പൃഥ്വിയുടെ ആദംജോണിലെ മനോഹരഗാനമെത്തി
Saturday, August 12, 2017 8:34 AM IST
പൃഥ്വിരാജിനെ നായകനായി ജിനു വി. എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണ്‍ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തു വന്നു. ഈ കാറ്റ് എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക് ആണ്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ദീപക് ദേവ് സംഗീതം പകരുന്നു. പൃഥ്വിക്കൊപ്പം നായികമാരായ ഭാവന, മിസ്റ്റി ചക്രവർത്തി എന്നിവരും ഗാനത്തിലെത്തുന്നു.

പൃഥ്വിരാജിനൊപ്പം നരേനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പ്രണയവും പ്രതികാരവും പ്രമേയമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും വിദേശത്തായിരുന്നു. മുണ്ടക്കയംകാരനായ ആദം ജോണ്‍ പോത്തൻ എന്ന പ്ലാന്‍ററുടെ വേഷത്തിലാണ് പൃഥ്വിരാജ് ഈ ചിത്രത്തിലെത്തുന്നത്. സിദ്ധാർഥ് ശിവ, രാഹുൽ മാധവ്, ലെന, ജയ മേനോൻ എന്നിവരും ചിത്രത്തിലുണ്ട്.

പ്രശസ്ത തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധായക വേഷമണിയുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച് ശ്രദ്ധേയനാണ് ജിനു എബ്രഹാം. കൈതപ്രം, റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. ജയ്‌രാജ് മോഷൻ പിക്ചേഴ്സും ബി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രഞ്ജി പണിക്കർ എന്‍റർടെയ്ന്‍റ്മെന്‍റ്സ് ഓണക്കാലത്ത് തിയറ്ററുകളിലെത്തിക്കും. നിർമ്മാണ വിതരണ രംഗത്ത് സജീവമാകുന്ന രഞ്ജി പണിക്കർ എന്‍റർടെയ്ന്‍റ്മെന്‍റ്സിന്‍റെ ആദ്യമലയാള ചിത്രമാണ് ആദം ജോണ്‍.