"സീതാകല്യാണം...' സോലോയിലെ മനോഹരഗാനമെത്തി
Thursday, September 7, 2017 9:51 PM IST
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നായകനാക്കി മലയാളത്തിലൊരുക്കുന്ന പുതിയ ചിത്രമായ സോലോയിലെ പുതിയ ഗാനമെത്തി. "സീതാകല്യാണം' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കൽ‌ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ദുൽഖറിനൊപ്പം നായിക നേഹ ശർമയാണ് ഗാനത്തിലെത്തുന്നത്.

സംഗീത് രവീന്ദ്രൻ, സൂരജ് എസ്. കുറുപ്പ് എന്നിവരുടെ വരികൾക്ക് സൂരജ് എസ്. കുറുപ്പ് സംഗീതം നല്കുന്നു. രേണുക, അരുൺ, സൂരജ് എസ്. കുറുപ്പ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളത്തിലും തമിഴിലുമാണ് റൊമാന്‍റിക് ചിത്രമായ സോലോ ഒരുക്കുന്നത്. കബാലി നായിക ധൻസിക ആദ്യമായി മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ ആൻ അഗസ്റ്റിൻ, ശ്രുതി ഹരിഹരൻ, ആരതി വെങ്കിടേഷ്, ആശ ജയറാം തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ബിജോയുടെ തന്നെ നിർമാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്‌തമായാണു ചിത്രം നിർമിക്കുന്നത്.