റാണയുടെ സ്വപ്നങ്ങൾ
Sunday, May 14, 2017 5:12 AM IST
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കലാ വൈഭവം കൊണ്ടും നായകനോളം തുല്യം നിന്ന പൽവാൽദേവൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റാണാ എത്തിയത്. അക്ഷയ്കുമാറിന്‍റെ ബോളിവുഡ് ആക്ഷൻ ചിത്രം ബേബിയിലൂടെയാണ് റാണയുടെ മുഖം വെള്ളിത്തിരയിൽ മലയാളി പ്രേക്ഷകർ കണ്ടു തുടങ്ങുന്നത്. ഇന്ത്യൻ ചരിത്രത്തിലെ ഗാസി യുദ്ധത്തിന്‍റെ കഥ പറഞ്ഞ ഗാസി അറ്റാക്കിന്‍റെ തിയറ്റർ വിജയത്തിനു പിന്നാലെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി റാണാ ബാഹുബലി രണ്ടാം ഭാഗവുമായി എത്തുകയാണ്. ബോളിവുഡിലും തെലുങ്കിലും തമിഴിലും ഒരുപോലെ ഡിമാൻഡുള്ള റാണാ തന്‍റെ സിനിമാ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. ഒപ്പം സ്വപ്നങ്ങളും...




ഇന്ത്യൻ ചരിത്രത്തിലെ പലസംഭവങ്ങളും സിനിമ രൂപത്തിലേക്ക് ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. ഒരു അഭിനേതാവായി അതിനെ എങ്ങനെ കാണുന്നു?

അൾട്ടിമേറ്റ്ലി ഒരു നടനേക്കാളും സംവിധായകനേക്കാളും പ്രാധാന്യം സിനിമയ്ക്കാണ്. നമ്മൾ പോയിക്കഴിഞ്ഞാലും സിനിമ എന്നുമിവിടെ കാണും. ഒരു തരത്തിൽ സിനിമ മാത്രമാണ് അങ്ങനെ സഞ്ചരിക്കുന്നതും. 100 ശതമാനം പ്രാധാന്യമർഹിക്കുന്നത് പറയാത്ത കഥകളെ പറയുക എന്നതിനാണ്. നമ്മൾ പോലും ജനിക്കുന്നതിനു മുന്പുള്ള കാലത്തിനേയാവും അതിനായി പുനഃസൃഷ്ടിക്കേണ്ടത്. കലയുടേയും കാലഘട്ടത്തിന്‍റെയും ഒരു സങ്കലനമാണ് അവിടെ നടക്കുന്നത്. അതുകൊണ്ടു തന്നെ അത്തരം കഥകൾ പറയുന്നത് നല്ലതാണ്.




അവസാനം തിയറ്ററിലെത്തിയ ഗാസി അറ്റാക്ക് അത്തരമൊരു കഥയായിരുന്നില്ലേ?

അത് ഒരു ക്ലാസിഫൈഡ് ഫയലാണ്. സത്യത്തിൽ ആർക്കുമറിയില്ല എന്താണ് അവിടെ യഥാർത്ഥമായി സംഭവിച്ചതെന്ന്. ആ സംഭവത്തിന്‍റെ തന്നെ പല വേർഷനുമുണ്ട്. ബുക്കുകളിൽ നിന്നും പലരിൽ നിന്നുമായി കിട്ടിയ അറിവിന്േ‍റയും പശ്ചാത്തലത്തിലാണ് ആ സിനിമ ഒരുക്കിയത്. അതുകൊണ്ടു തന്നെ ഗാസി അറ്റാക്ക് ഒരു ചരിത്ര രേഖയല്ല. പകരം മികച്ച ഒരു വാണിജ്യ സിനിമ തന്നെയാണ്. 1971ലെ ഇന്ത്യപാക് സബ്മറൈൻ യുദ്ധത്തിനെ ആസ്പദത്തിൽ ഒരുക്കിയ ആക്ഷൻ ത്രില്ലർ.




ഒരു താരമെന്ന നിലയിൽ ഭാഷാ വ്യത്യാസമില്ലാതെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലും സ്ഥിരം സാന്നിധ്യമാണല്ലോ?

സിനിമ ഒരു കൂട്ടായ പ്രവർത്തനമാണ്. എന്നെ സംബന്ധിച്ചിടത്തോളം കഥയ്ക്കാണ് കൂടുതൽ പ്രാധാന്യം. ചിലപ്പോൾ ഒരു സിനിമയുടെ കഥ വളരെ വലുതാകാം. അപ്പോഴാണ് മൾട്ടിസ്റ്റാർ വേണ്ടി വരുന്നത്. കഥയുടെ അവസാനം അതു പ്രേക്ഷകരിലേക്കു പകരുന്ന കാര്യങ്ങൾക്കാണ് പ്രാധാന്യം.

ഒരേ സമയം സൗത്ത് ഇന്ത്യൻ സിനിമകളിലും ബോളിവുഡിലും ജനപ്രീതിയുള്ള താരമാണ് താങ്കൾ. എന്തു വ്യത്യാസമാണ് രണ്ട് ഇൻഡസ്ട്രിയിലും കാണുന്നത്?

ഭാഷ ഏതു തന്നെയായാലും സിനിമ ഒന്നു തന്നെയാണ്. ഇനി ഒരു ഇറാനിയൻ ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ അതു നൽകുന്നതും ഇതേ സിനിമയുടെ ഉന്മാദമാണ്. ഒരു പക്ഷെ ഭാഷകൾ മാറുന്പോൾ അതിന്‍റെ കഥയിലും സംവദിക്കുന്ന വിഷയത്തിലും മാത്രമാണു മാറ്റമുണ്ടാകുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതണ് എനിക്കു കിട്ടിയ ഭാഗ്യം. അതുകൊണ്ടു തന്നെ ഓരോ മേഖലയിലും പുതിയ പുതിയ കഥകളറിയാനും സിനിമകളുടെ ഭാഗമാകാനും കഴിയുന്നു. ഞാൻ താമസിക്കുന്നത് ഹൈദരാബാദിലാണ്. ചെ ന്നൈയിലും മും ബൈയിലും എനിക്കു വീടുണ്ട്. അതുകൊണ്ട് എവിടെയായാലും സിനിമയ്ക്കാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്.




കുടുംബ ജീവിതത്തിൽ അതു ബുദ്ധിമുട്ടുകൾ സൃ ഷ്ടിക്കില്ലേ‍..?

ഒരിക്കലുമില്ല, കാരണം ഞാൻ ഇപ്പോഴും അവിവാഹിതനാണ്. ഭാര്യ, കുട്ടികൾ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഒന്നുമില്ല.

ഒരു സൗത്ത് ഇന്ത്യൻ താരത്തിനു ബോളിവുഡിൽ എസ്റ്റാബ്ലിഷാവുക എന്നത് പ്രയാസകരമാണോ?

അതു ഡിപെൻഡാണ്. ഒരു അഭിനേതാവിന് ബോളിവുഡിൽ എസ്റ്റാബ്ലിഷാവണമെങ്കിൽ അയാൾ അവിടേക്കു പോകണം. അവിടെ അവസരങ്ങൾ സൃഷ്ടിക്കണം. ഇനി തിരിച്ചു ബോളിവുഡിൽ നിന്നു സൗത്തിലേക്കാണെങ്കിലും അങ്ങനെ തന്നെ. അത് അവരവരുടെ തീരുമാനമാണ്. ബോളിവുഡിൽ കൂടുതൽ ചിത്രങ്ങൾ ചെയ്യണമെങ്കിൽ നമ്മൾ അവിടെ താമസിച്ച് സിനിമയുടെ ഭാഗമാകണം. ഞാൻ ചെയ്യുന്ന സിനിമകളോരോന്നും എന്‍റെ തീരുമാനമാണ്. കാരണം ഒരു ചട്ടക്കൂടിനകത്തു മാത്രമായി നിൽക്കാതെ മികച്ച സിനിമകളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നത്.




എന്തുകൊണ്ടാണ് താങ്കൾ ബോളിവുഡിൽ സ്ഥിരം സാന്നിധ്യമാകാത്തത്?

ദം മാരോ ദം എന്ന ചിത്രമാണ് ഞാൻ ആദ്യമായി ബോളിവുഡിൽ ചെയ്യുന്നത്. അതിനു ശേഷം നാലു വർഷത്തിനു ശേഷമാണ് ബേബി എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. പിന്നെയും രണ്ടു വർഷത്തിനു ശേഷമാണ് ഇപ്പോൾ ഗാസി അറ്റാക്ക് ചെയ്തത്. ചിലപ്പോൾ ഒരു സിനിമ കഴിഞ്ഞ് ഏറെ സമയമെടുത്താകാം അടുത്ത ചിത്രം ചെയ്യുന്നത്. അതിനർഥം ഞാൻ വെറുതെ സമയം കളയുന്നു എന്നല്ല. കാരണം നമുക്ക് ചെയ്യാൻ എന്തെങ്കിലുമുള്ള കഥാപാത്രങ്ങളാണ് ഞാൻ തെരഞ്ഞെടുക്കാറുള്ളത്.

സൗത്ത് ഫിലിംസിൽ നിന്നും ബോളിവുഡിൽ നിന്നും ഒരുപോലെ രണ്ട് ഓഫർ വന്നാൽ ഏതായിരിക്കും ആദ്യം സ്വീകിരിക്കുക?

രണ്ടു ചിത്രങ്ങളുടേയും കഥയെ ആശ്രയിച്ചായിരിക്കും അതു തീരുമാനിക്കുന്നത്. ഏതു കഥയാണ് മികച്ച രീതീയിൽ പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കുന്നത് എന്നു നോക്കും. അവിടെ ഭാഷയും മറ്റു ഘടകവും പിന്നെയാണ് നോക്കുന്നത്.




ഏതു അഭിനേതാവിനും എക്സ്ട്രാ ഓർഡിനറിയായി ചെയ്യാൻ ആഗ്രഹിക്കുന്ന ചില കഥാപാത്രങ്ങൾ കാണും. അത്തരം സ്വപ്ന പദ്ധതിയോ കഥാപാത്രങ്ങളോ ഉണ്ടോ?

നെഗറ്റീവ് കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കുക എന്നത് ഏത് അഭിനേതാവിന്േ‍റയും ആഗ്രഹമാണ്. രാമായണവും മഹാഭാരതവും വായിക്കുന്ന സമയത്തും ഞാൻ കൂടുതൽ ആകൃഷ്ടനായത് അതിലെ നെഗറ്റീവ് കഥാപാത്രങ്ങളിലാണ്. അതിനൊപ്പം തന്നെ ഏറെ ആഗ്രഹമുള്ളതാണ് ഹനുമാനായി അഭിനയിക്കണമെന്നത്. ഇന്ത്യൻ മിത്തോളജിയിലെ വളരെ ശക്തനായ കഥാപാത്രമാണത്. വെസ്റ്റേണ്‍ ഡ്രീംസിലേക്കു ചെല്ലുന്പോൾ കോമിക് ബുക്ക് സൂപ്പർ ഹീറോസിനെ കൂടുതലിഷ്ടമാണ്. അതിലും ഫാന്‍റമാണ് എന്‍റെ ഹീറോ. ഈ രണ്ടു കഥാപാത്രങ്ങൾക്കും അവരുടെ ശക്തിയെപ്പറ്റിയും ഭക്തിയെപ്പറ്റിയും അവബോധമുണ്ട്. ആ ക്വാളിറ്റികളാണ് എന്നെ ആകർഷിച്ചതും.

സ്റ്റാഫ് പ്രതിനിധി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.