ഗംഭീരം ഈ സ്വാതന്ത്ര്യം...!
Saturday, March 31, 2018 9:02 PM IST
റിയലിസ്റ്റിക് സംവിധായകരുടെ പട്ടികയിലേക്ക് ഒരു പേര് കൂടി എഴുതി ചേർക്കാം. ടിനു പാപ്പച്ചൻ... തന്‍റെ ആദ്യ സംവിധാന സംരംഭം കിക്കിടുവാക്കിയിരിക്കുകയാണ് കക്ഷി. മലയാള സിനിമ പലവട്ടം തൊട്ടു തലോടി പോയിട്ടുള്ള പ്രമേയത്തെ പ്രധാന പ്രമേയമാക്കി മാറ്റുന്പോൾ പാളാനുള്ള സാധ്യതകളേറെയാണ്. എന്നാൽ സംവിധായകൻ ആവിഷ്കരണത്തിൽ പുതുമകൾ വാരിവിതറി കുഞ്ഞ് പ്രമേയത്തെ വലിയൊരു സംഭവമാക്കി മാറ്റുകയായിരുന്നു.

ലളിതമായി പറഞ്ഞാൽ ജയിൽ ചാട്ടമാണ് സംഗതി. പക്ഷേ, ചിത്രത്തിന്‍റെ അവതരണ രീതി ആരേയും ഒന്ന് പിടിച്ചിരുത്തും. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഒന്നിനൊന്ന് മികച്ച് നിന്നപ്പോൾ ചിത്രത്തിലെ താരനിര ഉഷാർ പ്രകടനമാണ് പുറത്തെടുത്തത്. റിയലിസ്റ്റിക് ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും അർധരാത്രിയിലെ ഈ സ്വാതന്ത്ര്യം കാണാൻ ടിക്കറ്റെടുക്കാം. ഒന്നുറപ്പാണ്, ത്രില്ലടിച്ചേ നിങ്ങൾ പുറത്തിറങ്ങൂ.



ആന്‍റണിക്ക് നൂറിൽ നൂറ്

ജയിൽ ചാട്ടം പലകുറി മലയാള സിനിമയിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇത്രത്തോളം ത്രില്ലിംഗ് അല്ലായിരുന്നു. ജയിലിലെ അന്തരീക്ഷവും അതിനൊത്ത താരങ്ങളും ചിത്രത്തിൽ തിങ്ങി നിറഞ്ഞിട്ടുണ്ടായിരുന്നു. അങ്കമാലി ഡയറീസിലെ പെപ്പെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ജേക്കബായാണ് (ആന്‍റണി വർഗീസ്) എത്തുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിൽ ഹീറോയായി ആന്‍റണി തകർത്തു. പോലീസുകാരനെ കൊന്ന കേസിൽ അകത്താകുന്ന ജേക്കബിനെ ചുറ്റി പറ്റിയാണ് കഥ വികസിക്കുന്നത്. ജയിൽ പരിസരത്ത് കഥ ചുറ്റി തിരിയുന്പോൾ അടിത്തറയുള്ള തിരക്കഥ നിർബന്ധമാണ്. ആ പണി ദിലീപ് കുര്യൻ നല്ല വെടിപ്പായി ചെയ്തപ്പോൾ ബോറടി തോന്നുന്ന ഒരു രംഗവും ചിത്രത്തിൽ സ്ഥാനം പിടിച്ചില്ല.



കാഴ്ചകൾക്ക് എന്തൊരു അഴക്

ഇരുട്ടിനെ സുന്ദരിയാക്കാൻ കഴിവുള്ള ഗിരീഷ് ഗംഗാധരന്‍റെ കാമറ കണ്ണുകൾ ഇത്തവണയും ഞെട്ടിച്ചു. ഹോ എന്തൊരഴകാണ് ഫ്രെയിമുകൾക്ക്. മഴയും ജയിൽ അന്തരീക്ഷവുമെല്ലാം അത്ര മനോഹരമായാണ് പകർത്തിയിരിക്കുന്നത്.

ആദ്യ പകുതിയിൽ ജയിൽ ചാടാനുള്ള ആലോചനകളാണ് നടക്കുന്നത്. വിനായകനും ചെന്പൻ വിനോദുമെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ജയിലിനകത്തെ ഓരോ രംഗങ്ങൾക്കും ത്രില്ല് കൂടിക്കൂടി വന്നു. ഒരു ഘട്ടത്തിൽ വിനായകനാണോ നായകൻ എന്നു പോലും തോന്നി പോകും. എന്നാൽ കൃത്യമായ സമയത്ത് വിനായകനെ സ്ക്രീനിൽ നിന്ന് വലിച്ച് ആന്‍റണിക്ക് പ്രാധാന്യം കൂടുതൽ കൊടുക്കാൻ സംവിധായകന് കഴിയുന്നുണ്ട്.



ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതം

ദീപക് അലക്സാണ്ടർ ഒരുക്കിയ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്‍റെ ത്രില്ല് കൂട്ടുന്നത്. പ്രേക്ഷകരുടെ മനസിനെ ജയിലിനുള്ളിലേക്ക് കടത്തിവിട്ട് കൊട്ടിയടയ്ക്കാൻ ചിത്രത്തോടൊപ്പം സഞ്ചരിച്ച സംഗീതത്തിന് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതയിലെ ജയിൽചാട്ട ഒരുക്കങ്ങൾക്കിടയിലും കോമഡിക്ക് കൃത്യമായ സ്ഥാനം സംവിധായകൻ ചിത്രത്തിൽ നൽകിയിട്ടുണ്ട്. നായക പ്രാധാന്യമുള്ള ചിത്രത്തിൽ നായിക അശ്വതി ഒതുങ്ങിപ്പോവുകയായിരുന്നു. നായകനുണ്ടാകുന്പോൾ വില്ലൻ വേണമല്ലോയെന്ന മട്ടിലും ചിത്രത്തിൽ ചിലർ സ്ഥാനം പിടിച്ചിട്ടുണ്ട്. അവർക്കു പക്ഷേ, വലിയ പ്രാധാന്യമൊന്നും ഇല്ലെന്നു മാത്രം.

പോലീസുകാർ തകർത്തു

ജയിൽപുള്ളികളും പോലീസുകാരും തമ്മിലുള്ള കെമിസ്ട്രി കൃത്യമായി സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. അസിസ്റ്റന്‍റ് ജയിലറായി എത്തിയ രാജേഷ് ശർമ ഒരു പോലീസുകാരന്‍റെ എല്ലാവിധ ഉടായിപ്പുകളും മുഖത്ത് സന്നിവേശിപ്പിച്ചിട്ടുണ്ടായിരുന്നു. ഇടിയാകട്ടെ... തൊഴിയാകട്ടെ... തടവുകാരോടുള്ള പെരുമാറ്റമാകട്ടെ എല്ലാം പുള്ളി ഉഷാറായി കൈകാര്യം ചെയ്തു. ഇടികൊള്ളാനും കൊടുക്കാനുമായി നിരവധി പോലീസുകാരും ചിത്രത്തിലുണ്ട്.

സംഘട്ടന രംഗങ്ങൾ വളരെ മനോഹരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജയിലിനുള്ളിലും പുറത്തുമായി കാട്ടുന്ന ഓരോ സംഘട്ടനങ്ങളും അത്രമേൽ റിയലിസ്റ്റിക്കാണ്. ജയിൽചാടാനുള്ള ബുദ്ധിമുട്ടുകളും കാര്യങ്ങളുമെല്ലാം വെടിപ്പായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ജയിൽ ചാടും എന്നുള്ള കാര്യം ഉറപ്പാണെങ്കിലും അത് എങ്ങനെയാവും എന്ന ആകാംക്ഷ ഒടുക്കം വരെ നിലനിർത്തുന്നതാണ് ചിത്രത്തിന്‍റെ ത്രിൽ.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.