ബന്ധങ്ങളുടെ ഇഴയടുപ്പവുമായി വിജയ്ബാബുവിന്‍റെ "കാൻവാസ്'
Thursday, September 7, 2017 6:59 AM IST
നടനും നിർമാതാവുമായ വിജയ് ബാബു പ്രധാനവേഷത്തിലെത്തിയ "കാൻവാസ്' എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. നിഷാന്ത് പിള്ള കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ഈ ചിത്രം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള നിർവ്യാജമായ അടുപ്പത്തെ കുറിച്ചാണ് പറയുന്നത്. ഗാര്‍ഹിക പീഡനം മൂലമുള്ള വൈകാരിക അരക്ഷിതത്വം വളർന്നു വരുന്ന കുട്ടികളുടെ മനസിനെ എങ്ങനെ ബാധിക്കുന്നു എന്നും ഈ ചിത്രം കാട്ടി തരുന്നുണ്ട്.

വിജയ് ബാബുവിനൊപ്പം അഞ്ജലി നായർ, എൻ.പി നിസ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനൂപ് വി. ശൈലജ ഛായാഗ്രഹണവും വിഷ്ണു വേണുഗോപാൽ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. പ്രണവം മധു സംഗീതം നൽകിയ "മഴ കണ്ടു ഇരുന്നപ്പോൾ ഒരു മഴക്കാലം" എന്ന് തുടങ്ങുന്ന ഒരു മനോഹര ഗാനവും ഈ ചിത്രത്തിലുണ്ട്. ബി ജനാർദ്ദനൻ പിള്ള രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ സരിത രാജീവാണ്. അമൃതേഷ് വിജയനും ലിബിൻ ജോസഫും കൂടിയാണ് പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

തുഷാര ലാലു, സജിത്ത് യുസുഫ്, നന്ദകുമാർ, പ്രഘോഷ്‌ എന്നിവർ ചേർന്നാണ് ഗ്രാമം ഡോട്ട് കോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.