളിപ്പടത്തി​ന്‍റെ സാധ്യതകള്‍ ഉദിക്കുന്നത്. കഥ നടക്കുന്നത് 2000-ല്‍ ആണ് കേട്ടോ... അന്നാണല്ലോ ഇക്കിളിപ്പടങ്ങള്‍ കേരളത്തില്‍ കളക്ഷന്‍ റിക്കാര്‍ഡ് തീര്‍ത്ത വര്‍ഷം. അവിടെ നിന്ന് അങ്ങോട്ടാണ് സിനിമയ്ക്കുള്ളിലെ സിനിമയായി റോസാപ്പൂ മാറുന്നത്. ഇവിടെ നിന്ന് അങ്ങോട്ടെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാനുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയെങ്കില്‍ തെറ്റി. വലിയ ദുരന്തങ്ങള്‍ വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു.

പലിശക്കാനായി വിജയരാഘവന്‍ ഭേദപ്പെട്ട പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. വിജയരാഘവ​ന്‍റെ ഗെറ്റപ്പും പണത്തിനോടുള്ള ആര്‍ത്തിയുമെല്ലാം നല്ലരീതിയില്‍ തന്നെ സംവിധായകന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പടം പിടിക്കാനായി ബിജു മേനോനും സംഘവും ചെന്നൈയില്‍ എത്തുന്നതോടെ കഥയുടെ മട്ടും ഭാവവുമെല്ലാം ലേശം മാറും. പിന്നെയങ്ങോട്ട് നടിമാരെ കണ്ടെത്താനും നടനെ കണ്ടെത്താനുമുള്ള ഓട്ടമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീറായി എത്തി സൗബിന്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.എന്തൊക്കയോ കുഴപ്പമുണ്ട്

നായികയായി എത്തിയ തെന്നിന്ത്യന്‍ സുന്ദരി അഞ്ജലിയുടെ പ്രകടനം അസഹനീയം എന്നേ പറയാന്‍ പറ്റു. ചിരിയാകട്ടെ കരച്ചിലാകട്ടെ എല്ലാം ഗോഷ്ടികാണിക്കലായി മാത്രം പര്യവസാനിച്ചു. ഇക്കിളിപ്പടം ആണെങ്കിലും ക്ലാസായിട്ട് എടുക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ആംബ്രോസ്. പക്ഷേ, ചെന്നൈയില്‍ സംഭവിക്കുന്നതെല്ലാം നേരെ മറിച്ചാണ്. സിനിമ പിടിക്കാനെത്തി ചതിക്കുഴിയില്‍ വീണുപോയ പലരെയും ഓര്‍മിപ്പിക്കാന്‍ സംവിധായകന് ത​ന്‍റെ സിനിമയിലൂടെ സാധിച്ചിട്ടുണ്ട്.

രണ്ടാം പകുതിയിലും ചളി വാരിവിതറാന്‍ സംവിധായകന്‍ ഒട്ടും മടി കാട്ടുന്നില്ല. ഇതിനിടയില്‍ പാട്ടുകളെല്ലാം വന്നു പോകുന്നുണ്ടെങ്കിലും അതൊന്നും കാര്യമായ ഊര്‍ജം ചിത്രത്തിന് പകര്‍ന്ന് കൊടുത്തില്ല. മറിച്ച് ബോറടിപ്പിക്കലി​ന്‍റെ ആക്കം കൂട്ടുന്നതേയുള്ളൂ. ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ എവിടെയൊക്കെയോ കാര്യമായ തട്ടുകേടുകള്‍ പറ്റിയ മട്ടിലാണ് കഥ നീങ്ങുന്നത്. എവിടെക്കൊണ്ട് അവസാനിപ്പിക്കണമെന്ന് സംവിധായകന് തിട്ടമില്ലാത്തത് പോലെ. ഒടുവില്‍ അന്തവും കുന്തവുമില്ലാതെ വല്ലാണ്ട് ഇഴഞ്ഞ് ഇഴഞ്ഞാണ് ചിത്രം അവസാനിക്കുന്നത്.

(മോളിവുഡിലെ ഈ വർഷത്തെ ആദ്യ ദുരന്തമാണ് റോസാപ്പൂ.)

വി.ശ്രീകാന്ത്