പൈപ്പിൻ ചുവട്ടിലെ ദുരന്തം...!
Friday, November 24, 2017 7:06 AM IST
എത്ര തുഴഞ്ഞാലും കരയ്ക്കെത്താത്ത വള്ളത്തിലാണ് നീരജ് മാധവും കൂട്ടരും അകപ്പെട്ടത്. പിന്നെ ബാക്കികാര്യം പറയേണ്ടല്ലോ... എല്ലാം തഥൈവ. സാമൂഹ്യ പ്രതിബദ്ധതയും പിന്നെ പ്രണയവും കുറച്ചു നാട്ടുകാരെയും കാണിച്ചാൽ എല്ലാം ശരിയാകുമെന്ന മണ്ടൻ ചിന്താഗതിയിലൂന്നിയാണ് സംവിധായകൻ ഡോമിൻ ഡിസിൽവ "പൈപ്പിൻ ചുവട്ടിലെ ദുരന്തം' (പ്രണയം) അണിയിച്ചൊരുക്കിയത്. എവിടുന്നോ വന്ന ആവേശത്തിന് വള്ളം തുഴയാൻ തുടങ്ങി, എന്നാലൊട്ടു കരയ്ക്കടുക്കുന്നുമില്ല. അത്തരമൊരു അവസ്ഥയിലൂടെയാണ് പൈപ്പിൻ ചുവട്ടിലെ പ്രണയം കടന്നു പോകുന്നത്. ദുരന്തം എന്നു പറഞ്ഞാൽ കുറഞ്ഞുപോകും "മഹാദുരന്തം' തന്നെ.
ഹൊ എന്തൊരു ഇഴച്ചിലാണിത്..!

ചില രംഗങ്ങൾ ഷൂട്ട് ചെയ്തുപോയി. പിന്നെ അതു കാണിക്കാതിരിക്കാൻ പറ്റുമോ?. അത്തരം രംഗങ്ങളെല്ലാം ചിത്രത്തിന്‍റെ ആദ്യ ഭാഗത്ത് കിടക്കട്ടെ എന്ന് സംവിധായകൻ കരുതിയാൽ എന്തു ചെയ്യാൻ പറ്റും. കാണുക അത്ര തന്നെ. പക്ഷേ, ആവിഷ്കാര സ്വാതന്ത്ര്യത്തിലൂന്നിയുള്ള ഇമ്മാതിരി കാട്ടിക്കൂട്ടൽ ഇത്തിരി ഓവറാണ്. പോട്ടെ ക്ഷമിക്കാം. മുന്നോട്ട് പോകുന്പോൾ എന്തെങ്കിലുമൊക്കെ സംഗതികൾ വരുമായിരിക്കുമെന്നു കരുതി നോക്കിയിരുന്നു. കണ്ടില്ല, ഒന്നും കണ്ടില്ല. എല്ലാം ക്ലീഷേകൾ മാത്രം.

ചിത്രത്തിന്‍റെ പേരിൽ മാത്രമേയുള്ള പുതുമ. ആവിഷ്കരണത്തിൽ ആ പുതുമ ഒരുമൈൽ ദൂരെ നിൽക്കണമെന്ന് സംവിധായകന് നിർബന്ധമുണ്ടായിരുന്നു എന്ന് തോന്നും ചിത്രം കണ്ടാൽ. പണ്ടാരതുരുത്തിലെ കുടിവെള്ള പ്രശ്നത്തിലൂന്നിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. അവിടുത്തെ ജീവിത രീതികളെ ചുറ്റിപ്പറ്റി കഥാന്തരീക്ഷം മെനഞ്ഞുണ്ടാക്കിയെങ്കിലും ചിത്രീകരിച്ച് വന്നപ്പോൾ വല്ലാണ്ട് ഇഴഞ്ഞുപോയി.അടുക്കും ചിട്ടയുമില്ലാത്ത തിരക്കഥ

കുറെ രംഗങ്ങൾക്ക് ഇടയിൽ കുടിവെള്ള പ്രശ്നത്തിന്‍റെ തീവ്രത കാട്ടുന്നു. ഇങ്ങനെ ഒരു പോക്കിനിടയിൽ നായകന്‍റെയും നായികയുടെയും (നീരജ് മാധവ്- റീബ) പ്രണയം. പിന്നെ കുറച്ച് നാട്ടുവിശേഷങ്ങൾ കൂടിയാകുന്പോൾ രണ്ടു മണിക്കൂർ 14 മിനിറ്റിലേക്ക് ചിത്രം എത്തിച്ചേരുന്നുണ്ട്. ഇതിനൊക്കെ ഒരു അടുക്കും ചിട്ടയുമെല്ലാം ഉണ്ടായിരുന്നെങ്കിൽ കാണാൻ രസമുണ്ടായിരുന്നു. പക്ഷേ, കുടിവെള്ള പ്രശ്നവും പ്രണയവും തമ്മിൽ സമരസപ്പെടാതെ വന്നതോടെ ചിത്രത്തിൽ കല്ലുകടികൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും. രചനാ വേളയിൽ കാണിച്ച ആലസ്യമാണ് ചിത്രത്തെ ഒരു അന്തവും കുന്തവുമില്ലാത്ത പരുവത്തിലേക്ക് എത്തിച്ചത്.ചിരിയുണർത്താത്ത തമാശകൾ

എഴുതിവച്ച സംഭാഷണങ്ങൾ കാണാപ്പാഠം പറയുന്നതു പോലെയായാൽ ചിരിക്കാൻ തോന്നില്ല. പഞ്ചില്ലാത്ത തമാശകൾ ചറപറാന്ന് പറഞ്ഞ് വെറുപ്പ് സന്പാദിച്ച് കൂട്ടുന്ന കാര്യത്തിൽ സഹതാരങ്ങൾ ശരിക്കും മത്സരിക്കുന്നുണ്ട്. ധർമജൻ ബോൾഗാട്ടി ബാബുമോനായെത്തി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് ഒഴിച്ചാൽ പ്രേക്ഷകരെ ചിരിപ്പിക്കാനായി സംവിധായകൻ തെരഞ്ഞെടുത്തവരെല്ലാം ഭേഷായി ബോറാക്കി. കുടിവെള്ള പ്രശ്നത്തിന് ഉൗന്നൽ കൊടുക്കണോ പ്രണയം ഹൈലൈറ്റ് ചെയ്യണോ എന്ന കണ്‍ഫ്യൂഷനിടയിൽപ്പെട്ട് ഒന്നാം പകുതി ഇഴഞ്ഞു തീർന്നപ്പോൾ ബാക്കിയായത് എറിക്കാതെ പോയ തമാശകൾ മാത്രമാണ്.സംഗീതാശ്വാസം

ഇത്തരമൊരു ചിത്രത്തിൽ കടന്നുകൂടുന്ന പാട്ടുകൾ സാധാരണ ബോറാകാറാണ് പതിവ്. ആ പതിവ് ഇവിടെ തെറ്റിയിരിക്കുകയാണ്. അറുബോറൻ കോമഡികൾക്കിടയിൽ പ്രേക്ഷകർക്ക് ആശ്വാസം പകരുന്നത് ചിത്രത്തിലെ ഗാനങ്ങളാണ്. വിഷയത്തിൽ നിന്നും വേറിട്ട് നിൽക്കാത്ത വിധമാണ് ബിജിപാൽ സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരംഗങ്ങളിൽ മികച്ചുനിന്ന നായികയ്ക്ക് പക്ഷേ, ചിത്രത്തിൽ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പൈങ്കിളി പ്രണയത്തിൽ ഒതുക്കി നായികയെ സംവിധായകൻ തളച്ചിടുകയായിരുന്നു.
നീരജിന് ഇതെന്തുപറ്റി

മെക്സിക്കൻ അപാരതയിലെ ചുറുചുറുക്കിന്‍റെ അംശം പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലും കൊണ്ടുവരാൻ നീരജ് ശ്രമിച്ചട്ടുണ്ട്. ഗോവൂട്ടി ആദ്യ പകുതിയിൽ പ്രണയപരവശനാണെങ്കിൽ രണ്ടാം പകുതിയിൽ വിപ്ലവകാരിയാണ്. "മെക്സിക്കൻ പ്രേതം' വിട്ടുമാറാത്ത പ്രകടനം. നായകപട്ടം കിട്ടിയപ്പോൾ അഭിനയരസം മറന്നപോലെ നീരജ് എന്തൊക്കയോ ചിത്രത്തിൽ കാട്ടിക്കൂട്ടുകയാണ്. സുധി കോപ്പയാണ് തമ്മിൽ ഭേദമെന്നവണ്ണം ചിത്രത്തിൽ മികച്ചുനിന്നത്. ഛായാഗ്രാഹകൻ തന്‍റെ കാമറ പണ്ടാരതുരുത്തിലൂടെ കറക്കി മികവുള്ള ഫ്രെയിമുകൾ ഒപ്പിയെടുത്തിട്ടുണ്ട്. ഉഷാറില്ലാത്ത വിപ്ലവവും പതിവ് പ്രണയവുമെല്ലാം കാട്ടി സിനിമ അവസാനിക്കുന്പോൾ ചുമ്മാ സമയം കളഞ്ഞതിന്‍റെ നിർവികാരതയോടെ തിയറ്റർ വിട്ടുപോകാം.

(ഹൊ... വല്ലാത്തൊരു പ്രണയമായിപ്പോയി..!)

വി.ശ്രീകാന്ത്