ചങ്ക്സ്- അൺലിമിറ്റഡ് ഒമർ ഫൺ..!
Friday, July 28, 2017 2:55 AM IST
""ഹാപ്പി വെഡ്ഡിംഗിനു മുന്പുതന്നെ ഉണ്ടായിരുന്ന കഥയാണ് ചങ്ക്സിന്‍റേത്. പക്കാ കളർഫുൾ യൂത്ത് എന്‍റർടെയ്നറാണു ചങ്ക്സ്. യൂത്തിനും ഫാമിലിക്കും ഒരേപോലെ തിയറ്ററിൽ വന്ന് രണ്ടു മണിക്കൂർ ചിരിച്ച് എൻജോയ് ചെയ്ത് പോകാവുന്ന പടം. ഫുൾ ഹ്യൂമർ. ഒൗട്ട് ആൻഡ് ഒൗട്ട് ഫണ്‍ കോമഡി. ഒരു മിനിറ്റുപോലും ബോറടിക്കില്ല. ഈ പടത്തിൽ സൂപ്പർ കാരക്ടർ എന്നൊന്നുമില്ല. സീരിയസ് കാരക്ടേഴ്സ് ആരുമില്ല. നോർമൽ ലൈഫിൽ ആളുകൾ എങ്ങനെയാണോ അതേപോലെയുള്ള കുറേ കഥാപാത്രങ്ങൾ. എവിടേക്കുവേണമെങ്കിലും പറിച്ചുനടാൻ പറ്റുന്ന കുറേ കാരക്ടേഴ്സ്. ഹിന്ദിയിലെ ഗോൽമാൽ സീരീസ് മോഡലിൽ ഉള്ള സീരിസ് പടമാണു ചങ്ക്സ്. ഈ ചിത്രത്തിനു രണ്ടു, മൂന്നു പാർട്ട് വരെ വരാൻ സാധ്യതയുണ്ട്...’’ വൈശാഖ് രാജൻ നിർമിച്ച ചങ്ക്സിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്‍റെ കഥയും, സംവിധാനവും നിർവഹിച്ച ഒമർ ലുലു.



സിനിമയിലേക്കുള്ള വഴി..?

സിവിൽ എൻജിനിയറാണു ഞാൻ. പ്രഫഷണലായി സിനിമ പഠിച്ചിട്ടില്ല. ആരെയും അസിസ്റ്റ് ചെയ്തിട്ടുകൂടിയില്ല. യുട്യൂബ് ഉൾപ്പെടെയുള്ള ഓണ്‍ലൈൻ സൗകര്യങ്ങളിലൂടെയാണ് ഞാൻ സിനിമ പഠിച്ചത്. ഒരു ഷോട്ട് എടുത്തുകഴിഞ്ഞ് അത് അപ്പോൾത്തന്നെ സ്പോട്ടിൽ എഡിറ്റു ചെയ്തു കാണാനുള്ള സൗകര്യം ഇന്നുണ്ട്. ഷോട്ടുകളിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അപ്പോൾത്തന്നെ വീണ്ടും എടുക്കുകയുമാവാം. അങ്ങനെ ഒരു ധൈര്യത്തിലാണ് ആദ്യത്തെ പടത്തിൽ ഇറങ്ങിയത്.



ഹാപ്പി വെഡ്ഡിംഗ് വൻ വിജയമായിരുന്നല്ലോ...‍ ‍?

ഹാപ്പിവെഡ്ഡിംഗിൽ തിരക്കുള്ള വലിയ ആർട്ടിസ്റ്റുകളൊന്നുമില്ല. പിന്നെയുണ്ടായിരുന്നതു സൗബിൻ. അത്രവലിയ സ്റ്റാർ പടമൊന്നുമല്ലല്ലോ ഹാപ്പി വെഡ്ഡിംഗ്. സ്റ്റാർ പടങ്ങളാകുന്പോൾ പലരുടെയും ഡേറ്റ് പ്രശ്നമൊക്കെ വന്നേക്കാം. വളരെ ഫ്രീ ആയിട്ടാണ് ചെയ്തത്. അതിനാൽ അതു ഹാപ്പിയായി പോയി. ആദ്യത്തെ പടം ഏറെ സിംപിളായി ചെറിയ ബജറ്റിൽ ചെയ്യണമെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഹാപ്പി വെഡ്ഡിംഗ് പോലെ ഒരു കഥയുണ്ടാക്കിയത്. അധികം ലൊക്കേഷൻ ഷിഫ്റ്റുകളില്ല. അതുകൊണ്ടാണ് ഹാപ്പി വെഡ്ഡിംഗ് ഒരു ദിവസത്തെ കഥയായി പറഞ്ഞത്. ഇന്‍റർവലിനു ശേഷം 70 ശതമാനവും ബസിലാണല്ലോ.



ഹാപ്പി വെഡ്ഡിംഗിനുശേഷമുള്ള ചിത്രം- പ്രേക്ഷകർ പ്രതീക്ഷയിലാണ്...

വളരെ കൂൾ ആയ ഒരു ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിംഗ്. ഹാപ്പി വെഡ്ഡിംഗ് ചെയ്തതിലും കുറച്ചുകൂടി എളുപ്പത്തിൽ, നന്നായി ചങ്ക്സ് ചെയ്യാനായി. ഹാപ്പി വെഡ്ഡിംഗിലെ പാട്ടുകളും ഇതിലെ പാട്ടുകളും ട്രെയിലറുമൊക്കെ ശ്രദ്ധിച്ചു കാണുന്പോൾത്തന്നെ അതു മനസിലാകുമല്ലോ. ഓരോ പടവും കഴിയുംതോറും ടെക്നിക്കലിയും പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണല്ലോ. ചങ്ക്സിൽ വന്നപ്പോൾ കുറച്ചുകൂടി ഐഡിയാസായി. അതിന്‍റെ ചില പ്രയോജനങ്ങൾ ഉണ്ടായി.



ഈ സിനിമയിൽ കുറേ ആർട്ടിസ്റ്റുകളുണ്ട്. കുറേ ലൊക്കേഷൻ ഷിഫ്റ്റുകളുണ്ട്. ഗോവ, കാലടി ആദിശങ്കര എൻജിനിയറിംഗ് കോളജ്, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. കുറേക്കൂടി കളർഫുളാണു ചങ്ക്സ്. ഒരു ഫെസ്റ്റിവൽമൂഡ് പടം. ബഡ്ജറ്റും കുറച്ചു കൂടും. ഹാപ്പി വെഡ്ഡിംഗിനെക്കാൾ കുറച്ചുകൂടി മെച്ചമായ സ്റ്റോറി ലൈനും മറ്റു ചില ഐറ്റംസും ഉള്ള ചിത്രമാണ് ചങ്ക്സ്. ആളുകൾക്ക് ഇഷ്ടമാകും എന്നാണു പ്രതീക്ഷ. പിന്നെ എല്ലാം ദൈവാനുഗ്രഹം പോലെ, വിധി പോലെ വരും.



ചങ്ക്സിന്‍റെ കഥാപശ്ചാത്തലം...

ആദിശങ്കര എൻജിനീയറിംഗ് കോളജിലെ നാലു സുഹൃത്തുക്കൾ - മൂന്നു പേർ മെക്കാനിക്കൽ എൻജി.വിദ്യാർഥികൾ, ഒരാൾ കംപ്യൂട്ടർ സയൻസ് വിദ്യാർഥി. മെക്കാനിക്കൽ എൻജി.വിഭാഗത്തിൽ പെണ്‍കുട്ടികളില്ല. ബംഗളൂരുവിലെ കോളജിൽ ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ടാക്കിയശേഷം ഇയർഒൗട്ടായി നാട്ടിൽവന്ന് ഈ കോളജിൽ മെക്കാനിക്കൽ ഫൈനൽ ഇയറിൽ ചേരുന്ന റിയ എന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണു ഹണിറോസ്. അവരുടെ ഗ്രൂപ്പിലേക്ക് ഈ പെണ്‍കുട്ടി കൂടി വരുന്നതോടെ ഉണ്ടാകുന്ന ചില തമാശകളാണ് ചങ്ക്സ് പറയുന്നത്.



വിശാഖ്, ബാലു, ധർമജൻ, ഗണപതി എന്നിവരുടെ ഗ്രൂപ്പിലേക്കാണ് ഹണിയുടെ കഥാപാത്രം റിയ വരുന്നത്. ഗണപതിയുടെ കഥാപാത്രം കംപ്യൂട്ടർ സയൻസ് വിദ്യാർഥി. കംപ്യൂട്ടർ സയൻസിലെ വിദ്യാർഥിയാണെങ്കിലും മെക്കിനൊപ്പമാണു കന്പനി. ഹണിറോസിന്‍റെയും ബാലുവർഗീസിന്‍റെയും കഥാപാത്രങ്ങൾ ചെറുപ്പം മുതൽ തന്നെ സുഹൃത്തുക്കളാണ്. ഒരേ സ്കൂളിലാണു പഠിച്ചത്. മാത്രമല്ല അവരുടെ കുടുംബങ്ങൾ തമ്മിൽ ചെറിയ ബന്ധമുണ്ട്. ഫാമിലി സുഹൃത്തുക്കൾ കൂടിയാണ്.



പൂർണമായും കോളജ് പശ്ചാത്തലത്തിലാണോ ചങ്ക്സ്...?

കോളജ് പശ്ചാത്തലം മാത്രമല്ല കുടുംബപശ്ചാത്തലവുമുണ്ട് ചങ്ക്സിന്. ബാലുവിന്‍റെ കഥാപാത്രത്തിന്‍റെ അപ്പനായി വരുന്നത് ലാൽ സാറാണ്. ഹണിറോസിന്‍റെ കഥാപാത്രം റിയയുടെ ഡാഡിയായി വരുന്നത് നടൻ സിദ്ധിക്. ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന വേറെ ചില കഥകളുമുണ്ട് ചങ്ക്സിൽ. ഫാമിലി സബ്ജക്ടാണ് സിനിമയുടേത്. യാത്രയുമുണ്ട് ഈ സിനിമയിൽ. ഒരു ഗോവൻ ട്രിപ്പും സിനിമയിൽ വരുന്നുണ്ട്. 20 മിനിട്ട് ഗോവ സീക്വൻസുകളാണ്. ഗോവ ട്രിപ്പിൽ നിന്നാണ് കഥയിൽ ടേണിംഗ് വരുന്നത്. ഫുൾ എൻജോയ്മെന്‍റ് ഫുൾ ഫണ്‍ സിനിമ. ചങ്ക്സിന്‍റെ ട്രെയിലറും പ്രമോഷൻ സോങ്ങും പാട്ടുകളുമൊക്കെ പിള്ളേരുടെയിടയിൽ വളരെ ട്രെൻഡിംഗ് ആയിരുന്നു.




ചങ്ക്സ് എന്ന പേരിൽ എത്തിയത്....?

ചങ്ക്സ് എന്നാൽ ഫ്രണ്ട്ഷിപ്പ്. ചങ്ക് എന്നതു പുതിയ വാക്കാണല്ലോ. ഫ്രണ്ട്സിനെ ഇപ്പോൾ എല്ലാവരും ചങ്ക് അല്ലെങ്കിൽ ചങ്ക്സ് എന്നാണു പറയുക. അതിൽ നിന്നാണ് ഈ പേരുകിട്ടിയത്. സനൂപ്, വിജീഷ്, അനീഷ് എന്നിവരാണ് സ്ക്രിപ്റ്റിംഗ്. ഹണീബി, ഗാങ്സ്റ്റർ തുടങ്ങിയ പടങ്ങൾ ചെയ്ത ആൽബിയാണ് ഇതിന്‍റെ കാമറ ചെയ്തത്. പാട്ടുകൾ ചെയ്തത് ഗോപിസുന്ദർ. അഞ്ചു പാട്ടുകളുണ്ട്. എല്ലാം അടിച്ചുപൊളി പാട്ടുകളാണ്. കിളികൾ വന്നില്ല, പെണ്ണേ പെണ്ണേ കാതലി തുടങ്ങിയ പാട്ടുകളൊക്കെ ഹിറ്റ്ചാർട്ടിലാണ്. പാട്ടുകളെഴുതിയതു ബി.കെ. ഹരിനാരായണൻ. ചെക്കനും പെണ്ണും... എന്നു തുടങ്ങുന്ന ഒരു അടിപൊളി വെഡ്ഡിംഗ് സോങ് ഉണ്ട് ചിത്രത്തിൽ. ഗോപിസുന്ദറും മറ്റു പ്ലേബാക്ക് സിംഗേഴ്സും ചേർന്നാണ് ആ പാട്ടു പാടിയത്.




ചങ്ക്സിലെ നായകനും നായികയും...?

ബാലുവിന്‍റെയും ഹണിയുടെയും റിലേഷനിലൂടെയാണു കഥ മുന്നോട്ടു പോകുന്നത്. പക്ഷേ, എല്ലാവർക്കും തുല്യ പ്രാധാന്യമാണ്. ചങ്ക്സിൽ മുഖ്യകഥാപാത്രമായാണ് ബാലു വർഗീസ് വേഷമിടുന്നത്. ബാലുവും ഹണിയുമാണ് പെയറായി വരുന്നത്. ബാലുവും ഹണിയും എന്നു പറയുന്പാഴും അവരെ ഒന്നിച്ചു കാണുന്പൊഴും ഒരു തമാശയുണ്ടല്ലോ. അങ്ങനെയും കുറേ തമാശകളുണ്ട് പടത്തിൽ.



ഇവർ ഗോവയിൽ പോകുന്പോൾ താമസിക്കുന്ന റിസോർട്ട് നോക്കിനടത്തുന്നയാളിന്‍റെ വേഷമാണ് ഹരീഷ് കണാരന്. ഹണിറോസ് ചെയ്യുന്ന കഥാപാത്രത്തിന്‍റെ ബംഗളൂരുവിലെ സുഹൃത്തിന്‍റെ റോളിൽ മെറീന മൈക്കിൾ. മെറീന ഇതിൽ ഒരു ഡിജെ പ്ലെയറായിട്ടാണ് ചെയ്തിരിക്കുന്നത്. ഹാപ്പിവെഡിംഗിൽ നിന്നു മെറീന മാത്രമാണ് ചങ്ക്സിലും അഭിനയിച്ചത്. കോളജിലെ പിള്ളേരായി ഏഴെട്ടു പുതുമുഖങ്ങളുണ്ട്. ഓഡിഷൻ വഴിയാണ് അവരെ തെരഞ്ഞെടുത്തത്. ചിത്രത്തിൽ ഒരു ഗസ്റ്റ് റോളുണ്ട്. കുറച്ചു വലിയ ഒരു ആക്ടറാണ് അതു ചെയ്തിരിക്കുന്നത്. അതു സസ്പെൻസാണ്.



ഹണിറോസിനെ കാസ്റ്റ് ചെയ്തതിനു പിന്നിൽ...?

റിയ എന്ന കഥാപാത്രമാകാൻ നല്ല ഗ്ലാമറസ് ആയ, എല്ലാവരും അറിയുന്ന ഒരു ആക്‌ട്രസ് വേണമായിരുന്നു. മാത്രമല്ല ബാലു ചെയ്യുന്ന കാരക്ടറിനെക്കാൾ രണ്ടു വയസു കൂടുതലാവണം ആ കാരക്ടറിന്. ഹണിറോസ് ഏറെ കൂൾ ആണ്. അടിപൊളിയായി ഹണി ആ വേഷം ചെയ്തു. തന്‍റെ ലൈഫിൽ ഏറ്റവുമധികം എൻജോയ് ചെയ്ത് അവതരിപ്പിച്ച കഥാപാത്രം ഇതാണെന്നു ഹണി തന്നെ പറഞ്ഞിട്ടുണ്ട്; തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട കാരക്ടർ ഇതാണന്നും. മുന്പു ചെയ്തതൊന്നും ഹണിയുമായി ബന്ധപ്പെടുത്താനാകാത്ത കഥാപാത്രങ്ങളായിരുന്നു. ഈ കഥാപാത്രത്തിനു താനുമായി പലയിടങ്ങളിലും സാദൃശ്യം തോന്നിയതായി ഹണി തന്നെ പറഞ്ഞിട്ടുണ്ട്.



ലാലും നടൻ സിദ്ധിക്കും ചങ്ക്സിൽ...?

ലാലും നടൻ സിദ്ധിക്കും തമ്മിൽ ആദ്യമായിട്ടാണ് ഹ്യൂമർ കോംബിനേഷൻ ചെയ്യുന്നത്. ആ ഫ്രഷ്നസ് വളരെ രസകരമായി വന്നിട്ടുണ്ട്. അവർ തമ്മിലുള്ള കോമഡി കോംബിനേഷൻ ഗംഭീരമാണ്. ധർമജനും ബാലുവും ഗണപതിയും തമ്മിലുള്ള കോംബിനേഷൻ സീനിലും കോമഡി നന്നായി വർക്കൗട്ട് ആയിട്ടുണ്ട്. ബാലുവും കോമഡി അടിപൊളിയായി ചെയ്യും. എല്ലാവരും നന്നായിട്ടുണ്ട്. പക്ഷേ, എനിക്ക് ഈ പടത്തിൽ ഏറ്റവും സ്പെഷലായ കോബിനേഷനായി തോന്നിയത് സിദ്ധിക്കും ലാലും തമ്മിലുള്ള കോംബിനേഷനും ബാലുവും ധർമജനും തമ്മിലുള്ള കോംബിനേഷനുമാണ്. അവയാണു കൂടുതൽ സ്കോർ ചെയ്തിട്ടുള്ളത്.



വിശാഖും ഗണപതിയും ധർമജനും ചങ്ക്സിൽ...‍?

വിശാഖിന്‍റേതു കുറച്ചു സീരിയസ് കാരക്ടറാണ്. ആനന്ദത്തിലേതു പോലെയുള്ള കാരക്ടർ അല്ല. കൂട്ടത്തിൽ കുറച്ചു ബുദ്ധിയും പക്വതയുമുള്ള കാരക്ടറാണ്. എന്നാൽ സീരിയസ് കാരക്ടറുമല്ല. സാഹചര്യങ്ങൾ മനസിലാക്കി പെരുമാറുന്ന കാരക്ടർ. ഗണപതിയുടെ കഥാപാത്രം വളരെ ലോലനാണ്. കംപ്യൂട്ടർ സയൻസിലെ പെണ്‍പിള്ളേരുമായി പഞ്ചാരവർത്തമാനം പറഞ്ഞുനടക്കുന്ന പ്രകൃതം. ധർമജന്‍റേതു കുറച്ചു മണ്ടൻ കാരക്ടറാണ്. ധർമജൻ കോളജ് കുമാരനായി അഭിനയിക്കുന്നത് ആദ്യമായാണ്. അത്തരമൊരു പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ധർമജൻ യൂണിഫോം ഇട്ടു നിൽക്കുന്നതു കണ്ടാൽ ഇവരിൽ ഏറ്റവും പ്രായക്കുറവ് ധർമജനാണെന്നു തോന്നും. യൂണിഫോമിട്ട ധർമജനെ കണ്ടാൽത്തന്നെ ചിരിവരും. വലിയ നിഷ്കളങ്കത തോന്നും അയാളുടെ മുഖത്ത്.



കോമഡി ചിത്രമാണല്ലോ ചങ്ക്സ്. സംവിധായകൻ എന്ന നിലയിലുള്ള വെല്ലുവിളികൾ...?

കോമഡി പടം ചെയ്യുന്നതു വാസ്തവത്തിൽ വെല്ലുവിളി തന്നെയാണ്. കാരണം, കോമഡി വർക്കൗട്ട് ആവുക എന്നതു വലിയ സംഭവമാണ്. ദേഷ്യപ്പെടുന്ന ഒരു സീൻ നമുക്ക് എങ്ങനെ വേണമെങ്കിലും ചെയ്യാം. നേരേമറിച്ചു ചിരിപ്പിക്കുക എന്നതു വലിയ സംഭവമാണ്. അതു കറക്ട് അളവിൽ ചെയ്തില്ലെങ്കിൽ ആളുകളിലേക്ക് എത്താതെവരും. എന്താണ് ഈ പടത്തിൽ തങ്ങളിൽ നിന്നു വേണ്ടതെന്ന് ആദ്യദിവസം തന്നെ ആർട്ടിസ്റ്റുകൾക്കു മനസിലായി. അതുകാരണം അവരും വളരെ ഹാപ്പിയായിരുന്നു. ഏറെ ഫ്രീയായി ജോലി ചെയ്യാനായി എന്നാണു മിക്കവരുടെയും അഭിപ്രായം. ഇത്തരമൊരു കാരക്ടർ ചെയ്തിട്ടു കുറേ നാളായി എന്നും ഏറെ പ്രതീക്ഷയുണ്ടെന്നും സിദ്ധിക്ക് സാർ പറഞ്ഞു.



കോളജുകളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണം ഉണ്ടാകുമോ...?

കോളജുകളിലേക്കു പോയിത്തുടങ്ങിയിട്ടില്ല. എല്ലാവരും തിരക്കുള്ള ആർട്ടിസ്റ്റുകളാണല്ലോ. ഡേറ്റ് പ്രശ്നമുണ്ട് ഇവർക്കെല്ലാം. പിന്നെ, എന്തു ചെയ്താലും ആളുകൾക്ക് ഇഷ്ടമായാലേ പടം സക്സസ് ആവുകയുള്ളൂ. കമ്മട്ടിപ്പാടം, ആടുപുലിയാട്ടം, സ്കൂൾബസ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം റിലീസായ പടമാണു ഹാപ്പി വെഡ്ഡിംഗ്. ആർട്ടിസ്റ്റുകൾ ഇല്ലാത്തതിനാൽ ആരും നമ്മുടെ റിപ്പോർട്ടുകളൊന്നും കൊടുക്കില്ല എന്നതായിരുന്നു അന്നത്തെ അവസ്ഥ. ഞാനൊരു പുതിയ സംവിധായകൻ. പിന്നെ പുതിയ നിർമാതാവും. ചാനലുകളിലൊന്നും പാട്ടുകളും കൊടുക്കില്ല. അങ്ങനെ കുറേ പ്രശ്നങ്ങളുണ്ടായിരുന്നു ഹാപ്പി വെഡ്ഡിംഗിന്. ആദ്യദിവസം ഹാപ്പി വെഡ്ഡിംഗിന്‍റെ ഓൾ കേരള ഗ്രോസ് കളക്‌ഷൻ മൂന്നരലക്ഷം രൂപയാണ്. അവിടന്നാണു പിന്നെ പടം കയറിയത്. പിന്നെ നല്ല കളക്‌ഷനായി.



തിരക്കഥയിൽ നിന്ന് തെല്ലും മാറാതെയാണോ ഷൂട്ടിംഗ്...?

ആക്ടേഴ്സിന്‍റെ പെർഫോമൻസ് അനുസരിച്ച് സ്പോട്ടിൽ ഞാൻ തിരക്കഥ പൊളിച്ചെഴുതും. സ്ക്രിപ്റ്റ് അതേപടി ഫോളോ ചെയ്യാറില്ല. ഷോട്ടെടുക്കുംമുന്പ് എല്ലാവരുമായും ഒന്നു ഡിസ്കസ് ചെയ്യും. അതുകാരണം ഷൂട്ട് വൈകുമോ എന്ന രീതിയിലൊക്കെ ആദ്യദിവസം പ്രൊഡ്യൂസേഴ്സിനു പേടിയുണ്ടായിരുന്നു. അവരുടെയും കൂടി പങ്കാളിത്തത്തോടെ ഡയലോഗ്സ് എല്ലാം കറക്ടാക്കി ചെയ്യുന്പോൾ ഒറ്റ ടേക്കിൽ ഓകെ ആവും. ലാൽ സാർ വന്നപ്പോൾ അദ്ദേഹവുമായി ഡിസ്കഷൻ വന്നു. അദ്ദേഹം ചില അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കുമായിരുന്നു. ഒരുപാടു കാര്യങ്ങൾ പറഞ്ഞുതന്നിരുന്നു. ഇഷ്ടമുള്ളതു നമുക്കെടുക്കാം.



എല്ലാ പടങ്ങളിലും അദ്ദേഹം അങ്ങനെ അഭിപ്രായം പറയാറില്ല. വിജയിക്കുമെന്നു തോന്നുന്ന പടങ്ങളിൽ മാത്രമാണ് അദ്ദേഹം അഭിപ്രായങ്ങൾ പറയാറുള്ളതെന്നു ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ കുറെ കോണ്‍ട്രിബ്യൂഷൻ ഇതിൽ വന്നിട്ടുണ്ട്. അവർ പറയുന്ന നിർദേശങ്ങൾ കൂടി ഉൾക്കൊണ്ടു ചെയ്ത പടമാണിത്. അതിന്‍റെ ചില പ്രയോജനങ്ങൾ പടത്തിനു കിട്ടിയിട്ടുണ്ട്. എല്ലാവരുംകൂടി ഉൾപ്പെട്ട ഒരു ടീംവർക്കാണു ചങ്ക്സ്.



ചങ്ക്സിനുശേഷമുള്ള സിനിമകൾ...?

കുറെ കാരക്ടേഴ്സും അവരുടെ ഫ്രണ്ട്ഷിപ്പും കുറേ തമാശകളുമൊക്കെയാണു ചങ്ക്സ്. എത്ര സീരീസ് വേണമെങ്കിലും എടുക്കാം. 2018 ജനുവരിയോടെ ചങ്ക്സിന്‍റെ രണ്ടാം ഭാഗം ഷൂട്ട് തുടങ്ങാനാകുമെന്നു കരുതുന്നു. ആ സിനിമയുടെ ഒൗട്ട് ലൈൻ മാത്രമേയുള്ളൂ ഇപ്പോൾ. ചങ്ക്‌സിലെ കഥാപാത്രങ്ങളെ ജനം എങ്ങനെ സ്വീകരിക്കുന്നുവെന്ന് കണ്ടിട്ടേയുള്ളൂ ചങ്ക്സ് - 2 ന്‍റെ എഴുത്തുപണികളിലേക്ക്. ദാസൻ-വിജയൻ, മാന്നാർ മത്തായി ഒക്കെ പോലെ ഒരു സീരീസ് പടം.

ഹാപ്പി വെഡ്ഡിംഗ് ഞാൻ തമിഴിൽ സംവിധാനം ചെയ്യുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് അതിന്‍റെ അനൗണ്‍സ്മെന്‍റ് ഉണ്ടാവും. തമിഴിൽ നിന്നുള്ള മുഖ്യ ആർട്ടിസ്റ്റുകളാവും ചിത്രത്തിൽ. സെപ്റ്റംബറിൽ തന്നെ ഷൂട്ട് തുടങ്ങാനാകുമെന്നു വിചാരിക്കുന്നു.



സുബ്രഹ്മണ്യപുരത്തിലൊക്കെ അഭിനയിച്ച ജയ് , റണ്‍, സാമി, ബോയ്സ് തുടങ്ങിയ പടങ്ങളിലൊക്കെയുള്ള പഴയ കോമഡി നടൻ വിവേക്, പുതിയ തലമുറയിലെ കോമഡി നടൻ സുരി തുടങ്ങിയവരൊക്കെ ഉണ്ടാവും. ഹാപ്പി വെഡ്ഡിംഗിൽ ഷറഫുദീൻ ചെയ്ത കാരക്ടറാണ് സുരി ചെയ്യുക. സൗബിൻ ചെയ്ത കാരക്ടറാണ് വിവേക് ചെയ്യുന്നത്. സിജു വിൽസണിന്‍റെ കാരക്ടർ ചെയ്യുന്നതു ജയ്. ഫീമെയിൽ കാരക്ടേഴ്സിനെ ഫിക്സ് ചെയ്തിട്ടില്ല. ഈ പടത്തിന്‍റെ പ്രമോഷൻ കൂടി കഴിയുന്നതോടെ ഹാപ്പി വെഡ്ഡിംഗ് സ്ക്രിപ്റ്റ് തമിഴിലേക്കു പരിഭാഷപ്പെടുത്തുന്ന ജോലികളിലേക്കു കടക്കും. തമിഴ് ഫ്ളേവറിലാവും സ്ക്രിപ്റ്റിംഗ്. അവിടെ നിന്നുള്ള രണ്ടുപേരാണു തമിഴ് സ്ക്രിപ്റ്റിംഗ് ചെയ്യുന്നത്.



ഹാപ്പി വെഡ്ഡിംഗ് തമിഴിനു ശേഷം ജനുവരിയോടെ ചങ്ക്സ് -2 അല്ലെങ്കിൽ പ്ലസ് ടു പിള്ളേരെ വച്ച് ചെയ്യാൻ റെഡിയായ മറ്റൊരു പ്രോജക്ട്. റാംജിറാവു സ്പീക്കിംഗ്, കിംഗ് ലയർ മുതലായ പടങ്ങളൊക്കെ പ്രൊഡ്യൂസ് ചെയ്ത ഒൗസേപ്പച്ചൻ വാളക്കുഴിയാണ് ആ പ്ലസ് ടു പടം നിർമിക്കുന്നത്. പടത്തിനു പേരിട്ടിട്ടില്ല. പ്ലസ് ടു പിള്ളേരെ ബേസ് ചെയ്ത് ഒരു ലവ് സ്റ്റോറി. പുതുമുഖങ്ങളായിരിക്കും അഭിനേതാക്കൾ. കാസ്റ്റിംഗ് കോൾ പോലും ആയിട്ടില്ല.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.