മനസ് കുളിർപ്പിക്കും "കാറ്റ്'
Friday, October 13, 2017 5:04 AM IST
പത്മരാജന്‍റെ എഴുത്തിലുള്ള വശ്യത ആവോളം നുകർന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ കഥകളും സിനിമകളും വായിക്കാനും കാണാനും വീണ്ടും വീണ്ടും ഉള്ളിൽ ആഗ്രഹം ജനിക്കും. പത്മരാജന്‍റെ കഥകളിലെ കഥാപാത്രങ്ങളെ കൂട്ടിയിണക്കി മകൻ അനന്തപത്മനാഭൻ തിരക്കഥാഭാഷ്യം ഒരുക്കിയ കാറ്റിനും അതെ വശ്യത കൈവന്നപ്പോൾ അതിലെ ഓരോ കാഴ്ചകളും കണ്ണഞ്ചിപ്പിക്കുന്നതായി. വർഷങ്ങൾക്ക് ശേഷം പത്മരാജൻ വീണ്ടും പുനർജനിച്ചപ്പോലൊരു തോന്നൽ. അരുണ്‍ കുമാർ അരവിന്ദ് എന്ന സംവിധായകന് പ്രേക്ഷകരിൽ ആ തോന്നൽ ഉളവാക്കാൻ കഴിഞ്ഞതോടെ "കാറ്റ്' നിലതെറ്റാതെ വീശാൻ തുടങ്ങി... നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന ഓരോരുത്തരുടെയും മനസിലേക്ക്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കാറ്റിന് ആവുമോയെന്ന് കണ്ടു തന്നെ അറിയണം. പക്ഷേ, മനസലിയിക്കുന്ന കാഴ്ചകളും അവതരണത്തിലെ പുതുമകളും ഇഷ്ടപ്പെടുന്ന ഏതൊരാളേയും കാറ്റ് നൂറു ശതമാനം തൃപ്തിപ്പെടുത്തും.



കലി തുള്ളുന്ന കാറ്റ്

എഴുപതുകളെ ബിഗ് സ്ക്രീനിലേക്ക് പറിച്ച് നട്ട് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ കാഴ്ചകളിലേക്കാണ് സംവിധായകൻ പ്രേക്ഷകരെ ആദ്യം ക്ഷണിക്കുന്നത്. അവിടെ നടക്കുന്ന കലിതുള്ളുന്ന സംഭവങ്ങളെ മുന്നിൽ കാണിച്ചു തന്ന് കാറ്റ് പതിയെ മലയാളി മണ്ണിലേക്ക് വീശി തുടങ്ങും. ഓരോ ഫ്രെയിമുകളും എന്തു രസമാണ് കാണാൻ. മിഴി ചിമ്മാതെ മതിയാവോളം കണ്ടിരിക്കാൻ തോന്നും. എന്‍റെ പൊന്ന് പ്രശാന്ത് രവീന്ദ്രാ (ഛായാഗ്രാഹകൻ) നിങ്ങളോടും ആ കാമറയോടും വല്ലാത്തൊരു അസൂയ തോന്നി. തുടക്കത്തിൽ കലി തുള്ളുന്ന കാറ്റ് പക്ഷേ, മലയാളക്കരയിലേക്ക് എത്തുന്നതോടെ തെല്ലൊന്ന് ശാന്തമാകുന്നുണ്ട്.



ചാരായത്തോട് ലാഞ്ചനയുള്ള കാറ്റ്

കാറ്റിനും അല്പം ചാരായം നുകരണമെന്ന് തോന്നിയാൽ തെറ്റു പറയാൻ പറ്റുമോ?. മതിയാവോളം ഈ സിനിമയിൽ കാറ്റ് ചാരായം കുടിക്കുന്നുണ്ട്. തൊണ്ണൂറുകളുടെ മധ്യംവരെ നാട്ടിൻപുറത്ത് അരങ്ങ് വാണിരുന്ന ചാരായത്തെ സംവിധായകൻ വീണ്ടും പുനർജനിപ്പിക്കുകയാണ്. അതിന്‍റെ ആസക്തിയും പെരിപ്പുമെല്ലാം കഥാപാത്രങ്ങളിൽ നന്നേ നിഴലിക്കുന്നുണ്ട്. ചെല്ലപ്പനാണ് (മുരളി ഗോപി) ചാരായം കുടിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നതെന്നു പറയാം. മറവിയിൽ ആഴ്ന്നു പോയ നാട്ടിൻപുറം ഓർമകൾ പലരിലും ഈ കാറ്റ് തട്ടി ഉണർത്തും. ആസിഫ് അലിയെന്ന നടനിലെ മാറ്റത്തിന്‍റെ അലയൊലി കാറ്റിലും കാണാൻ കഴിയും. മനസ് നിറയെ നന്മയുള്ള സ്നേഹമുള്ള നൂഹുകണ്ണെന്ന കഥാപാത്രം ആസിഫിൽ ഭദ്രമാണ്.



കാറ്റിൽ അകപ്പെട്ടവർ

നാട്ടിൻപുറത്തെ വഴികളിലൂടെ കഥ നടന്നു തുടങ്ങുന്പോളേക്കും നൂഹുക്കണ്ണ് പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഇടയിലേക്ക് വന്നു കയറും. പിന്നെ കാറ്റ് പല വഴിയെ സഞ്ചരിച്ച് തുടങ്ങും. കഥാപാത്രങ്ങളുടെ മനസുകളിലൂടെയാണ് കാറ്റ് അലഞ്ഞ് തിരിയുന്നതെന്നു മാത്രം. പോളിയായി എത്തിയ ഉണ്ണി രാജൻ പി. ദേവും ആശാനായി എത്തുന്നയാളുമെല്ലാം കാറ്റിൽ അലിഞ്ഞു ചേരുകയായിരുന്നു. മരണത്തിന്‍റെ മുഖവും പ്രതികാരത്തിന്‍റെ മുഖവും നിസഹായതയുടെ മുഖവുമെല്ലാം തുറന്നെഴുത്തുപോലെ സ്ക്രീനിൽ തെളിഞ്ഞു നിന്നു. ഒരുപാട് മുഖങ്ങളുള്ള ചെല്ലപ്പന്‍റെ ഭാവമാറ്റങ്ങൾ മുരളി ഗോപി വെടിപ്പായി സ്ക്രീനിൽ പകർന്നാടിയിട്ടുണ്ട്.



പെണ്ണിന്‍റെ മണമുള്ള കാറ്റ്

സ്ത്രീകളോടുള്ള പുരുഷ മോഹത്തിന്‍റെ വിവിധ വശങ്ങൾ ചിത്രത്തിൽ പ്രതിപാദിച്ച് പോകുന്നുണ്ട്. ഒരുപാട് സത്രീ കഥാപാത്രങ്ങൾ കാറ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അവരെല്ലാവരും തന്നെ കാറ്റിന്‍റെ ഓളം തല്ലലിൽ വന്നു പോയികൊണ്ടേയിരിക്കും. വരലക്ഷ്മി ശരത് കുമാർ മുഴുനീളെ ചിത്രത്തിൽ ഇല്ലെങ്കിലും ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകളാൽ ചുറ്റുപിണഞ്ഞ് കിടക്കുന്ന കഥാവഴിയിൽ വന്നു പോകുന്നവർക്ക് കൃത്യമായ മേൽവിലാസം ഉണ്ടാക്കി കൊടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.



ഒതുങ്ങാൻ മടിക്കുന്ന കാറ്റ്

പല വേഗത്തിലാണ് കാറ്റ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഒടുക്കം എത്തുന്പോൾ അല്പം ഒതുങ്ങി പോകാൻ കാറ്റ് മറന്നുപോകുന്നുണ്ട്. ആദ്യ പകുതിയിൽ കണ്ട ഒതുക്കം രണ്ടാം പകുതിയിൽ കാണാതെ വരുന്നതോടെയാണ് ചിത്രം ഓടിതീരാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നുന്നത്. അവസാനത്തോട് അടുക്കുന്പോൾ അത്യാവശ്യം വെട്ടിനിരത്തൽ പ്രക്രിയ നടത്തിയിരുന്നേൽ സംഭവം കുറച്ചു കൂടി ഉഷാറായേനെ.

(ഈ കാറ്റിൽ അകപ്പെട്ടാൽ ചുറ്റുമുള്ളതെല്ലാം നിങ്ങൾ മറക്കും.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.