ഒരു കമന്‍റും... ഹൗസ് ഫുൾ ബോർഡും!
Tuesday, May 23, 2017 5:59 AM IST
ഒരു കമന്‍റിന് പുറകെ ഒരു ഹൗസ് ഫുൾ ഷോ ഉണ്ടാകുമോ... സംശയം വേണ്ട അങ്ങനെ ഒരു സംഭവം കഴിഞ്ഞ ദിവസം നടന്നു കഴിഞ്ഞു. സിനിമ - അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, സംവിധായകൻ - വി.എസ് രോഹിത്. ഈ 26-കാരൻ മനസ് തുറന്ന് ഒരു കമന്‍റ് തന്‍റെ ഫേസ്ബുക്കിൽ ഇട്ടപ്പോൾ അതിന്‍റെ പിന്നാലെ കൂട്ടം കൂടാൻ പലരും തീരുമാനിച്ചു. ഫലമോ ആദ്യ ദിവസവും രണ്ടാം ദിവസും കിട്ടാത്ത ഹൗസ് ഫുൾ ബോർഡ് മൂന്നാം ദിവസം തിരുവന്തപുരത്ത് പ്രത്യക്ഷപ്പെട്ടു.

ഒരു സിനിമ ഇറങ്ങുന്പോൾ അതിന് ആവശ്യത്തിനുള്ള പ്രമോഷൻ കിട്ടണം... ഇല്ലെങ്കിൽ അത് ജനം അറിയില്ല. അറിഞ്ഞില്ലെങ്കിലോ തിയറ്ററിൽ ഇങ്ങനെ ഒരു ചിത്രം വന്നുവെന്നു പോലും അറിയാതെ ആ ചിത്രം അപ്രത്യക്ഷമാകും. അത്തരം ഒരു സാഹചര്യത്തിന്‍റെ വക്കിൽ നിൽക്കേയാണ് അവിചാരിതമായി ഒരു കമന്‍റ് രോഹിത് ഫെയ്സ്ബുക്കിൽ കുറിക്കുന്നത്. "കാണണം എന്ന് ആഗ്രഹമുള്ളവർ പെട്ടെന്ന് കണ്ടോ... ഇപ്പോ തെറിക്കും തിയറ്ററീന്ന്...’ ഒരു സംവിധായകന്‍റെ ദയനീയ അവസ്ഥയാണ് ഈ വരികളിൽ ഉള്ളത്... അറിയാം രോഹിതിന്‍റെ ഓമനക്കുട്ടന് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന്.



"ഒരിക്കലും ഞാൻ പ്രേക്ഷകരെ കുറ്റം പറയില്ല... ഇങ്ങനെ ഒരു സിനിമയെ കുറിച്ചും അത് തിയറ്ററിലേക്ക് വരുന്ന കാര്യങ്ങളുമെല്ലാം കൃത്യമായി അറിയിക്കേണ്ട ഉത്തരവാദിത്തം "അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' ടീമിനായിരുന്നു. അവിടെ ഞങ്ങൾ പരാജയപ്പെട്ടു... അപ്പോൾ പിന്നെ എങ്ങനെയാണ് പ്രേക്ഷകർ ഈ സിനിമയെ കുറിച്ച് അറിയുക...’ ഈ വാക്കുകളിൽ നിസഹായതയുടെ മുഖം തെളിഞ്ഞു വരുന്നത് കാണാനാവും... ഇത്തരത്തിലുള്ള ഒരുപാട് വെല്ലുവിളികളെ നേരിട്ടാണ് ചിത്രം തിയറ്ററുകളിൽ ഇടംപിടിച്ചത്. പേരിൽ മാത്രമല്ല സാഹസികതയുള്ളത്. രോഹിതിന്‍റെ സിനിമ പ്രവേശനത്തിലുമുണ്ട് സാഹസികതകളേറെ.

പറയാൻ പാടുണ്ടോയെന്ന് അറിയില്ല

"സത്യം പറഞ്ഞാൽ ഇതൊക്കെ എഴുതാൻ പാടുണ്ടോ... അല്ലെങ്കിൽ പറയാൻ പാടുണ്ടോയെന്നൊന്നും എനിക്കറിയില്ല’ പ്രൊഡക്ഷൻ സൈഡിൽ നിന്നുള്ള പ്രശ്നങ്ങളായിരുന്നു. സിനിമ തുടങ്ങി ഏഴു പ്രാവശ്യം നിർത്തിവയ്ക്കേണ്ടി വന്നു. അതിനിപ്പോൾ പ്രൊഡ്യൂസർമാരെയോ അല്ലെങ്കിൽ മറ്റാരെയെങ്കിലുമോ കുറ്റം പറയാൻ പറ്റില്ല. കാരണം പണം വരുന്നതിന് അനുസരിച്ചല്ലേ അവർക്കും സിനിമയ്ക്കായി ചെലവഴിക്കാൻ പറ്റു.



2014-ൽ ആസിഫ് ഓമനക്കുട്ടനാകാൻ സമ്മതിച്ചു

2015 മാർച്ചിലാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്. 2014 ഫെബ്രുവരിയിൽ ആസിഫ് അലി ഓമനക്കുട്ടനാകാൻ സമ്മതിച്ചത്. ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസത്തിനുള്ളിൽ ഷൂട്ട് നിന്നു. പിന്നീട് വീണ്ടും ഷൂട്ടിംഗ് തുടങ്ങാൻ സാധിക്കുന്നത് എട്ട് മാസത്തിന് ശേഷമാണ്. പക്ഷേ, വീണ്ടും ഷൂട്ട് തുടങ്ങി പെട്ടെന്ന് തന്നെ നിന്നു. ഇവിടെ എല്ലാം വില്ലനായത് പണം ആയിരുന്നു. പ്രൊഡ്യൂസേഴ്സിന് ആവശ്യാനുസരണം പണം സംഘടിപ്പിക്കാൻ കഴിയാതെ വന്നതോടെ ഷൂട്ടിംഗ് നിർത്തുകയായിരുന്നു. ഇങ്ങനെ പിന്നീട് ഷൂട്ടിംഗ് തുടങ്ങുന്നതും നിർത്തുന്നതും ഒരു പതിവായി.അതിനൊക്കെ ഇപ്പോൾ അരെയെങ്കിലും കുറ്റം പറയാൻ പറ്റുമോ... ഇല്ല. സിനിമ രംഗത്ത് ഇറങ്ങിയാൽ ഇത്തരം വെല്ലുവിളികളെ എല്ലാം അതിജീവിച്ചല്ലേ പറ്റൂ.



താരങ്ങളുടെ ഡേറ്റ് പ്രശ്നം

സിനിമയല്ലേ അഭിനേതാക്കളുടെ ചോറ്. അവർ മറ്റ് സിനിമകൾക്കും ഡേറ്റ് നൽകിയിരുന്നു. ഡേറ്റ് പ്രശ്നം പലർക്കും വന്നപ്പോൾ പിന്നെ അവരുടെ സൗകര്യത്തിനായി പിന്നീടുള്ള ഷൂട്ടുകൾ. സിനിമയെ ഇഷ്ടപ്പെട്ടു നിൽക്കുന്ന ഓരോരുത്തരടെയും പിന്തുണയോടെ തന്നെ 2016 ഡിസംബറോടു കൂടി ഷൂട്ടിംഗ് പൂർത്തിയായി. അതുവരെ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരുവിധം പരിഹാരം കണ്ടെത്തി. ഒരു വഴി അടയുന്പോൾ മറ്റൊരു വഴി തുറക്കുമെന്നാണല്ലോ. അങ്ങനെ തുറന്നു കിട്ടിയ വഴികളിലൂടെ സിനിമ പൂർത്തീകരിച്ചു.

ഡിസ്ട്രിബ്യൂഷൻ

പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് നടക്കുന്ന സമയത്ത് എൽജെ ഫിലിംസും മറ്റും ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന രീതിയിൽ പലരും റീ ഡയറക്ട് ചെയ്ത് വിട്ടതാണ്. പക്ഷേ, പ്രൊഡ്യൂസേഴ്സ് തന്നെ ഡിസ്ട്രിബ്യൂട്ട് ചെയ്തോളാം എന്ന് കട്ടായം പറഞ്ഞതോടെ അത്തരത്തിലുള്ള നീക്കത്തിൽ നിന്നും പിൻമാറുകയായിരുന്നു. അവസാനം സിനിമ തിയറ്ററിൽ എത്തേണ്ട സമയം ആയപ്പോൾ ചിത്രത്തിന്‍റെ ഡിസ്ട്രിബ്യൂഷനും ഫ്ളോപ്പായി. ഒടുവിൽ കിട്ടിയത് 69 തിയറ്റർ അതിൽ തന്നെ 90 ശതമാനവും ഫുൾ ഷോ ഇല്ല. രാവിലെ ഷോ ഉണ്ട്, രാത്രി ഷോ ഇല്ലാത്ത അവസ്ഥ. തിയറ്ററിന്‍റെ മുന്നിൽ പോലും പോസ്റ്റർ ഇല്ലാത്ത സ്ഥിതി. ആൾക്കാർ അറിയണ്ടേ ഇങ്ങനെ ഒരു ചിത്രം ഉണ്ടെന്ന്, എന്നാൽ അല്ലേ അവർക്ക് കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റൂ.



വിശ്വാസം പോയി

ഓമനക്കുട്ടൻ ഇപ്പോൾ ഇറങ്ങും നാളെ ഇറങ്ങും എന്നു പറഞ്ഞ് ഇറങ്ങാതായപ്പോൾ പ്രേക്ഷകർക്ക് ഈ സിനിമയോടുള്ള വിശ്വാസം പോയിരിക്കാം. പത്രത്തിൽ ഒരു പരസ്യം പോലും ഇല്ലാതെ ചിത്രം ഇറങ്ങി. ഒരു മനുഷ്യനും സിനിമയിറങ്ങുന്നത് അറിഞ്ഞിട്ട് പോലുമില്ല. ചിത്രം തിയറ്ററിൽ ഇറങ്ങും മുന്പ് പ്രൊമോഷൻ നടത്താത്ത കാരണം ആൾക്കാർക്ക് ഒരു തരത്തിലുമുള്ള ക്യുരിയോസിറ്റിയും സിനിമയോട് തോന്നിയിട്ടില്ല.

ആസിഫിന് മികച്ച പ്രതികരണം

ചിത്രം ഇറങ്ങിയതോടെ ആസിഫ് അലി ഓമനക്കുട്ടനെ നല്ലരീതിയിൽ ചെയ്തിട്ടുണ്ടെന്നുള്ള റെസ്പോണ്‍സാണ് കിട്ടി കൊണ്ടിരിക്കുന്നത്. ആസിഫിന്‍റെ കരിയർ ബെസ്റ്റെന്ന് പറയുന്നവരും ഉണ്ട്. ഓമനക്കുട്ടനെ പിന്തുടർന്ന് കാണേണ്ട സിനിമ ആയതിനാൽ തന്നെ ആസിഫിന് നല്ല രീതിയിൽ അഭിനയ സാധ്യതയുള്ള സിനിമയായിരുന്നു അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ. ആസിഫ് ഓമനക്കുട്ടനെ മികച്ച രീതിയിൽ അവതരിപ്പിച്ചു. അതുകൊണ്ട് നല്ല പ്രതികരണവും ആസിഫിന് കിട്ടുന്നുണ്ട്.



പോസിറ്റീവ് റെസ്പോണ്‍സ്

എനിക്കു കിട്ടുന്നത് അത്രയും മിക്സഡ് റെസ്പോണ്‍സാണ്. സിനിമയുടെ ഗുട്ടൻസ് പിടികിട്ടയവർ ചിത്രം നല്ലവണ്ണം ആസ്വദിച്ചു. ട്രീറ്റ്മെന്‍റ് ഇഷ്ടപ്പെട്ടവരുണ്ട് കൂട്ടത്തിൽ... പുതുമ ആഗ്രഹിക്കുന്നവരുടെ ഇടയിൽ നിന്നും നല്ല റെസ്പോണ്‍സാണ് കിട്ടികൊണ്ടിരിക്കുന്നത്. സാധാരണ ഒരു സിനിമ എന്നുള്ള രീതിയിൽ പോയി കാണുന്നവർ ഇറിറ്റേറ്റഡാകുന്നുണ്ട്. അത് ഞാൻ മറച്ചുവയ്ക്കുന്നുമില്ല. സിനിമയുടെ ദൈർഘ്യമാണ് അവർ പ്രധാനമായി ചൂണ്ടിക്കാട്ടുന്ന കാര്യം.

സോഷ്യൽ മീഡിയയും കമന്‍റും

സോഷ്യൽ മീഡിയയിൽ ചിത്രം നല്ലതാണെന്നുള്ള റിവ്യൂകൾ വന്നപ്പോൾ... അതിന് തൊട്ട് താഴെ ചിത്രം കാണണം എന്ന് പലരും അഭിപ്രായപ്പെടുന്നത് കണ്ടു... അപ്പോഴാണ് ഞാൻ കമന്‍റ് ബോക്സിൽ "കാണണം എന്ന് ആഗ്രഹമുള്ളവർ പെട്ടെന്ന് കണ്ടോ... ഇപ്പോ തെറിക്കും തിയറ്ററീന്ന്...’ എന്ന കുറിപ്പിട്ടത്. പിന്നെ അതിനെ ചുറ്റിപറ്റി ഒരുപാട് ചർച്ചകൾ നടന്നു. സംവിധായകരായ ബേസിലും മിഥുനുമെല്ലാം അതിന് ശേഷം വിളിച്ചു.



ഹൗസ് ഫുൾ ഷോ...

ആ കമന്‍റ് വന്നതോടെ പലരും ചിത്രത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ തുടങ്ങി. അഞ്ചും ആറും പേർ കയറി ഇരുന്ന തിയറ്ററിൽ കഴിഞ്ഞ ദിവസം ഹൗസ് ഫുൾ ബോർഡ് വന്നു. ഇതൊരു നല്ലമാറ്റമാണ്. ജനം നല്ലതെന്നു പറഞ്ഞു തുടങ്ങിയാൽ വരും ദിവസങ്ങളിൽ ആൾക്കാർ കയറുമെന്നു തന്നെയാണ് കരുതുന്നത്. നല്ല സിനിമയല്ലെങ്കിൽ കുഴപ്പമില്ല ചിത്രം പരാജയപ്പെട്ടോട്ടെ. പക്ഷേ, നല്ലതാണെങ്കിൽ പ്രേക്ഷകർ തീർച്ചയായും തിയറ്ററിൽ പോയി പടം കാണണം.

ടോറന്‍റ് ഹിറ്റല്ല വേണ്ടത്

ടോറന്‍റ് ഹിറ്റ് ഒരു സംവിധായകനും ആഗ്രഹിക്കില്ലല്ലോ. അതുപോലെ തന്നെയാണ് ഞാനും. ഇപ്പോൾ ട്രോളുകളെല്ലാം വരുന്നുണ്ട്. ഓമനക്കുട്ടനെ ടോറന്‍റ് ഹിറ്റാകാൻ അനുവദിക്കരുതന്നെല്ലാം പറഞ്ഞ്. ഒരുപാട് പിന്തുണ കിട്ടുന്നുണ്ട്. ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്തവരിൽ നിന്നു തന്നെ. സോഷ്യൽ മീഡിയയിലെ സപ്പോർട്ടും ട്രോളുകളുമെല്ലാം കാണുന്പോൾ സന്തോഷമുണ്ട്. ഓമനക്കുട്ടനെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ടെന്നാണല്ലോ ഇതെല്ലാം കാട്ടിത്തരുന്നത്.



പേരിലെ സാഹസികത

ഷൂട്ടിന്‍റെ സമയത്ത് ഈ പേര് മാറ്റണമെന്നുള്ള ചർച്ചകൾ വന്നിരുന്നു. പക്ഷേ, ഈ ചിത്രത്തിന് അനുയോജ്യമായ പേര് ഇതു തന്നെയാണെന്നാണ് എനിക്ക് തോന്നിയത്. ഷൂട്ട് മുടുങ്ങുന്പോളെല്ലാം സിനിമയുടെ പേരിനൊപ്പം അഡ്വഞ്ചേഴ്സില്ലേ അതാണ് ചിത്രം നീണ്ടു പോകാനുള്ള കാരണമെന്നെല്ലാം ഒരുപാട് പേർ പറഞ്ഞിരുന്നു. പക്ഷേ, സിനിമ തിയറ്ററിൽ എത്തിയ ശേഷം പേരിനെ പറ്റി കുറ്റം പറയുന്നത് ഇതുവരെ കേട്ടിട്ടില്ല.

വിതരണക്കാർ പറയുന്നത്

പടം പലപ്രാവശ്യം മാറ്റിവച്ചത് കൊണ്ടും ചിത്രത്തിന്‍റെ ദൈർഘ്യം കൂടിപോയത് കൊണ്ടുമാണ് തിയറ്ററിൽ ആളുകൾ കയറാത്തത് എന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് പറയുന്നത്. അവർ തന്നെ ചിത്രത്തിന് പോസിറ്റീവ് റെസ്പോണ്‍സ് വന്നു തുടങ്ങിയപ്പോൾ വിതരണത്തിന് ചുക്കാൻ പിടിക്കാൻ മറ്റാരെയെങ്കിലും കിട്ടുമോയെന്ന് ചോദിച്ചു. അതോടെ ഞാൻ മൊത്തത്തിൽ പെട്ടു. പിന്നീട് എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യാത്ത അവസ്ഥ. എന്തായാലും ചിത്രത്തിന് ഹൗസ് ഫുൾ ഷോകൾ കിട്ടിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് പ്രതീക്ഷ.



പ്രേക്ഷകരോട് പറയാൻ ഉള്ളത്

ഓമനക്കുട്ടൻ എന്ന കേന്ദ്ര കഥാപാത്രത്തെ പിൻതുടർന്ന് കാണേണ്ട സിനിമയാണ് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ. ഇതൊരു കോമിക് ചിത്രമാണ്. അതുപോലെ തന്നെ അവതരണത്തിലും പുതുമ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ചിത്രം കണ്ടിറങ്ങുന്പോൾ ഒരു ഫ്രഷ്നസ് നിങ്ങൾക്ക് ഫീൽ ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും ചിത്രം തിയറ്ററിൽ തന്നെ പോയി കാണണം. പ്രതികരണങ്ങൾ അറിയിക്കണം.

മൂന്നര വർഷത്തെ നടത്തം... ഒടുവിൽ ചിത്രം ഇറങ്ങി... സമ്മിശ്ര പ്രതികരണം... തിയറ്ററുകൾ കിട്ടാനുള്ള പെടാപ്പാട്... ഇതിനിടയിലും ഓമനക്കുട്ടൻ യാത്ര തുടരുകയാണ്. വിജയ തീരത്ത് അണയാനുള്ള യാത്ര.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.