എന്‍റെ അഭിപ്രായമാണ് എന്‍റെ സിനിമകൾ: രഞ്ജിത് ശങ്കർ
Sunday, February 25, 2018 10:18 AM IST
മലയാള സിനിമയിൽ വിപ്ലകരമായ മാറ്റത്തിനു വഴിയൊരുക്കിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. സിനിമ വ്യവസായത്തിന്‍റെ നിർണായക കാലഘട്ടത്തിലാണ് 2009-ൽ പാസഞ്ചറുമായി രഞ്ജിത്ത് ശങ്കർ എത്തുന്നത്. പിന്നാലെ പുണ്യാളൻ അഗർബത്തീസ്, വർഷം, സുധിവാത്മീകം, പ്രേതം, രാമന്‍റെ ഏദൻ തോട്ടം എന്നിങ്ങനെ ഒന്പതോളം ചിത്രങ്ങൾ. പതിവു ചട്ടക്കൂടിൽ നിന്നുമാറി തന്‍റേതായ സിനിമകളാണ് ഈ സംവിധായകന്‍റെ ഓരോ സൃഷ്ടിയും. സമൂഹത്തിനോട് തന്‍റെ സിനിമകളിലൂടെയാണ് അദ്ദേഹം സംവദിക്കുന്നത്. അദ്ദേഹം ധൈര്യത്തോടെ പറയുന്നു "എന്‍റെ അഭിപ്രായമാണ് എന്‍റെസിനിമകൾ...'



സാമൂഹിക പ്രാധാന്യമുള്ള പല വിഷയങ്ങളാണ് തിയറ്ററിലെത്തിയ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ചർച്ച ചെയ്തത്. അത്തരത്തിൽ ഒരു സിനിമയുമായി എത്തിയതിനു പിന്നിൽ?

ഓരോ സിനിമയും അതിന്‍റേതായ സമയത്ത് പറയാൻ എനിക്കു തോന്നിയ വിഷയങ്ങളാണ്. നമ്മുടെ നാടിനെ വളരെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവും വലിയഗുണം ഫ്രീ പ്രസ്സാണ്. അതു അപൂർവം രാജ്യങ്ങളിൽ മാത്രമുള്ളതാണ്. എന്നാൽ ഇന്നു നമ്മുടെ രാജ്യത്തതുണ്ടോ എന്നതിൽ സംശയമുണ്ട്. നമ്മൾ അറിയാതെ നമ്മുടെ സ്വാതന്ത്ര്യം നഷ്ടമാകുന്നു. അതിൽ എനിക്കു വളരെ ദേഷ്യം തോന്നിയിരുന്നു. രാജ്യം വിട്ടു പോകണം എന്നുവരെ തോന്നിയിട്ടുണ്ട്. അതിന്‍റെയൊക്കെ ഫലമാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്. ഷൂട്ടു ചെയ്യുന്പോഴും ഇതു റിലീസ് ചെയ്യാൻ സാധിക്കുമോ എന്നെനിക്കു സംശയമുണ്ടായിരുന്നു. ഞാൻ പറയാൻ ആഗ്രഹിച്ച വിഷയങ്ങളെ ഒന്നിലേക്കു മാത്രം കേന്ദ്രീകരിക്കാതെ പൊതുജനത്തിന്‍റെ കണ്ണിലൂടെയാണ് പറയാൻ ശ്രമിച്ചത്. ഒരു തരത്തിൽ എന്‍റെ ആത്മ രോഷം ആ ചിത്രത്തിലൂടെ മാറി.




സമൂഹവുമായി ചേർന്നു നിൽക്കുന്ന വിഷയങ്ങളെ സിനിമയിലൂടെ പറയാനുള്ള മനപ്പൂർമായ ശ്രമമാണോ?

അതു മനപ്പൂർവമായി തെരഞ്ഞെടുക്കുന്നതല്ല. എന്‍റെ അവസാന രണ്ടു സിനിമകളെടുത്താൽ പൊതുജനാഭിപ്രായത്തിൽ പൊളിറ്റിക്കൽ സിനിമ പുണ്യാളനെന്നാകും. എന്നാൽ ഞാൻ പറയുന്നത് രാമന്‍റെ ഏദൻതോട്ടമാണ്. ഞാൻ കണ്ടിട്ടുള്ളതിൽ മലയാളത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കൽ സിനിമ ഇരകളാണ്. ഒരു വ്യക്തിക്കുള്ളിൽ നിന്നുമാണ് രാഷ്ട്രീയം ആരംഭിക്കുന്നത്. അതറിയുന്നതുകൊണ്ടു സാമൂഹിക പ്രതിബദ്ധതയ്ക്കായി ഞാൻ സിനിമ ചെയ്യാറില്ല. ഈ സിനിമ ചെയ്യണം എന്നുള്ളത് എന്‍റെ വലിയൊരു തീരുമാനമാണ്. എന്‍റെ സിനിമയുടെ പല ഉത്തരവാദിത്വങ്ങളിൽ ഞാനുണ്ട്. ഒരു കഥ തെരഞ്ഞെടുക്കുന്പോൾ അതിന്‍റെ വാണിജ്യഘടകം മാത്രം നോക്കിയാൽ എനിക്ക് ആ സിനിമ ചെയ്യാൻ സാധിക്കില്ല. എനിക്കിഷ്ടമുള്ള ഒരു കഥ പറയാനാണ് ശ്രമിക്കുന്നത്. അതിലൂടെ എനിക്കു സമൂഹത്തോടു പറയാനുള്ള കാര്യങ്ങളാണ് പറയുന്നത്. കാരണം എന്‍റെ മാധ്യമം സിനിമയാണ്. എന്‍റെ അഭിപ്രായങ്ങളാണ് എന്‍റെ സിനിമകൾ.



സമകാലിക സ്ത്രീകളുടെ കഥ പറഞ്ഞ ഏറെ ചർച്ചയായതാണ് രാമന്‍റെ ഏദൻ തോട്ടം. അതു ഒരു വെല്ലുവിളിയായിരുന്നില്ലേ?

ഒരു കഥ തെരഞ്ഞെടുക്കുന്പോൾ അതിന്‍റെ വിപണന സാധ്യതയും മനസിലുണ്ടാകും. ചിലപ്പോൾ അതെന്‍റെ മറ്റു ചിത്രങ്ങളെപോലെ ഓടില്ലായിരിക്കും. എങ്കിലും ആ കഥ പറയാനുള്ള നമ്മുടെ ഇഷ്ടമാണ് സിനിമ. സ്ത്രീ കേന്ദ്രീകൃത സിനിമകൾ എന്നതു വാണിജ്യപരമായി മാത്രം ചിന്തിക്കാനാവില്ല. കാരണം ഒരു നായക കേന്ദ്രീകൃത സിനിമയ്ക്കു കിട്ടുന്ന കളക്ഷൻ സ്ത്രീപക്ഷ സിനിമകൾക്കു കിട്ടണമെന്നില്ല. ഇവിടെത്തന്നെ മമ്മൂട്ടി, മോഹൻലാലിന്‍റെ ഓടിയ ഒരു സിനിമയുടെ കളക്ഷൻ മഞ്ജു വാര്യരുടെ സിനിമയ്ക്കോ സൽമാൻ ഖാന്‍റെ ഓടിയ സിനിമയുടെ കളക്ഷൻ വിദ്യാ ബാലന്‍റെ സിനിമയ്ക്കോ ഒരിക്കലും കിട്ടുന്നില്ല. അതിന്‍റെ കാരണം എന്തെന്നെനിക്കറിയില്ല. ഒരു പക്ഷെ, സ്ത്രീകളെല്ലാവരും സിനിമ കാണാത്തതാകാം. രാമന്‍റെ ഏദൻ തോട്ടം ചെയ്യുന്ന സമയത്ത് വലിയ റിസ്കായിരുന്നു. കാരണം പുരുഷന്മാർക്ക് ആ സിനിമ ഇഷ്ടപ്പെടില്ല. പിന്നെ സ്ത്രീകളിലും ഒരു മുപ്പതു വയസു കഴിഞ്ഞവർക്കാകും അതു മനസിലാകുന്നത്. അവരിൽ ഭൂരിഭാഗവും തിയറ്ററിൽ പോയി സിനിമ കാണില്ല. അപ്പോൾ വളരെ ചെറിയൊരു വിഭഗത്തിനുവേണ്ടി മാത്രമുള്ള ചിത്രമാണത്. എങ്കിലും ചിത്രം സാന്പത്തികമായി സുരക്ഷിതമായിരുന്നു. അതിനൊപ്പം ആ സിനിമ പലയിടത്തും ചർച്ചയായെന്ന വിജയവും എനിക്കുണ്ട്.




കൂട്ടുകെട്ടിനെ ആവർത്തിക്കുന്നത് സിനിമ ആവശ്യപ്പെടുന്നതുകൊണ്ടോ, നിർമ്മാതാവ് ആയതുകൊണ്ടുള്ള തന്ത്രമോ?

തന്ത്രമൊന്നുമല്ല. ഞാൻ ആദ്യം നിർമാതാവാകുന്നത് പൃഥ്വിരാജിനൊപ്പമാണ്. പിന്നീട് ജയസൂര്യ, മമ്മൂട്ടി, ചാക്കോച്ചൻ എന്നിവരുമായിട്ടും. അടിസ്ഥാനപരമായി കഥയാണ് താരങ്ങളെ ആവശ്യപ്പെടുന്നത്. ജയസൂര്യയുമായി അഞ്ചാമത്തെ സിനിമയാണു ചെയ്യാൻ പോകുന്നത്. കഴിഞ്ഞ നാലു തവണയും ജയൻ ആ സിനിമയിൽ അഭിനയിക്കുമെന്നു കരുതി ഒരുക്കിയ സിനിമയല്ല. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് പോലും വേറൊരു തിരക്കഥയിൽ മറ്റൊരു താരത്തിനെവെച്ചു ചെയ്യണമെന്നു കരുതിയതാണ്. പക്ഷേ, കറങ്ങിത്തിരിഞ്ഞ് ഇവിടെത്തന്നെ വന്നു. സു സു സുധി വാത്മീകം ഒരുപാട് അഭിനേതാക്കൾ ചെയ്യാമെന്നു പറഞ്ഞതാണ്. പക്ഷേ, പല സന്ദർഭങ്ങളിലൂടെ അതു ജയനിലേക്കെത്തുകയായിരുന്നു. പക്ഷേ, ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്ന സിനിമ "ഞാൻ മേരിക്കുട്ടി’ ജയനു മാത്രം ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. കാരണം അത്ര വലിയൊരു കഥാപാത്രമാണതിലുള്ളത്.



ഞാൻ മേരിക്കുട്ടിയുടെ പേരു സൂചിപ്പിക്കും പോലെ ഒരു സ്ത്രീപക്ഷ സിനിമയാണോ?

രാമന്‍റെ ഏദൻ തോട്ടത്തിനേക്കാൾ ഏറെ റിസ്കുള്ളൊരു ചിത്രമാണ്. പക്ഷേ, ഇപ്പോൾ ആ കഥ പറയണ്ട സമയമാണ്. സീരിയസായൊരു വിഷയമുണ്ടതിൽ. ഒരുപക്ഷെ, അത്തരമൊരു കഥ ഇന്ത്യൻ സിനിമയിൽ പോലും കൂടുതൽ ചർച്ചയായിട്ടില്ല. ഒരോ സിനിമയും എടുത്തു ചാട്ടമാണ്. അതുകൊണ്ടു തന്നെ ഈ ചിത്രം നീട്ടിവെച്ചാൽ പിന്നീടിതു ചെയ്യാനുള്ള ധൈര്യം പോകും. ഓരോ സിനിമയും അതിന്‍റേതായ സമയത്തുണ്ടാകുന്നു. സിനിമയുടെ വിജയത്തെക്കുറിച്ച് നമുക്കറിയില്ല. പക്ഷേ, ഞാൻ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണത്. ഓരോ സിനിമ ചെയ്യുന്പോഴും ലാഭത്തിനേക്കാൾ നഷ്ടത്തിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കുന്നതുതന്നെ. "വർഷം’ മാത്രമാണ് അഞ്ചു വർഷത്തോളം കാത്തിരുന്നുചെയ്തത്. കാരണം അതു മമ്മൂക്ക ചെയ്യേണ്ട സിനിമയാണ്. നമ്മൾ സിനിമ ചെയ്യുന്ന ഈ കാലഘട്ടിൽ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. അവരെവെച്ച് ഒരു സിനിമയെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ട്. ഇനി മോഹൻലാലുമായി ഒരു സിനിമ ചെയ്യണമെന്നുണ്ട്. അദ്ദേഹത്തിനായി ഒരു തിരക്കഥ മാറ്റിവച്ചിട്ടുണ്ട്. സംഭവിക്കുമോ എന്നു നോക്കാം.



സ്വന്തമായിട്ടാണ് എല്ലാ ചിത്രങ്ങൾക്കും എഴുതുന്നത്. എഴുത്തിന്‍റെ വഴികളെങ്ങനെയാണ്?

അടിസ്ഥാനപരമായി ഞാനൊരു എഴുത്തുകാരനാണ്. എന്‍റെ എഴുത്തിന്‍റെ രൂപമാണ് സിനിമ. ഒരു പൂർത്തിയായ തിരക്കഥയുമായി സിനിമ ചെയ്യുന്നയാളല്ല ഞാൻ. മേരിക്കുട്ടി എന്ന ചിത്രത്തിന്‍റെ ഒരു വണ്‍ലൈൻ മാത്രമാണ് ഇപ്പോൾ പൂർത്തിയായത്. എന്‍റെ എഴുത്ത് വളരെ വേഗമാണ്. വീട്ടിലിരുന്നു രണ്ടു ദിവസം കൊണ്ട് ഒരു സിനിമ എഴുതി തീർക്കും. എഴുതി തീർക്കുന്നതാകില്ല സിനിമയാകുന്നത്. സംവിധാനമെന്നത് പലതും ഒത്തു ചേരുന്നതാണെങ്കിൽ എഴുത്തെന്നത് ഒരു വരദാനമാണ്.

ഓരോ സിനിമയുടേയും ചിത്രീകരണത്തിന് ഒരാഴ്ചമുന്പ് എനിക്കുള്ളിൽ ഒരു മാറ്റം വരും. മനസ് ഒരു സംഘർഷവുമില്ലാതെയിരിക്കുന്ന ആ പുലർകാലങ്ങളിൽ ഞാനെന്‍റെ സിനിമയെക്കുറിച്ച് ചിന്തിക്കും. ഒരുപാട് വിഷ്വൽസ് മനസിൽ വരും. എഴുതിയതിനെ മാറ്റിയെഴുതും. സിനിമ തുടങ്ങുന്പോൾ തന്നെ എഴുതിയതു മാറും. ഷൂട്ടിംഗ് സെറ്റിലും എപ്പോഴും ഒരു പേനയുമായി എഴുത്തിലായിരിക്കും ഞാൻ. കാരണം ഓരോ നിമിഷവും പുതിയ മാറ്റങ്ങൾ ആ സിനിമയിൽ സംഭവിക്കാം. ഇനി എഡിറ്റിംഗിലേക്കെത്തുന്പോൾ ഒരുപാട് സമയം വേണം. ആദ്യം മനസിൽ കണ്ടിരുന്ന പാറ്റേണായിരിക്കില്ല അവിടെത്തുന്പോൾ മനസിലുള്ളത്. ഒരു മാസം കൊണ്ടു ഷൂട്ടിംഗ് പൂർത്തിയാക്കുന്ന ചിത്രത്തിന് 60 ദിവസത്തോളം പോസ്റ്റ് പ്രൊഡക്ഷൻ വർക്കു വേണ്ടിവരും. എഴുത്തെന്നു പറയുന്നത് സിനിമയുടെ അടിസ്ഥാനമാണ്. അതിൽ നിന്നും പലഘട്ടത്തിലൂടെയാണ് സിനിമയാകുന്നത്.



സിനിമയിൽ മാത്രമായി എഴുത്ത് ഒതുങ്ങിപ്പോകുന്നുണ്ടെന്നു തോന്നുമോ?

അങ്ങനെ തോന്നിയിട്ടില്ല. കാരണം ഞാൻ സിനിമയ്ക്കു വേണ്ടി മാത്രമാണെഴുതുന്നത്. സാഹിത്യകാരൻ എന്നതിനപ്പുറം ഞാൻ ഒരു സിനിമ എഴുത്തുകാരൻ മാത്രമാണ്.

നിർമ്മാതാവാകുന്ന സ്വാതന്ത്ര്യം സംവിധായകൻ എന്ന നിലയിൽ സഹായകരമാണോ?

ഞാൻ നിർമിച്ച ഒരു സിനിമയ്ക്കും മറ്റൊരു നിർമാതാവും പണം മുടക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ട് അതെനിക്കൊരു ബാധ്യതയായി തോന്നിയിട്ടില്ല. പൈസയ്ക്കു വേണ്ടി ഒരു സിനിമയും ഞാൻ എടുത്തിട്ടില്ല. ഒരുപക്ഷെ ഞാൻ നിർമ്മാതാവായിരുന്നില്ലെങ്കിൽ ഒരുപാട് ദാരിദ്യ്രത്തിൽ ജീവിക്കേണ്ടി വന്നേനേ. കണക്കുപറഞ്ഞ് പൈസ ചോദിക്കാറില്ല. സിനിമയാണ് എനിക്കു പൈസ തന്നിട്ടുള്ളത്. സിനിമ നന്നാക്കാനാണ് ശ്രമിക്കുന്നത്. ഒരു കഥ എഫക്ടീവായി അതിന്‍റെ ബജറ്റിൽ പറയുക എന്നതാണ് പ്രധാന്യം. അതിനെ ചെറിയ ബജറ്റിലോ കൂടുതൽ ചെലവിലോ ചെയ്താൽ ആ ഗുണം കിട്ടില്ല. ബജറ്റ് ഇല്ലെങ്കിൽ ആ സ്ക്രിപ്റ്റ് മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ പാസഞ്ചർ പോലൊരു സിനിമ എനിക്കു ചെയ്യാൻ സാധിക്കില്ല. ആദ്യ സിനിമ ചെയ്യുന്പോൾ നമുക്ക് ഒന്നുമറിയില്ല. പക്ഷേ, ഇപ്പോൾ കഥ മനസിലേക്കെത്തുന്പോൾ അതിന്‍റെ ബിസിനസിനെക്കുറിച്ചുള്ള ചിന്ത ആദ്യമുണ്ടാകും. പാസഞ്ചർ ചെയ്യുന്പോഴുള്ള ഒരു സത്യസന്ധത ഇനിയുള്ള സിനിമകളിൽ കാണില്ല. കാരണം ഒരു സിനിമയുടെ പല കാര്യങ്ങളെക്കുറിച്ച് എനിക്കിപ്പോൾ ധാരണയുണ്ട്.



നിർമ്മാതാവായി എല്ലാ ചിത്രങ്ങളിലുമുണ്ട്. എങ്ങനെയാണ് അത്തരമൊരു തീരുമാനത്തിലേക്കെത്തിയത്?

പ്രൊഡക്ഷൻ കന്പനി മൂന്നാമത്തെ ചിത്രത്തിൽ തുടങ്ങാൻ തന്നെ കാരണം അർജുനൻ സാക്ഷിയുടെ പരാജയമാണ്. അതു നിർമാതാവിനു നഷ്ടമുണ്ടാക്കി. അന്നു ഞാൻ തീരുമാനിച്ചതാണ് ഇനി സിനിമ ചെയ്യുന്നില്ലെന്ന്. പക്ഷേ, പൃഥ്വിരാജാണ് നിർബന്ധിച്ച് അടുത്ത സിനിമ ചെയ്യാമെന്നു പറഞ്ഞത്. അങ്ങനെയാണ് നിർമാതാവാകുന്നത്. ഒരു നടന്‍റെ ഡേറ്റിനനുസരിച്ച് സിനിമ ചെയ്യാൻ സാധിക്കില്ല. സിനിമാ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുന്പോൾ എന്‍റെ ഓരോ സിനിമയും എന്‍റെ ഇഷ്ടത്തിനു ചെയ്തവയാണ്. ഒരു കഥയ്ക്കു വലിയൊരു താരം തയാറാണെങ്കിലും എനിക്കതു പറ്റില്ലെങ്കിൽ ആ സിനിമ ചെയ്യില്ല. ചിലപ്പോൾ അതു ശരിയാകും തെറ്റാകും. എന്‍റെ രീതിയിൽ ചെയ്യുന്ന സിനിമയെ ഞാൻ നിർമിച്ച് വിതരണം ചെയ്ത മാർക്കറ്റിലെത്തിക്കുന്നു.



സിനിമയിലൂടെ പലതും പറയുന്പോഴും സിനിമയ്ക്കുള്ളിലെ പല വിഷയങ്ങളെക്കുറിച്ചു നിശബ്ദനായിരുന്നോ?

എനിക്കു പറയേണ്ട കാര്യങ്ങൾ ഞാൻ പറയുന്നതു സിനിമയിലൂടെയാണ്. പിന്നെ മറ്റൊരാളുടെ സ്വകാര്യതയിൽ കയറി പറയണ്ട കാര്യമെനിക്കില്ല. സിനിമയിൽ എനിക്കു തോന്നിയ ഒരു കാര്യമാണ് തിയറ്ററിലെ ദേശീയഗാനത്തിനെക്കുറിച്ചുള്ളത്. അത് എന്നെ ബാധിച്ച വിഷയമാണ്. അതിനെക്കുറിച്ച് എന്‍റെ സിനിമയിലൂടെ പറഞ്ഞു. സത്യത്തിൽ നമ്മളിന്നു ചർച്ച ചെയ്യുന്ന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണോ എന്നതാണ് ചിന്തിക്കേണ്ടത്. പിന്നെ ഏതൊരാൾക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ആരെയും അനാവശ്യമായി വേദനിപ്പിക്കാൻ എനിക്കു താല്പര്യമില്ല.



ഞാൻ മേരിക്കുട്ടിക്കു ശേഷമാണോ പൃഥ്വിരാജുമായുള്ള സിനിമ?

ഉടൻ ചെയ്യുന്നത് മേരിക്കുട്ടിയാണ്. അതിനു ശേഷം രാജുവിനൊപ്പമുള്ളതാകുമോ എന്നു പറയാനാവില്ല. എങ്കിലും രാജുവിനൊപ്പമുള്ള ആ സിനിമ ചെയ്യുമെന്നതു സത്യമാണ്. ഒരു സിനിമ കഴിയുന്പോൾ അതു മനപ്പൂർവമായി മറന്ന് അടുത്ത സിനിമയിലാണ് എന്‍റെ ആലോചന. ആ സിനിമയുടെ വിജയപരാജയം വ്യക്തിപരമായി എന്ന ബാധിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. തൊട്ടുമുന്പത്തെ സിനിമ പുതിയതിനെ സ്വാധീനിക്കരുത്. അതുകൊണ്ടാണ് ഓരോ സിനിമയ്ക്കു ശേഷം മാത്രം അടുത്ത സിനിമയെക്കുറിച്ചു ഞാൻ അനൗണ്‍സ് ചെയ്യുന്നത്.



വിതരണ രംഗത്തേക്കെത്തുന്നതിനു കാരണമെന്തായിരുന്നു?

സിനിമയുടെ പ്രൊഡക്ഷനും സംവിധാനവുമൊക്കെ ചെയ്യുന്പോഴും വിതരണം വളരെ പ്രയാസകരമായ പ്രയത്നമായിരുന്നു. അതിലേക്കുള്ള താല്പര്യവും പുതിയ കാര്യം ചെയ്യുന്പോഴുള്ള ആവേശവുമൊക്കെയാണ് വിതരണത്തിലേക്കെ ത്തി ക്കുന്നത്. മറ്റൊരാളുടെ സിനിമയുടെ നിർമ്മാതാവാകാൻ എനിക്കു സാധിക്കില്ല. എങ്കിലും പുതിയൊരാളുടെ സിനിമയെ നല്ല രീതിയിൽ വിതരണം ചെയ്യാൻ സാധിക്കുമെങ്കിൽ അതൊരു സപ്പോർട്ടാകുമല്ലോ.

കഥയെ തേടിപ്പോവുകയാണോ, അതോ കഥ താങ്കളെ തേടി വരുകയാണോ ചെയ്യുന്നത് ?

നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ കണ്ണും കാതും മനസും തുറന്നുവച്ചിരിക്കുന്നയാണാണ് ഞാൻ. മറ്റുള്ളവരെ എനിക്കിഷ്ടമാണ്. അപ്പോൾ പലയിടത്ത് പോകുന്പോൾ, ആൾക്കാരെ കാണുന്പോൾ, വായിക്കുന്പോൾ, സിനിമ കാണുന്പോഴോക്കെയുള്ള സ്വാധീനത്തിൽ നിന്നുമാണ് എന്‍റെ ഓരോ സിനിമയും എത്തുന്നത്. ഒരു സംഭവമോ കഥയോ മനസിൽ വന്നാൽ അതിനെക്കുറിച്ച് ആലോചിക്കും. പക്ഷേ, ഇപ്പോൾ അതിന്‍റെ വാണിജ്യഘടകവും മനസിലെത്തും. കഥ നമ്മുടെ ചുറ്റുമുണ്ട്. അതിനെ കാണാൻ ശ്രമിക്കുന്നു.



സംവിധായകനായി പത്തു വർഷത്തോളമാകുന്നു. സിനിമയിലേക്കുള്ള വഴികളെങ്ങനെയായിരുന്നു?

സിനിമയിൽ സംവിധായകനേക്കാൾ എഴുത്തുകാരനാകാൻ ആഗ്രഹിച്ച വ്യക്തിയാണ്. പല സംവിധായകരേയും കണ്ടു കഥ പറഞ്ഞെങ്കിലും തിരക്കഥാകൃത്താകാനുള്ള ശ്രമമൊന്നും നടന്നില്ല. അങ്ങനെയാണ് സീരിയിലിനുവേണ്ടിയുള്ള എഴുത്തു തുടങ്ങുന്നത്. കംപ്യൂട്ടർ എൻജിനിയറിംഗ് ജോലിക്കൊപ്പമാണ് എഴുത്ത്. നിഴലുകൾ എന്ന സീരിയലാണ് ആദ്യമെഴുതിയത്. അതു വളരെ വിജയമായി. പിന്നെ ദിവസം രണ്ടു എപ്പിസോഡുവീതം എഴുതുന്ന അവസ്ഥയിലേക്കുവരെ വന്നു. എഴുത്തിനോടു വെറുപ്പു തോന്നിത്തുടങ്ങയപ്പോൾ സീരിയലെഴുത്ത് നിർത്തി. സീരിയലിനെ അപേക്ഷിച്ച് സിനിമ എഴുത്തുകാരനേക്കാൾ സംവിധായകന്‍റെ മീഡിയമാണെന്നെനിക്കു മനസിലായി. പിന്നെ ഞാൻ എഴുതുന്നതിനെ അതേപോലെ ചിന്തിക്കുന്ന സംവിധായകരില്ല. പാസഞ്ചർ പോലും പല സംവിധായകർക്കും ചിന്തിക്കാനാവുന്നതല്ലായിരുന്നു. അങ്ങനെ എന്‍റെ കഥ പറയാൻ ഞാൻ തന്നെ സംവിധായകനാകണമെന്നുള്ള ആഗ്ര ഹമുണ്ടാകുന്നത്. പക്ഷേ, ജോലി കളഞ്ഞുപോയി സിനിമ പഠിക്കാനും സാധിക്കില്ല. പിന്നെ സിനിമയിലെ പരിചയം വെച്ച് എറണാകുളത്തു ഷൂട്ടിംഗ് നടക്കുന്നിടത്തു ചെന്ന് സിനിമ കണ്ടു പഠിക്കാൻ തുടങ്ങി. ഒരു വർഷത്തോളമങ്ങനെയായിരുന്നു. അവിടെ നിന്നുമാണ് സംവിധാനരംഗത്തേക്കെത്തുന്നത്.



മലയാളത്തിൽ ഹിറ്റുകൾ സൃഷ്ടിക്കുന്പോൾ മറ്റു ഭാഷകളിലേക്ക് അവസരങ്ങൾ വന്നു കാണുമല്ലോ?

നിരവധി അവസരങ്ങൾ വന്നിട്ടുണ്ട്. എന്‍റെ തന്നെ ചിത്രങ്ങളെ അവിടെ റീമേക്കു ചെയ്യാൻ വിളിച്ചതാണ്. അതൊക്കെ ഞാൻ നിരസിച്ചതാണ്. അന്യഭാഷകളിലേക്കോ അവിടെ നിന്നും മലയാളത്തിലേക്കോ റീമേക്കു ചെയ്യാൻ ഞാനിഷ്ടപ്പെടുന്നില്ല. എനിക്കുപറയാനുള്ള കഥയ്ക്കു ഇവിടെ സ്പേസുണ്ട്. അതി ഞാൻ സന്തുഷ്ടനാണ്.

മലയാളത്തിന് ഇപ്പോൾ വലിയൊരു നായകനിരയുണ്ട്. അവരിലേക്കു ശ്രദ്ധിക്കാത്തതാണോ?

ഓരോ സിനിമകളും എന്‍റേതായ രീതിയിലാണ് ചെയ്യുന്നത്. ഒരാളോടു നമ്മൾ കഥ പറയുന്പോൾ എനിക്കുള്ള താല്പര്യം അവർക്കും തോന്നണം. എങ്കിൽ മാത്രമെ ആ കഥയുമായി ഞാൻ മുന്നോട്ടു പോവുകയുള്ളു. പിന്നെ എനിക്കു ചില സമയ പരിമിധിയും കാലഘട്ടവുമുണ്ട്. അതിനനുസരിച്ച ചെയ്യണം. മമ്മൂട്ടിയുടെ വർഷത്തിനു കാത്തിരിപ്പുണ്ടായെങ്കിലും സമയവും കാലഘട്ടവും അനുയോജ്യമായിരുന്നു. എന്നെ ആവേശംകൊള്ളിക്കുന്ന സമയം എന്‍റെ ഓരോ കഥയിലും നിർണായകമാണ്. അപ്പോൾ ഞാൻ സമീപിക്കുന്ന താരത്തിന് അപ്പോൾ അതു പറ്റില്ലെങ്കിൽ ആ കഥാപാത്രത്തിനു യോജിക്കുന്ന മറ്റൊരു താരത്തിനെ കണ്ടെത്തും. പിന്നെ എല്ലാവരോടൊത്തും എന്‍റെ രീതിയിലുള്ള സിനിമ ചെയ്യണമെന്നാഗ്രഹമുണ്ട്.



സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പുരസ്കാര നേട്ടങ്ങളെ എങ്ങനെ കാണുന്നു?

വ്യക്തിപരമായി ഞാൻ പുരസ്കാരങ്ങളെ ശ്രദ്ധിക്കാറില്ല. പക്ഷേ, എന്‍റെ സിനിമകൾ ഞാൻ അവാർഡിന് അയയ്ക്കാറുണ്ട്. കാരണം അതിൽ ഒരുപറ്റം കലാകാരന്മാരുണ്ട്. അവർക്ക് അർഹതയുണ്ടെങ്കിൽ അതു കിട്ടാൻ എന്‍റെ ചിത്രങ്ങൾ കാരണമാകുന്നത് നല്ല കാര്യമാണ്. അതുപോലെതന്നെ എന്‍റെ സിനിമകളുടെ റിവ്യൂസും ഞാൻ ശ്രദ്ധിക്കാറില്ല. അതിന്‍റെ തലക്കെട്ടും സ്റ്റാറുകളുടെ എണ്ണവും നോക്കിയാണ് ഷെയർ ചെയ്യുന്നത്. സിനിമ റിവ്യൂ വായിച്ചിട്ടു തന്നെ അഞ്ചു വർഷത്തിലധികമാകുന്നു. കാരണം അതു വായിക്കുന്നതുകൊണ്ട് എനിക്കൊരു പ്രയോജനവുമില്ല. ഇന്നു പല ഓണ്‍ലൈൻ പോർട്ടലുകൾക്കും റിവ്യുസും സ്റ്റാറും ബിസിനസാണ്. പക്ഷേ, അതിൽ ഞാൻ വിശ്വസിക്കുന്നില്ല. കാരണം പുരസ്കാരങ്ങളും അഭിനന്ദനങ്ങളും നമ്മളെ യാണ് തേടിവരേണ്ടത്. കിട്ടിയാലും ഇല്ലെങ്കിലും സന്തോഷം. ഒരു സിനിമയ്ക്കു ശേഷം അതെന്‍റെ മനസിലില്ല. അതു ഞാൻ എല്ലാവർക്കും കാണാനായി മുന്നിലേക്കു വെച്ചു കൊടുത്തതാണ്. അതെന്നുമുണ്ടാകും. അതിലാണ് എന്‍റെ ആനന്ദം.

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.